ദുബായില്‍ നിന്ന് ഷാ‍ർജയിലേക്ക് 12 മിനിറ്റ്, പുതിയ റോഡ് പദ്ധതിക്ക് ദുബായ് ആർടിഎ അംഗീകാരം

ദുബായില്‍ നിന്ന് ഷാ‍ർജയിലേക്ക് 12 മിനിറ്റ്, പുതിയ റോഡ് പദ്ധതിക്ക് ദുബായ് ആർടിഎ അംഗീകാരം

ദുബായില്‍ നിന്ന് ഷാർജയിലേക്കെത്താനുളള സമയം കുറയ്ക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന റോഡ് പദ്ധതിയ്ക്ക് ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റി അംഗീകാരം നല്‍കി. ഷെയ്ഖ് സായിദ് റോഡിലും ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിനുമിടയിലാണ് പുതിയ പാലങ്ങളുള്‍പ്പടെയുളള റോഡ് പദ്ധതി നടപ്പിലാക്കുന്നത്. ഗാർൺ അൽ സബ്ക സ്ട്രീറ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ് ഇന്‍റർസെക്ഷന്‍ നവീകരണത്തിന് ആർടിഎ കരാർ ഒപ്പുവച്ചു. മണിക്കൂറില്‍ 17,600 വാഹനങ്ങള്‍ കടന്നുപോകാന്‍ ശേഷിയുളള നാല് പാലങ്ങളുടെ നിർമ്മാണം ഉള്‍പ്പടെയാണ് പദ്ധതി. 374 മില്ല്യണ്‍ ദിർഹമാണ് പദ്ധതിയുടെ ചെലവ് പ്രതീക്ഷിക്കുന്നത്.

ഷെയ്ഖ് സായിദിനെയും ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിനെയും ബന്ധിപ്പിക്കുന്ന ഗാർൺ അൽ സബ്ഖ സ്ട്രീറ്റ് നവീകരണത്തിന്‍റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് ആർടിഎ ഡയറക്ടർ ജനറല്‍ മാതർ അല്‍ തായർ പറഞ്ഞു. ഷെയ്ഖ് സായിദ് റോഡ്, ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ്, ഫസ്റ്റ് അൽ ഖൈൽ സ്ട്രീറ്റ്, അൽ അസയേൽ സ്ട്രീറ്റ് എന്നിവിടങ്ങളിലൂടെയുളള ഗതാഗതം സുഖമമാക്കുകയാണ് ലക്ഷ്യം.

ഗാർൺ അൽ സബ്ക സ്ട്രീറ്റിൽ നിന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലേക്കുമുളള ഗതാഗതസമയം അൽ ഖിസൈസ് ഷാർജ ദിശയില്‍ 40 ശതമാനം കുറയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരക്കുളള സമയങ്ങളില്‍ യാത്ര സമയം 20 മിനിറ്റില്‍ നിന്നും 12 മിനിറ്റായി കുറയും. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ നിന്ന് വലത്തോട്ട് ജബൽ അലി തുറമുഖത്തിന്‍റെ ദിശയിലുള്ള അൽ യലായിസ് റോഡിലേക്കുള്ള വാഹനങ്ങളുടെ യാത്രാ സമയം 21 മിനിറ്റിൽ നിന്ന് ഏഴ് മിനിറ്റായി കുറയ്ക്കുകയും ചെയ്യും.

960 മീറ്റർ നീളമുള്ള ആദ്യ പാലം ഗാർൺ അൽ സബ്ഖ സ്ട്രീറ്റിന്‍റെയും അൽ അസയേൽ സ്ട്രീറ്റിന്‍റെയും ഇടയിലായിരിക്കും. മണിക്കൂറില്‍ 8000 വാഹനങ്ങള്‍ ഇരുവശങ്ങളിക്കും കടന്നുപോകാവുന്ന തരത്തിലായിരിക്കും നിർമ്മാണം. ഷെയ്ഖ് സായിദ് റോഡിനും ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിനുമിടയിൽ ഗതാഗതം സുഗമമാക്കും.ഗാർൺ അൽ സബ്ഖ സ്ട്രീറ്റിൽ നിന്ന് അല്‍ ഖിസൈസ്, ഷാ‍ർജ ദിശയില്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അറോഡിലേക്ക് പോകുന്ന രണ്ട് വരിപ്പാതയുളള 660 മീറ്റർ പാലമാണ് രണ്ടാമത്തേത്. മണിക്കൂറിൽ 3,200 വാഹനങ്ങൾക്ക് കടന്നുപോകാൻ ഈ പാലത്തിന് കഴിയും.ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ നിന്ന് ജബൽ അലി തുറമുഖത്തിന്‍റെ ദിശയിലുള്ള അൽ യലായിസ് റോഡിലേക്ക് പോകുന്ന 700 മീറ്റർ നീളമുളള രണ്ടുവരിപ്പാലമാണ് മൂന്നാമത്തേത്. മണിക്കൂറില്‍ 3200 വാഹനങ്ങളെ ഉള്‍ക്കൊളളാന്‍ കഴിയുന്നതാണ് പാലം. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ നിന്ന് ദുബായ് പ്രൊഡക്ഷൻ സിറ്റിയിലേക്കുള്ള സർവീസ് റോഡിലേക്കുള്ള ഗതാഗതം സുഗമമാക്കുന്നതിനായി 680 മീറ്റർ നീളമുളള രണ്ട് വരിപ്പാലവും നിർമ്മിക്കും. മണിക്കൂറിൽ 3,200 വാഹനങ്ങൾക്ക് സഞ്ചരിക്കാനുള്ള ശേഷിയുളളതായിരിക്കും ഈ പാലമെന്നും മാതർ അല്‍ തായർ പറഞ്ഞു.തെരുവുവിളക്കുകള്‍, ഗതാഗത സിഗ്നലുകള്‍, മഴവെളള-ജലസേചന ശൃംഖലകള്‍ എന്നിവയ്ക്കൊപ്പം 7 കിലോമീറ്റർ റോഡ് നവീകരണവും പദ്ധതിയില്‍ ഉള്‍പ്പെടുന്നു. പദ്ധതിയുടെ പൂർത്തീകരണ തീയതി പ്രഖ്യാപിച്ചിട്ടില്ല.

Related Stories

No stories found.
logo
The Cue
www.thecue.in