ഈദ് അവധി: ദുബായിലെ സൗജന്യപാ‍ർക്കിംഗ് അറിയാം

ഈദ് അവധി: ദുബായിലെ സൗജന്യപാ‍ർക്കിംഗ് അറിയാം

ഈദ് അവധി ദിനങ്ങളോട് അനുബന്ധിച്ച് ദുബായിലെ സൗജന്യപൊതുപാർക്കിംഗ് സമയക്രമം ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റി പ്രഖ്യാപിച്ചു. മള്‍ട്ടി ലെവല്‍ പാർക്കിംഗ് ടെർമിനലുകളിലൊഴികെ റമദാന്‍ 29 അതായത് ഏപ്രില്‍ 20 വ്യാഴാഴ്ച മുതല്‍ ശവ്വാല്‍ 3 വരെ പാർക്കിംഗ് സൗജന്യമായിരിക്കും.

വ്യാഴാഴ്ചയാണ് മാസപ്പിറവി നിരീക്ഷിക്കാന്‍ ചാന്ദ്രനിരീക്ഷണ കമ്മിറ്റിയോഗം ചേരുന്നത്. വെളളിയാഴ്ചയാണ് ഈദുല്‍ ഫിത് റെങ്കില്‍ ഞായറാഴ്ചവരെയായിരിക്കും സൗജന്യ പാർക്കിംഗ് ലഭിക്കുക. അതേസമയം ശനിയാഴ്ചയാണ് ഈദുല്‍ ഫിത്റെങ്കില്‍ തിങ്കളാഴ്ച വരെ സൗജന്യ പാർക്കിംഗ് സേവനം ലഭിക്കും.

മെട്രോ ട്രാം സമയക്രമത്തിലും മാറ്റം

ദുബായ് മെട്രോയുടെ റെഡ് ഗ്രീന്‍ സ്റ്റേഷനുകളിലെ ട്രെയിനുകളുടെ സമയക്രമത്തിലും മാറ്റമുണ്ട്. വ്യാഴം മുതല്‍ ശനിവരെ രാവിലെ അഞ്ച് മുതല്‍ രാത്രി ഒരുമണിവരെയാണ് മെട്രോ പ്രവർത്തിക്കുക. ഞായറാഴ്ച രാവിലെ എട്ടുമുതല്‍ രാത്രി ഒരുമണിവരെയാണ് മെട്രോ പ്രവർത്തനം. അതേസമയം ദുബായ് ട്രാം വ്യാഴം മുതൽ ശനി വരെ രാവിലെ ആറു മുതൽ രാത്രി ഒന്നു വരെ പ്രവർത്തിക്കും. ഞായർ രാവിലെ ഒൻപതു മുതൽ രാത്രി ഒന്നുവരെയാണ് ട്രാം ഓടുക. പൊതു ബസുകള്‍ രാവിലെ ആറുമുതല്‍ പിറ്റേന്ന് പുലർച്ചെ ഒരുമണിവരെ സർവ്വീസ് നടത്തും. മെട്രോ ഫീഡർ ബസുകള്‍ അവസാന മെട്രോയും പോയതിന് ശേഷമായിരിക്കും സേവനം അവസാനിപ്പിക്കുക. അബ്ര, ഫെറി, മറൈന്‍ ട്രാന്‍സ്പോർട്ട്, മറൈന്‍ ജലഗതാഗതസമയത്തിലും മാറ്റമുണ്ട്.

ഉപഭോക്തൃസേവന കേന്ദ്രങ്ങള്‍

ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റിയുടെ വെഹിക്കിള്‍ സെന്‍റേ്സിലെ കസ്റ്റമർ ഹാപ്പിനെസ് സെന്‍ററുകള്‍ റമദാന്‍ 29 മുതല്‍ ശവ്വാല്‍ 3 വരെ അവധിയായിരിക്കും. അതേസമയം ഉം റമൂല്‍, ദേര, അല്‍ ബർഷ, അല്‍ മനാറ, അല്‍ കിഫാഫ്, ആർടിഎ ഹെഡ് ഓഫീസ് എന്നിവിടങ്ങളിലെ സ്മാർട് കസ്റ്റമർ ഹാപ്പിനസ് കേന്ദ്രങ്ങള്‍ സാധാരണപോലെ പ്രവർത്തിക്കും.

Related Stories

No stories found.
logo
The Cue
www.thecue.in