വിശ്വസിച്ചാലും ഇല്ലെങ്കിലും, ഇതെല്ലാം ദുബായ് ഗ്ലോബല്‍ വില്ലേജിലുണ്ട്

വിശ്വസിച്ചാലും ഇല്ലെങ്കിലും, ഇതെല്ലാം ദുബായ് ഗ്ലോബല്‍ വില്ലേജിലുണ്ട്

സന്ദർശകർക്ക് പ്രവേശനം അനുവദിച്ച് 42 ദിവസങ്ങള്‍ പിന്നിടുമ്പോള്‍ സന്ദർശകപ്രവാഹമാണ് ദുബായ് ഗ്ലോബല്‍ വില്ലേജിലേക്ക്. കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് നിരവധി കൗതുകങ്ങളാണ് ഇത്തവണ ഗ്ലോബല്‍ വില്ലേജില്‍ ഒരുക്കിയിട്ടുളളത്. അതിലൊന്നാണ് റിപ്ലീസിന്‍റെ ബിലീവ് ഇറ്റ് ഓർ നോട്ട് മ്യൂസിയം. 200 ലധികം പ്രദർശനങ്ങളാണ് മ്യൂസിയത്തില്‍ ഒരുക്കിയിട്ടുളളത്.ലോകമെമ്പാടുമുള്ള ചരിത്രപരമായ പുരാവസ്തുക്കൾ, അവിശ്വസനീയമായ കൗതുക നിർമ്മാണങ്ങള്‍ എന്നിവയെല്ലാമാണ് ഇവിടെയൊരുക്കിയിട്ടുളളത്.

അവിശ്വസനീയമായിരുന്നു മ്യൂസിയത്തിലെ കാഴ്ചകളെന്ന് സിംഗപൂരില്‍ നിന്നും യുഎഇയിലെത്തി ഗ്ലോബല്‍ വില്ലേജിലെ കാഴ്ചകള്‍ ആസ്വദിക്കാനെത്തിയ പുകള്‍ പറയുന്നു. കുടുംബസമേതമാണ് പുകള്‍ ഗ്ലോബല്‍ വില്ലേജിലെത്തിയത്. ആദ്യമായാണ് ഇവർ ഗ്ലോബല്‍ വില്ലേജിലെത്തുന്നത്.

റിപ്ലേയുടെ ബിലീവ് ഇറ്റ് ഓർ നോട്ട് മ്യൂസിയത്തിന്‍റെ സ്ഥാപകനായ റോബർട്ട് റിപ്ലി ശേഖരിച്ച വ്യക്തിഗത പുരാവസ്തുക്കളും പ്രദർശനത്തിലുണ്ട്. ചരിത്രാതീത കാലത്തെ വേട്ടക്കാർ മുതല്‍ ബട്ടണുകള്‍, തീപ്പെട്ടിക്കോലുകള്‍കൊണ്ടുനിർമ്മിച്ച അവിശ്വസനീയമായ നിർമ്മിതികള്‍ എല്ലാം ഇവിടെയുണ്ട്. സിഗരറ്റുകൊണ്ടുനിർമ്മിച്ച ശവപ്പെട്ടി, 250,000-ലധികം മുള ടൂത്ത്പിക്കുകൾ കൊണ്ട് നിർമ്മിച്ച മുള ടൂത്ത്പിക്ക് കൊട്ടാരം, ജർമന്‍ ലെതർ മണി, കത്തിച്ച സ്റ്റീലിൽ നിർമ്മിച്ച എൽവിസ് പ്രെസ്ലി ശിൽപം, ടോയ്‌ലറ്റ് പേപ്പറുകൊണ്ടും, പെപ്സിയുടെ കാനുകള്‍കൊണ്ടും നിർമ്മിച്ച വിവാഹ വസ്ത്രവുമെല്ലാം സന്ദർശകർക്ക് കൗതുകമാകും.

ചേംബർ ഓഫ് ഹൊറേഴ്സും മ്യൂസിയത്തിന്‍റെ ഭാഗമാണ്. പേടിപ്പെടുത്തുന്ന രൂപങ്ങളും പീഡന ഉപകരണങ്ങളുമാണ് ചേംബർ ഓഫ് ഹൊറേഴ്സില്‍ സജ്ജമാക്കിയിട്ടുളളത്. ചൈനയില്‍ നുണ പറയുന്നവർക്കുളള ശിക്ഷയായ തുറന്ന തീയിൽ ചുട്ടുപൊള്ളിക്കുന്നതെല്ലാം പ്രദർശിപ്പിച്ചിട്ടുണ്ട്. ഒന്നാം ലോകമഹായുദ്ധസമയത്ത് ഫോക്‌സ്‌ഹോളുകളിൽ കുടുങ്ങിയ സൈനികർ രൂപകല്പന ചെയ്ത ട്രെഞ്ച് ആർട്ട് ബുള്ളറ്റ്,ദക്ഷിണേഷ്യൻ ഗോത്രങ്ങളിൽ നിന്നുള്ള മഴു, കഠാര തുടങ്ങിയ ആയുധങ്ങളും ചേംബർ ഓഫ് ഹൊറേഴ്സിലുണ്ട്.

മ്യാന്‍മറിലെ കയാന്‍ വിഭാഗത്തില്‍ പെടുന്ന സ്ത്രീകള്‍ അഞ്ചാം വയസുമുതല്‍ കഴുത്തിന് കുറുകെ വലിയ ഭാരമുളള ചെമ്പ് വളയങ്ങള്‍ ധരിക്കും. ഓരോ വയസ് കൂടുമ്പോഴും റിംഗിന്‍റെ എണ്ണവും കൂടും. മ്യൂസിയത്തില്‍ ഇതിന്‍റെ മാതൃക പ്രദർശിപ്പിച്ചിട്ടുണ്ട്. ആറാം വയസില്‍ ആറടി ഉയരം വച്ച റോബർട്ട് വാഡ്ലോയുടെ പൂർണകായ മെഴുകു പ്രതിമയും കാണാം. 1940 ല്‍ 22 ആം വയസില്‍ അദ്ദേഹം മരിക്കുമ്പോള്‍ 37 എഎ വലിപ്പത്തിലുളള ഷൂവാണ് അദ്ദേഹം ധരിച്ചിരുന്നത്. ഈ ഷൂവും ഇവിടെ കാണാം. ഏറ്റവും കൂടുതല്‍ ശരീരഭാരമുണ്ടായിരുന്ന വാല്‍ട്ടർ ഹഡ്സന്‍, ഏറ്റവും ഉയരം കൂറഞ്ഞ ലൂസിയ സരാട്ടെ, രണ്ട് കാലുകളും നഷ്ടപ്പെട്ട ശേഷം ലോകം ചുറ്റികണ്ട ഷോർട്ട് ഇയുടേയുമെല്ലാം മെഴുകുപ്രതിമകള്‍ കൗതുകമാകുമെന്ന് ഉറപ്പ്.

ഇന്ത്യയില്‍ നിന്നുളള വസ്തുക്കളും പ്രദർശനത്തിലുണ്ട്. യുദ്ധത്തില്‍ ഉപയോഗിച്ചിരുന്ന കനമുളള യുദ്ധ ആയുധമാണ് അതിലൊന്ന്. ഇന്ത്യയില്‍ ഉപയോഗിക്കുന്നതെന്ന് കരുതുന്ന മയിലിന്‍റെ രൂപത്തോടു കൂടിയ മയൂര ദില്‍ രൂപയെന്ന സംഗീത ഉപകരണത്തിന്‍റെ റോബർട്ട് റിപ്ലെ നിർമ്മിച്ച പതിപ്പും ഇവിടെയുണ്ട്. മ്യൂസിയത്തിലെ ചിത്രശലഭത്തെ ആലേഖനം ചെയ്തതും, കുട്ടനെയ്യുന്ന സ്ത്രീയെ ആലേഖനം ചെയ്ത ആലിലയും ഇന്ത്യയില്‍ നിന്നുളളതാണ്.

ബഹിരാകാശത്ത് നിന്നുള്ള ആകർഷണങ്ങളും ശേഖരങ്ങളും പ്രദർശനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. യുഎഇയുടെ ബഹിരാകാശ പര്യവേഷണത്തിന്‍റെ ഓർമ്മയ്ക്കായുളള പ്രദർശനവും ഇവിടെ ഒരുക്കിയിട്ടുണ്ട്.ഇന്ത്യയുടേതടക്കം ആകെ 27 പവലിയനുകളാണ് ഗ്‌ളോബല്‍ വില്ലേജിന്‍റെ 27-ാം പതിപ്പിലുള്ളത്. ഒക്ടോബർ 25 നാണ് ഗ്ലോബല്‍ വില്ലേജ് സന്ദർശകർക്കായി തുറന്നുകൊടുത്തത്. ഞായര്‍ മുതല്‍ വ്യാഴം വരെ വൈകുന്നേരം 4 മുതല്‍ അര്‍ധരാത്രി വരെ ഗ്ലോബല്‍ വില്ലേജ് തുറന്നിരിക്കും. വെള്ളി, ശനി, പൊതു അവധി ദിവസങ്ങളില്‍, തുറക്കുന്ന സമയം വൈകുന്നേരം 4 മണി മുതല്‍ പുലര്‍ച്ചെ 1 മണി വരെയാണ്. പൊതു അവധി ദിവസങ്ങള്‍ ഒഴികെ ചൊവ്വാഴ്ചകള്‍ സ്ത്രീകള്‍ക്കും കുടുംബങ്ങള്‍ക്കും മാത്രമായി നീക്കി വെച്ചിരിക്കുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in