പ്രവാചകനെതിരായ പരാമർശം:നിലപാട് കടുപ്പിച്ച് ഗള്‍ഫ് രാജ്യങ്ങള്‍

പ്രവാചകനെതിരായ പരാമർശം:നിലപാട് കടുപ്പിച്ച് ഗള്‍ഫ് രാജ്യങ്ങള്‍

പ്രവാചകന്‍ മുഹമ്മദ് നബിയെ കുറിച്ച് ബിജെപി വക്താവ് നൂപുർ ശർമ്മ നടത്തിയ പരാമർശത്തില്‍ നിലപാട് കടുപ്പിച്ച് വിവിധ ഗള്‍ഫ് രാജ്യങ്ങള്‍. പരാമർശങ്ങളില്‍ ഇന്ത്യ മാപ്പ് പറയണമെന്ന നിലപാട് ഖത്തർ ആവർത്തിച്ചു.മതങ്ങളെ ബഹുമാനിക്കേണ്ടതിന്‍റേയും വിദ്വേഷപ്രസംഗങ്ങളെ നിരാകരിക്കേണ്ടതിന്‍റെയും ആവശ്യകത ഓർമ്മിപ്പിച്ചാണ് വിവാദ പരാമർശത്തില്‍ യുഎഇ പ്രതികരിച്ചത്.

സംഭവത്തെ തുടർന്ന് ബിജെപി നേതാക്കളെ ഔദ്യോഗിക പദവിയില്‍ നിന്ന് നീക്കിയെങ്കിലും പ്രതിഷേധം അവസാനിക്കില്ലെന്ന സൂചന തന്നെയാണ് ഗള്‍ഫ് രാജ്യങ്ങള്‍ നല്‍കുന്നത്. ഇന്ത്യ പരസ്യമായി മാപ്പ് പറയണമെന്നതാണ് കുവൈത്തിന്‍റെയും ഖത്തറിന്‍റേയും നിലപാട്. ഇസ്ലാം മത വിശ്വാസികള്‍ക്ക് വേദനയുണ്ടാക്കിയ പരാമർശത്തില്‍ ഇന്ത്യയുടെ ക്ഷമാപണം പ്രതീക്ഷിക്കുന്നതായി ഖത്തർ വിദേശകാര്യമന്ത്രി സഹമന്ത്രി സുൽത്താൻ ബിൻ സാദ് അൽ മുറൈഖി ഇന്ത്യൻ സ്ഥാനപതി ഡോ. ദീപക് മിത്തലിന് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ധാർമ്മികവും മാനുഷികവുമായ മൂല്യങ്ങള്‍ക്കും തത്വങ്ങള്‍ക്കും വിരുദ്ധമായ രീതികളും പെരുമാറ്റങ്ങളും നിരസിക്കുന്നതായി യുഎഇ വിദേശകാര്യ അന്താരാഷ്ട്ര സഹകരണമന്ത്രാലയവും വ്യക്തമാക്കിയിട്ടുണ്ട്.

ഇതിനിടെ ഖത്തറില്‍ സന്ദർശനം നടത്തുന്ന ഉപരാഷ്ട്ര പതി വെങ്കയ്യ നായിഡുവിന് ഡെപ്യൂട്ടി അമീർ നല്‍കാനിരുന്ന വിരുന്ന് റദ്ദാക്കി. കോവിഡ് രോഗിയുമായി സമ്പർക്കമുണ്ടായെന്ന് അറിയിച്ചാണ് വിരുന്ന് റദ്ദാക്കിയതെങ്കിലും പ്രവാചകനിന്ദ പരാമ‍ർശത്തില്‍ പ്രതിഷേധമറിയിച്ചതിന് തൊട്ടുപിന്നാലെയാണ് വിരുന്ന് റദ്ദാക്കിയതെന്നുളളതും ശ്രദ്ധേയം.

കുവൈത്തിലെ പ്രാദേശിക സൂപ്പർമാർക്കറ്റ് ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ ബഹിഷ്കരിക്കുന്ന നിലപാട് സ്വീകരിച്ചതിന് പിന്നാലെ ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ അറബ് രാജ്യങ്ങള്‍ ബഹിഷ്കരിക്കണമെന്നതടക്കം സമൂഹമാധ്യമങ്ങളിലും പ്രചരണം നടക്കുന്നുണ്ട്. ഇത്തരത്തിലുളള ബഹിഷ്കരണ ആഹ്വാനങ്ങള്‍ രാജ്യതലത്തിലേക്ക് കടന്നിട്ടില്ലെന്നുളളത് താല്‍ക്കാലിക ആശ്വാസം മാത്രമാണ്. ബഹിഷ്കരണ ആഹ്വാനം നല്കുന്ന സന്ദേശം കൃത്യമാണെന്ന് അർത്ഥം. യുഎഇ അടക്കമുളള ഇന്ത്യയുടെ അടുത്ത സൗഹൃദ രാജ്യങ്ങളും ഈ വിഷയത്തില്‍ അതൃപ്തി പ്രകടിപ്പിച്ചത് കേന്ദ്രസർക്കാരിനെ വലിയ സമ്മർദ്ദത്തിലാക്കിയെന്നുളളതാണ് യഥാർത്ഥ്യം. ആഴ്ചകള്‍ക്ക് മുന്‍പാണ് യുഎഇയുമായി സ്വതന്ത്രവ്യാപാരകരാർ ഇന്ത്യ ഒപ്പുവച്ചത്. സൗദി അറേബ്യയും വിഷയത്തില്‍ കടുത്ത നിലപാടാണ് സ്വീകരിച്ചിട്ടുളളത്. ഈ രാജ്യങ്ങളിലെല്ലാം ലക്ഷകണക്കിന് ഇന്ത്യാക്കാരാണ് ജോലി ചെയ്ത് ഉപജീവനം കണ്ടെത്തുന്നത്. ഇവരെ കൂടി പ്രതിസന്ധിയിലാക്കുന്നതാണ് ഇത്തരം നിലപാടുകളെന്നുളളതാണ് ഗൗരവകരം. കുവൈത്ത്, ഖത്തർ, ഇറാന്‍ എന്നീ രാജ്യങ്ങള്‍ സ്ഥാപനപതിമാരെ നേരിട്ട് വിളിച്ചാണ് പ്രതിഷേധം അറിയിച്ചത്.

ജിസിസി രാജ്യങ്ങളെ കൂടാതെ ഇന്തോന്വേഷ്യ, ജോർദ്ദാന്‍, മാലിദ്വീപ്, അടക്കം കൂടുതല്‍ രാജ്യങ്ങളും വിഷയത്തില്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. പാകിസ്ഥാനും അഫ്ഗാനിസ്ഥാനും ഇന്ത്യക്കെതിരെ നിലപടെടുത്തിട്ടുണ്ട്.

അറബ് രാജ്യങ്ങളുമായി ഇന്ത്യ കാലാകാലങ്ങളിലൂടെ നേടിയെടുത്ത മികച്ച നയതന്ത്ര ബന്ധത്തിനാണ് ഇപ്പോള്‍ മങ്ങലേറ്റിരിക്കുന്നത്. ഇതോടെ പ്രതിരോധത്തിലായ കേന്ദ്രസർക്കാരും ബിജെപിയും നയതന്ത്രതലത്തിലുളള പ്രശ്നപരിഹാരം എത്രയും വേഗമുണ്ടാക്കണമെന്നുളളതാണ് ആവശ്യം.

Related Stories

No stories found.
logo
The Cue
www.thecue.in