
ലോകമെമ്പാടുമുളള ഇന്ത്യന്‍ ആഭരണ വിപണി കയറ്റുമതിയെ പ്രോത്സാഹിപ്പിക്കുന്നതിനായി ജെം ആന്‍റ് ജ്വല്ലറി പ്രദർശനം ദുബായില്‍ ആരംഭിച്ചു. അപെക്‌സ് ട്രേഡ് ഓർഗനൈസേഷനായ ജെം ആൻഡ് ജ്വല്ലറി എക്‌സ്‌പോർട്ട് പ്രൊമോഷൻ കൗൺസിലാണ് ഇന്ത്യന്‍ഗവണ്‍മെന്‍റ് ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി മന്ത്രാലയം, യുഎഇയിലെ ഇന്ത്യൻ എംബസി എന്നിവയുടെ സഹകരണത്തോടെ പ്രദർശനത്തിന്‍റെ മൂന്നാമത് പതിപ്പ് ഒരുക്കിയിരിക്കുന്നത്. 12 വരെ നീണ്ടുനില്‍ക്കുന്ന പ്രദർശനത്തില്‍ 32 വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നുളളവർ ഭാഗമാകും.
ദുബായ് ഫെസ്റ്റിവല്‍ സിറ്റി ഇന്‍റർകോണ്ടിനെന്‍റില്‍ നടക്കുന്ന പ്രദർശനത്തില്‍ 45 പ്രദർശകരാണ് പങ്കെടുക്കുന്നത്. യുഎഇയും ഇന്ത്യയും തമ്മില്‍ സെപ കരാർ ഒപ്പുവച്ചതിന് ശേഷം സ്വർണവിപണിയില്‍ കുതിപ്പുണ്ടായെന്ന് ദുബായ് ഗോള്‍ഡ് ആന്‍റ് ജ്വല്ലറി ഗ്രൂപ്പ് ചെയർമാന്‍ തവ്ഹിദ് അബ്ദുളള പറഞ്ഞു. പരസ്പരം ആശയങ്ങള്‍ പങ്കുവയ്ക്കുന്നതിനായുളള ഇത്തരം വേദികള്‍ വ്യാപാരത്തില്‍ ഗുണകരമാകുമെന്നും അദ്ദേഹം വിലയിരുത്തി. ആഭരണവിപണിയില്‍ മിഡില്‍ ഈസ്റ്റില്‍ വലിയ സാധ്യതകളാണെന്ന് ജിജെഇപിസി വൈസ് ചെയർമാന്‍ കിരിത് ബന്‍സാലി പറഞ്ഞു.യുഎഇയിലേക്ക് ഇറക്കുമതി ചെയ്യുന്ന 10.48 ബില്ല്യണ്‍ ഡോളറിന്‍റെ ആഭരണവിപണിയില്‍ 30 ശതമാനവും ഇന്തയയില്‍ നിന്നാണ്. അതായത് എകദേശം 3.12 ബില്ല്യണ്‍ ഡോളറിന്‍റെ ഇറക്കുമതിയാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അൾജീരിയ, അസർബൈജാൻ, ബഹ്‌റൈൻ, ബംഗ്ലാദേശ്, ബെലാറസ്, ബെൽജിയം, ബൊളീവിയ, ബ്രസീൽ, കാനഡ, ഡൊമിനിക്കൻ റിപ്പബ്ലിക്, ഈജിപ്ത്, ഫ്രാൻസ്, ഇറാൻ, ജോർദാൻ, കസാക്കിസ്ഥാൻ, കുവൈറ്റ്, ലെബനൻ, മലേഷ്യ, ഒമാൻ, പലസ്തീൻ, ഖത്തർ, റഷ്യൻ ഫെഡറേഷൻ, സൗദി അറേബ്യ തുടങ്ങി 32 രാജ്യങ്ങളില്‍ നിന്നുളള 500 ഓളം മൊത്ത-ചില്ലറ-വില്‍പ്പനക്കാർ പ്രദർശനത്തില്‍ ഉപഭോക്താക്കളാകും. ജിജെഇപിസി കണ്‍വീനർ നിലേഷ് കൊത്താരി,ജിജെഇ പിസി നാഷണല്‍ എക്സിബിറ്റേഴ്സ് കണ്‍വീനർ നീരവ് ബന്‍സാലി, ജിജെഇപിസി ഇന്‍റർനാഷണല്‍ കോർഡിനേറ്റർ രമേഷ് വോറ തുടങ്ങിയവർ പങ്കെടുത്തു.