വായനോത്സവം അവസാനിക്കാന്‍ മൂന്നുനാള്‍,കളിച്ചും ചിരിച്ചും പഠിച്ചും കുരുന്നുകള്‍

വായനോത്സവം അവസാനിക്കാന്‍ മൂന്നുനാള്‍,കളിച്ചും ചിരിച്ചും പഠിച്ചും കുരുന്നുകള്‍

ഷാർജയില്‍ നടക്കുന്ന കുട്ടികളുടെ വായനോത്സവം ഞായറാഴ്ച സമാപിക്കും. വായനയ്ക്കൊപ്പം കുട്ടികള്‍ക്ക് വിവിധ തരത്തിലുളള കലാ പരിപാടികള്‍ ഒരുക്കിയാണ് 12 ദിവസം നീണ്ടുനില്‍ക്കുന്ന 13 മത് വായനോത്സവം പുരോഗമിക്കുന്നത്.വാരാന്ത്യമായതില്‍ കൂടുതല്‍ കുട്ടികള്‍ ഈ ദിവസങ്ങളില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കുട്ടികള്‍ക്കായി നിരവധി വ‍ർക്ക് ഷോപ്പുകളും മറ്റ് കലാപരിപാടികളുമാണ് ഒരുക്കിയിട്ടുളളത്. കുരുന്നുകള്‍ക്ക് കളിക്കാനും ചിരിക്കാനും ഒപ്പം പഠിക്കാനുമുളള സുവ‍ർണാവസരമാണ് വായനോത്സവമൊരുക്കുന്നതെന്ന് ഷാർജ ബുക്ക് അതോറിറ്റി എക്സ്റ്റേണൽ അഫയേഴ്സ് എക്സിക്യൂട്ടീവ് മോഹൻ കുമാർ പറഞ്ഞു. കലാ-കായിക-ശാസ്ത്ര മേഖലകളിലെ കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായുളള നിരവധി പ്രവ‍‍‍ർത്തനങ്ങള്‍ സൗജന്യമായി അവ‍‍‍ർക്ക് ലഭിക്കുകയാണ്. ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

12 ദിവസം നീണ്ടുനിന്ന വായനോത്സവത്തില്‍ കുട്ടികള്‍ക്കായി ഒരുങ്ങിയത് നിരവധി കലാ ശാസ്ത്ര പ്രവർത്തനങ്ങളാണ്. ശാസ്ത്രത്തിന്‍റെ പ്രായോഗിക തലങ്ങളിലേക്ക് വെളിച്ചം വീശുകയാണ് ഫണ്‍ ക്ലാസ് റൂം. കളിചിരികളിലൂടെ കുട്ടികളിലേക്ക് ശാസ്ത്രകൗതുകള്‍ എത്തിക്കുകയാണ് ഫണ്‍ ക്ലാസ് റൂം.

ശാസ്ത്രത്തെ ഇഷ്ടത്തോടെ സമീപിക്കാന്‍ കുട്ടികളെ പ്രാപ്തരാക്കുകയെന്നുളളതാണ് ഞങ്ങളുടെ ലക്ഷ്യമെന്ന് ബെയ്‌റൂട്ട് ആസ്ഥാനമായുള്ള ആർട്ട് ആൻഡ് ക്രാഫ്റ്റ് ഗ്രൂപ്പിലെ വർക്ക്‌ഷോപ്പ് ഇൻസ്ട്രക്ടർ സാറാ മെഷർ പറഞ്ഞു. വെള്ളവും എണ്ണയും ഉപയോഗിച്ച് സാന്ദ്രത മനസ്സിലാക്കൽ, ചുറ്റുമുള്ള സാമഗ്രികൾ ഉപയോഗിച്ച് പറക്കുന്ന വസ്തുക്കൾ നിർമ്മിക്കൽ തുടങ്ങി രസകരമായ കാര്യങ്ങള്‍ മനസിലാക്കാന്‍ നിരവധി കുട്ടികളാണ് എത്തുന്നത്. 'ലെറ്റ്‌സ് ഫ്ലൈ' എന്ന സെഷൻ ആറ് മുതൽ 10 വയസ്സുവരെയുള്ള കുട്ടികൾക്ക് പട്ടം, ലാൻഡിംഗ് കുടകൾ, ചെറിയ ഹെലികോപ്റ്ററുകൾ എന്നിങ്ങനെ പറക്കുന്ന കളിപാട്ടങ്ങൾ നിർമിക്കുന്നതിനുള്ള വിദ്യകളാണ് പഠിപ്പിക്കുന്നത്.

വായനോത്സവത്തില്‍ അക്ഷരങ്ങള്‍ തീർക്കുന്ന മായാജാലം വരച്ചു കാട്ടിയ 'ദ മിസ്റ്റിക്കൽ ഗാർഡൻ' സംഗീതനൃത്താവിഷ്കാരവും കുട്ടികള്‍ക്ക് കൗതുകമായി. ലൂണ എന്ന പെൺകുട്ടി അവളുടെ മുത്തശ്ശിയെ കാണാൻ അവരുടെ വീട്ടിലെത്തുന്നതുമായി ബന്ധപ്പെട്ട രസകരമായ കാര്യങ്ങളാണ് സംഗീത നൃത്താവിഷ്കാരത്തില്‍ ഒരുക്കിയത്. ടെലികോം നെറ്റ്‌വർക്ക് പോലുമില്ലാത്ത മുത്തശ്ശിയുടെ വീട്ടിൽ എങ്ങനെ കഴിയുമെന്ന ആശങ്കയോടെയെത്തിയ ലൂണയ്ക്ക് മുന്നില്‍ പുസ്തകങ്ങള്‍ മനോഹരമായ ലോകം തീർക്കുകയാണ്. സമകാലീന സാഹചര്യത്തില്‍ ഏറെ പ്രാധാന്യമുളള വിഷയമാണ് നൃത്താവിഷ്കാരം കുട്ടികളിലേക്ക് എത്തിച്ചത്. പുസ്തകങ്ങള്‍ വായിക്കുക, പുസ്തകങ്ങളിലൂടെ സ്വയം കണ്ടെത്തുക, ഒരുപക്ഷേ നിങ്ങൾ നിങ്ങളുടെ ഭാവി കണ്ടെത്തുന്നതും ഇഷ്ടമുള്ള പുസ്തകങ്ങളിൽ നിന്നായിരിക്കും - ദ മിസ്റ്റിക്കൽ ഗാർഡന്‍റെ നിർമ്മാതാവ് അലി എൽ ബുർഗി പറയുന്നു

വെള്ളിയാഴ്ച വൈകീട്ട് 4 മണിക്കാണ് വായനോത്സവത്തില്‍ സന്ദർശകർക്ക് പ്രവേശനം അനുവദിച്ചിട്ടുളളത്. ശനിയാഴ്ചയും ഞായറാഴ്ചയും രാവിലെ 9 മണിമുതല്‍ രാത്രി 9 മണിവരെ വായനോത്സവത്തിനെത്താം.

Related Stories

No stories found.
logo
The Cue
www.thecue.in