
റാസല്‍ഖൈമ എമിറേറ്റിലെ പൊതു സ്വകാര്യ സ്കൂളുകളില്‍ നിന്ന് ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളുമായി സംവദിച്ച് റാസല്‍ഖൈമ ഭരണാധികാരി ഷെയ്ഖ് സൗദ് ബിന്‍ സാഖർ അല്‍ ഖാസിമി. 11 ആം ക്ലാസിലെ കുട്ടികളുമായാണ് ഭരണാധികാരി സംവദിച്ചത്. വിദ്യാർത്ഥികളുടെ ജീവിത ലക്ഷ്യങ്ങളെ കുറിച്ചും ആഗ്രഹങ്ങളെകുറിച്ചും പഠനത്തെകുറിച്ചുമെല്ലാം അദ്ദേഹം ചോദിച്ചറിഞ്ഞു. കുട്ടികളുടെ ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കുകയും ചെയ്തു.
സുരക്ഷിതമായ അന്തരീക്ഷത്തില്‍ വിദ്യാഭ്യാസവും നവീകരണവും ക്രിയാത്മകതയും പ്രോത്സാഹിപ്പിക്കുകയെന്നുളളതാണ് എമിറേറ്റിന്‍റെ നയം. അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി യുവത്വത്തിന്‍റെ പഠന-ജീവിത നിലവാരം വളർത്തിയെടുക്കുകയെന്നുളളത് തങ്ങളുടെ മുന്‍ഗണനകളില്‍ ആദ്യത്തേതാണ്. ശോഭനമായഭാവിയുടെ താക്കോലെന്നത് വിദ്യാഭ്യാസമാണെന്നും അദ്ദേഹം പറഞ്ഞു.
വിശാലമായി വായിക്കൂവെന്നുളളതാണ് ഓരോരുത്തരോടും പറയാനുളളതെന്നും അദ്ദേഹം വിദ്യാർത്ഥികളെ ഓർമ്മിപ്പിച്ചു. എത്രത്തോളം വായിക്കുന്നോ അത്രത്തോളം ഓരോ വിഷയങ്ങളിലും ആഴമേറിയ അറിവും വൈവിധ്യ പൂർണമായ വീക്ഷണവും രൂപപ്പെടുത്തിയെടുക്കാന്‍ സാധിക്കും.
നിർമ്മിത ബുദ്ധി സാങ്കേതിക വിദ്യയും റോബോട്ടിക്സും വഹിക്കുന്ന പങ്കിനെ കുറിച്ചും അദ്ദേഹം സംസാരിച്ചു. സുല്‍ത്താന്‍ അല്‍ നെയാദിയുടെ ആറ് മാസക്കാലം നീണ്ടുനില്ക്കുന്ന ബഹിരാകാശ ദൗത്യവും കൂടികാഴ്ചയില്‍ വിഷയമായി.