ഖത്തറില്‍ വിരുന്നെത്തിയ ലോകകപ്പ്, ചരിത്രത്തിലെ ചെലവേറിയ ഫൂട്ബോള്‍ ലോകകപ്പ്

ഖത്തറില്‍ വിരുന്നെത്തിയ ലോകകപ്പ്, ചരിത്രത്തിലെ ചെലവേറിയ ഫൂട്ബോള്‍ ലോകകപ്പ്

ലോകകപ്പ് ഫു‍‍ട്ബോളിന്‍റെ ആവേശത്തിലാണ് ഖത്തർ. നവംബറില്‍ ആരംഭിക്കുന്ന ഖത്തർ ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും ചെലവേറിയ ഫിഫ ടൂർണമെന്‍റായിരിക്കുമെന്നാണ് വിലയിരുത്തല്‍. ലോകകപ്പിന്‍റെ ചെലവ് 220 ബില്ല്യണ്‍ ഡോളറായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതായത് 2018 റഷ്യ ചെലവഴിച്ചതിന്‍റെ 20 മടങ്ങാണിത്.

2010 ലാണ് ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുളള അവസരം ഖത്തറിന് ലഭിക്കുന്നത്. മേഖലയിലെതന്നെ ആദ്യ ലോകകപ്പിനാണ് ഖത്തർ ആതിഥ്യമരുളുന്നത്. 1.5 ദശലക്ഷം പേർ എത്തുമെന്ന് പ്രതീക്ഷിക്കുന്ന ലോകകപ്പില്‍ സ്റ്റേഡിയങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുന്നതിനായി വന്‍ തുകയാണ് ഖത്തർ ചെലവിട്ടത്.

2006 ല്‍ ജർമ്മനിയില്‍ നടന്ന ലോകകപ്പിന്‍റെ ചെലവ് ഏകദേശം 4.3 ബില്ല്യണ്‍ ഡോളറാണ്. 2014 ല്‍ ബ്രസീല്‍ ചെലവഴിച്ചത് 15 ബില്ല്യണ്‍ ഡോളറായിരുന്നു. ദക്ഷിണാഫ്രിക്ക നാല് വർഷം മുന്‍പ് 3.6 ബില്ല്യണ്‍ ഡോളർ ചെലവഴിച്ചിരുന്നു.

ഖത്തറിലേക്ക് എത്തുമ്പോള്‍ സ്റ്റേഡിയങ്ങളുടെ നിർമ്മാണത്തിന് മാത്രം ഏകദേശം 6.5 ബില്ല്യണ്‍ മുതല്‍ 10 ബില്ല്യണ്‍ ഡോളർ വരെയാണ് ചെലവായത്. 220 ബില്ല്യണ്‍ ഡോളറില്‍ ബാക്കിയുളളത് ഖത്തർ 2030യുടെ ഭാഗമായുളള പദ്ധതികള്‍ക്കായാണ് ചെലവഴിച്ചത്. അതായത് പ്രധാനമായും അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു.ലോകകപ്പും ഖത്തർ നാഷണല്‍ വിഷന്‍ 2030 ന്‍റെ ഭാഗമാണ്. വിദ്യാഭ്യാസ-ആരോഗ്യ സംവിധാനങ്ങൾക്ക് പുറമെ നഗര-ദേശീയ സൗകര്യങ്ങളുടെയും വ്യവസായത്തിന്‍റെയും വികസനം പ്രോത്സാഹിപ്പിക്കുകയെന്നുളളതാണ് സർക്കാരിന്‍റെ നയമെന്ന് ടൂർണമെന്‍റിന്‍റെ കമ്മ്യൂണിക്കേഷൻസ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഫാത്മ അൽ നുഐമി പറഞ്ഞു.

പുതിയ റോഡുകൾ, സബ്‌വേ, വിമാനത്താവളം, ഹോട്ടലുകൾ, മറ്റ് ടൂറിസ്റ്റ് സൗകര്യങ്ങൾ എന്നിങ്ങനെ ലോകകപ്പിന് എത്തുന്നവരെ കൂടി മുന്നില്‍ കണ്ടുകൊണ്ടാണ് വികസന പദ്ധതികള്‍ ഖത്തർ നടപ്പിലാക്കിയത്. 2019 ല്‍ ആരംഭിച്ച ഭൂഗർഭ ഗതാഗത ശൃംഖലയുടെ നിർമ്മാണത്തിന് ഏകദേശം 36 ബില്യൺ ഡോളറായിരുന്നു ചെലവ്. ലോകകപ്പ് കാണാനെത്തുന്നവർക്ക് സുഗമസഞ്ചാരം ഭൂഗർഭ ഗതാഗത ശൃംഖല ഉറപ്പുവരുത്തുന്നു.

2014 ലാണ് ഹമദ് അന്താരാഷ്ട്ര വിമാനത്താവളം തുറന്നത്. 16 ബില്ല്യണ്‍ ഡോളറാണ് ഇതിന്‍റെ വികസനത്തിനായി ചെലവഴിച്ചത്. ലൂസൈല്‍ സിറ്റിയുടെ നിർമ്മാണത്തിനായും വന്‍ തുകയാണ് ഖത്തർ ചെലവഴിച്ചത്.

ഉയർന്ന ജീവിത നിലവാരമുളള വികസിത സമൂഹമാക്കി രാജ്യത്തെ ഉയർത്തുകയെന്നുളള ലക്ഷ്യത്തോടെയാണ് 2008 ല്‍ ഖത്തർ നാഷണല്‍ വിഷന്‍ 2030 പ്രഖ്യാപിക്കപ്പെട്ടത്. ഇതിനിടെ 600 ലധികം പ്രാദേശിക അന്തർദേശീയ അത്ലറ്റിക് മത്സരങ്ങള്‍ക്ക് ഖത്തർ ആതിഥേയത്വം വഹിച്ചു. ഇത് ഫിഫ ലോകകപ്പിനായി തയ്യാറെടുക്കാന്‍ രാജ്യത്തിന് സഹായകരമായി.

അതേസമയം കഴിഞ്ഞ ഫെബ്രുവരിയില്‍ ദ ഗാ‍ർഡിയന്‍ പ്രസിദ്ധീകരിച്ച റിപ്പോർട്ടും അന്താരാഷ്ട്ര തലത്തില്‍ ചർച്ചയായി. ഖത്തറിൽ 6,500 കുടിയേറ്റ തൊഴിലാളികൾ ലോകകപ്പിനായി തയ്യാറെടുക്കുമ്പോൾ മരിച്ചുവെന്നതായിരുന്നു റിപ്പോർട്ടിന്‍റെ ഉളളടക്കം. അടിസ്ഥാന രഹിതമെന്നായിരുന്നു റിപ്പോർട്ടിനോടുളള ഖത്തറിന്‍റെ പ്രതികരണം. വെളിപ്പെടുത്തിയ കാര്യങ്ങളിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവരുന്നതില്‍ റിപ്പോർട്ട് പരാജയപ്പെടുകയും ചെയ്തതോടെ വിവാദങ്ങള്‍ കെട്ടടങ്ങി. എന്നിരുന്നാലും ഖത്തറിന്‍റെ സുപ്രീം കമ്മിറ്റി 2015 മുതൽ മേൽനോട്ടം വഹിച്ച ലോകകപ്പ് പദ്ധതികളിൽ ആകെ 35 തൊഴിലാളികൾ മരിച്ചതായി വ്യക്തമാക്കി.

യുഎഇ, സൗദി അറേബ്യ, ഒമാന്‍, കുവൈറ്റ് രാജ്യങ്ങളില്‍ താമസിച്ച് ഖത്തർ ലോകകപ്പിനെത്താന്‍ താല്‍പര്യപ്പെടുന്നവരുമേറെ. ചെലവുള്‍പ്പടെയുളളവയില്‍ കുറവുണ്ടാകുമെന്നതിനാലാണ് പലരും ഈ രീതിയില്‍ ചിന്തിക്കുന്നത്.

ഫിഫ ലോകകപ്പ് 2022 ലേക്കുള്ള ബിഡ് നേടിയതിന് ശേഷമുള്ള ഖത്തറിന്‍റെ പ്രധാന പരിവർത്തനം ഏതാനും വർഷങ്ങൾക്കുള്ളിൽ നടപ്പിലാക്കിയതായി ഫിഫ പ്രസിഡന്‍റ് ജിയാനി ഇൻഫാന്‍റിനോ ജൂണിൽ ദോഹയിൽ നടന്ന ഖത്തർ ഇക്കണോമിക് ഫോറത്തിൽ പറഞ്ഞിരുന്നു. യൂറോപ്പിൽ സമയമെടുത്ത് പൂർത്തിയാക്കിയ കാര്യങ്ങള്‍ ഖത്തർ ചുരുങ്ങിയ വർഷങ്ങള്‍ക്കുളളില്‍ പൂർത്തിയാക്കിയെന്നും അദ്ദേഹം വിലയിരുത്തി. അതെ, പരാതികളെയും പരിമിതികളെയും അതിജീവിച്ച് ആവേശത്തോടെ ലോകകപ്പിലേക്ക് പന്തുരുട്ടുകയാണ് ഖത്തർ.

Related Stories

No stories found.
logo
The Cue
www.thecue.in