
സ്താർബുദത്തെ കുറിച്ചുളള അവബോധം വളർത്തുകയെന്ന ലക്ഷ്യത്തോടെ നടത്തുന്ന പിങ്ക് കാരവന് ഫെബ്രുവരി നാലിന് തുടക്കമാകും. യുഎഇ ആസ്ഥാനമായുള്ള ഫ്രണ്ട്‌സ് ഓഫ് കാൻസർ പേഷ്യന്‍റ്സ് സൊസൈറ്റിയുടെ നേതൃത്വത്തിലാണ് യുഎഇയിലെ ഏഴ് എമിറേറ്റുകളിലും പിങ്ക് കാരവന്‍ റൈഡ് നടക്കുന്നത്. പിങ്ക് കാരവന്‍റെ 11 മത് പതിപ്പാണ് ഇത്തവണത്തേത്.
ഫെബ്രുവരി നാലിന് ഷാർജയിലും അജ്മാനിലുമാണ് പിങ്ക് കാരവന്‍ റൈഡ് നടക്കുക. രാവിലെ 8 മണിക്ക് അല്‍ ഹീറ ബീച്ചിലാണ് ഔദ്യോഗിക ഉദ്ഘാടനം. 9 മണിക്ക് ഘോഷയാത്ര കഴിഞ്ഞ് 11.30 ന് ഹാർട്ട് ഓഫ് ഷാർജയില്‍ എത്തിച്ചേരും. ഉച്ചകഴിഞ്ഞ് 3 മണിക്ക് അജ്മാന്‍ തുംബൈ ആശുപത്രിയില്‍ നിന്ന് ആരംഭിച്ച് അല്‍ സോറ മറീന 1 ല്‍ റൈഡ് അവസാനിക്കും.
രണ്ടാം ദിവസം രാവിലെ 8 മണിക്ക് ദുബായ് ഡിഐഎഫ് സി ഗേറ്റ് അവന്യൂവില്‍ തുടങ്ങി 9.30 ന് മരാസിയിലെത്തിച്ചേരും. 10.45 ന് സ്കൈ ഡൈവ് ദുബായിലും 12.30 ന് ജെബിആറും കടന്ന് 3.30 ഓടെ സിറ്റിവാക്കില്‍ അവസാനിക്കും. മൂന്നാം ദിവസം ഷാർജയുടെ വിവിധ ഭാഗങ്ങളിലാണ് പര്യടനം. നാലാം ദിവസം ഉമ്മുല്‍ ഖുവൈനിലും അഞ്ചാം ദിവസം ഫുജൈറയിലും ആറാം ദിവസം റാസല്‍ഖൈമയിലും പിങ്ക് റൈഡ് പര്യടനം നടത്തും.
സ്ത്രീകള്‍ക്കും പുരുഷന്മാർക്കും ക്ലിനിക്കല്‍, അല്‍ട്രാസൗണ്ട്, മാമോഗ്രാം ഉള്‍പ്പടെയുളള സ്തനാർബുദ മെഡിക്കല്‍ സ്ക്രീനിംഗ് സൗജന്യമായി ലഭ്യമാക്കും. ക്യാൻസറിനെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ ഇല്ലാതാക്കാനും നേരത്തെയുള്ള കണ്ടെത്തലും പ്രതിരോധവും പ്രോത്സാഹിപ്പിക്കാനുമാണ് ഓരോ വർഷവും പിങ്ക് കാരവൻ റൈഡ് നടത്തുന്നത്.