'പെറ്റ് വേള്‍ഡ് അറേബ്യ' പ്രദർശനം ഇന്ന് മുതല്‍

'പെറ്റ് വേള്‍ഡ് അറേബ്യ'
പ്രദർശനം ഇന്ന് മുതല്‍
Published on

വളർത്തുമൃഗങ്ങളെ കാണാനും വാങ്ങാനും അവസരമൊരുക്കുന്ന 'പെറ്റ് വേള്‍ഡ് അറേബ്യ പ്രദർശനത്തിന് ഇന്ന് തുടക്കം. ഇന്നും നാളെയുമായി ദുബായ് ഇന്‍റർനാഷണല്‍ കണ്‍വെന്‍ഷന്‍ ആന്‍റ് എക്‌സിബിഷന്‍ സെന്‍ററിലാണ് പ്രദർശനം.വളര്‍ത്തു മൃഗങ്ങളുടെ വ്യവസായം മെനാ മേഖലയില്‍ വര്‍ധിച്ചു വരുന്ന പശ്ചാത്തലത്തിലാണ് ഇത്തരത്തിലൊരു പ്രദർശനം സംഘടിപ്പിക്കുന്നത്.

വളര്‍ത്തു മൃഗങ്ങളുമായി ബന്ധപ്പെട്ട വ്യവസായ വിപണി 2 ബില്യന്‍ ഡോളറായി വളര്‍ന്നു വരുന്നത് കണക്കിലെടുത്താണ് ഈ പ്രദര്‍ശനമെന്ന് സംഘാടകരായ അല്‍ഫജര്‍ ഇന്‍ഫര്‍മേഷന്‍ ആന്‍റ് സര്‍വീസസ് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതാദ്യമായാണ് ഇത്തരമൊരു ബി2ബി പ്രദർശനം ഒരുക്കുന്നത്. ഇതോടനുബന്ധിച്ച് വിനോദ പരിപാടികളും ഉണ്ടാകുമെന്ന് അല്‍ഫജര്‍ ജനറല്‍ മാനേജര്‍ നദാല്‍ മുഹമ്മദ് പറഞ്ഞു.

വളര്‍ത്തു മൃഗങ്ങളുടെ ഉടമസ്ഥതയോടൊപ്പം, യുഎഇയിലെ വളര്‍ത്തു മൃഗ വ്യവസായം വളര്‍ന്നു കൊണ്ടിരിക്കുന്നുവെന്ന് ഷോലൈന്‍ സിഇഒ ഡോ. ശ്രീ നായര്‍ പറഞ്ഞു. കോവിഡ് സമയത്തും ശേഷവും വളര്‍ത്തു മൃഗ വ്യവസായത്തിന്‍റെ ആഗോള വളര്‍ച്ച അവിശ്വസനീയമാണ്. ലോക്ക്ഡൗണുകളുടെയും ക്വാറന്‍റീനിന്‍റെയും നിയന്ത്രണങ്ങള്‍ വകവെയ്ക്കാതെ മിഡില്‍ ഈസ്റ്റില്‍ നിന്നടക്കമുള്ള അനേകം പേരാണ് ഓമന മൃഗങ്ങളെ കൂട്ടിനായും ഏകാന്തത മറികടക്കാനും വളര്‍ത്തിത്തുടങ്ങിയത്. ഇക്കാലയളവില്‍ വളര്‍ത്തു മൃഗ ഉടമസ്ഥത 30 ശതമാനത്തിലധികം കുത്തനെ വര്‍ധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ബെല്‍ജിയം, ചൈന, ഈജിപ്ത്, ഇന്തോനേഷ്യ, ഇറ്റലി, ഇന്ത്യ, കുവൈത്, നെതര്‍ലാന്‍ഡ്‌സ്, പാകിസ്താന്‍, ദക്ഷിണ കൊറിയ, സ്വിറ്റ്‌സര്‍ലാന്‍ഡ്, റഷ്യ, തായ്‌ലാന്‍റ്, തുര്‍ക്കി, യുഎഇ, അമേരിക്ക എന്നിങ്ങനെ 16 രാജ്യങ്ങളില്‍ നിന്നുള്ള 70 കമ്പനികള്‍ പ്രദര്‍ശനത്തില്‍ പങ്കെടുക്കും. മൃഗങ്ങളുടെ ഭക്ഷണം, ഫാഷന്‍, ഉപകരണങ്ങള്‍, മരുന്നുകള്‍ തുടങ്ങിയവയാണ് മുഖ്യമായും പ്രദര്‍ശിപ്പിക്കുക. വെറ്ററിനറി വിദഗ്ധരും ബ്രീഡര്‍മാരും പെറ്റ് ഗ്രൂമര്‍മാരും സലൂണ്‍ ഓപറേറ്റര്‍മാരും ഇന്‍ഷുറന്‍സ് കമ്പനികളും പരിശീലകരും പെറ്റ് ഫര്‍ണിച്ചര്‍ കമ്പനികളും ഷോയിലുണ്ടാകും.

Related Stories

No stories found.
logo
The Cue
www.thecue.in