
യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം തുടക്കമിട്ട വണ്‍ ബില്ല്യണ്‍ മീല്‍സ് ക്യാംപെയ്നിന്‍റെ ഭാഗമായി അഞ്ച് രാജ്യങ്ങളിലേക്ക് ഭക്ഷണ സാധനങ്ങളെത്തിച്ച് യുഎഇ. ഇന്ത്യ, ലെബനന്‍,ജോർദ്ദാന്‍,താജികിസ്ഥാന്‍, കിർഗിസ്ഥാന്‍ എന്നിവിടങ്ങളിലേക്കാണ് ഭക്ഷണപൊതികള്‍ യുഎഇ അധികൃതരെത്തിക്കുന്നത്. മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഗ്ലോബല്‍ ഇനീഷ്യേറ്റീവിന്‍റെ സംഘാടനത്തില്‍ ഫുഡ് ബാങ്കിംഗ് റീജിണല്‍ നെറ്റ്വർക്കും മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഹ്യുമാനിറ്റേരിയന്‍ ചാരിറ്റി എസ്റ്റാബ്ലിഷ്മെന്‍റുമാണ് വിവിധരാജ്യങ്ങളിലേക്ക്ഭക്ഷണപൊതികളെത്തിക്കുന്നത്.അരിയും എണ്ണയും പഞ്ചസാരയും ഈന്തപ്പഴവുമടങ്ങിയതാണ് ഓരോ ഭക്ഷണപ്പൊതിയും.
റമദാനില്‍ തുടങ്ങിയ വണ്‍ ബില്ല്യണ്‍ മീല്‍സ് ലക്ഷ്യമെത്തുന്നതുവരെ തുടരും. 2021 ലെ റമദാനില്‍ ആരംഭിച്ച 100 മില്ല്യണ്‍ മീല്‍സ് ക്യാംപെയിനിന്‍റെ തുടച്ചയായാണ് ഈ വർഷം വണ്‍ബില്ല്യണ്‍ മീല്‍സ് ക്യാംപെയ്ന്‍ തുടങ്ങുന്നത്. 47 രാജ്യങ്ങളില്‍ നിന്നുളള ആവശ്യക്കാരിലേക്ക് 220 മില്ല്യണ്‍ ഭക്ഷണപ്പൊതികളെത്തിക്കാന്‍ ആ ക്യാംപെയിനിലൂടെ കഴിഞ്ഞു.
വണ്‍ ബില്ല്യണ്‍ ഭക്ഷണപ്പൊതികള്‍ ക്യാംപെയിനിലേക്ക് 2 മില്യൺ ദിർഹമാണ് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി നൽകിയത്.ഈ മഹത്തായ മാനുഷിക സംരംഭത്തിൻ്റെ ഒരു ഭാഗമാകാന്‍ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്ന് എം.എ. യൂസഫലി പറഞ്ഞു. വിശക്കുന്ന വ്യക്തിക്ക് ഭക്ഷണം നൽകുന്ന ഏറ്റവും വിശിഷ്ടമായ മാനുഷിക സംരംഭങ്ങളിലൊന്നാണ് എന്നതാണ് ഈ പദ്ധതി ലോകത്തിന് നൽകുന്ന സന്ദേശം. വിശക്കുന്നവർക്ക് ഭക്ഷണമെത്തിക്കുന്ന ദുബായ് ഭരണാധികാരിയുടെ ഈ പ്രവർത്തനം മാനവികതയുടെ ഏറ്റവും മികച്ച ഉദാഹരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇത് തുടർച്ചയായ മുന്നാം വർഷമാണ് ഭക്ഷണപ്പൊതി പദ്ധതിയിൽ യൂസഫലി പങ്കാളിയാകുന്നത്. കഴിഞ്ഞ വർഷം നടപ്പിലാക്കിയ 100 ദശലക്ഷം ഭക്ഷണപ്പൊതി ക്യാംപെയിനില്‍ 10 ലക്ഷം ദിർഹമാണ് യൂസഫലി നൽകിയത്.
താല്‍പര്യമുളളവർക്ക് ക്യാംപെയിനിന്‍റെ ഭാഗമാകാം. എത്തിസലാത്ത്, ഡു എന്നിവയുടെ എസ് എം എസിലൂടെയും ബാങ്ക് ട്രാന്‍സ്ഫറിലൂടെയും ഓണ്‍ലൈനിലൂടെയും സംഭാവനകള്‍ നല്കാം. സംഭാവനയുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്ക് 800 9999 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.