അഭിമാനമായി പെണ്‍മക്കള്‍: വനിതാദിനത്തില്‍ മക്കള്‍ക്ക് ലഭിച്ച സ്കോളർഷിപ്പ് ഏറ്റുവാങ്ങി 25 പ്രവാസികള്‍

അഭിമാനമായി പെണ്‍മക്കള്‍: വനിതാദിനത്തില്‍ മക്കള്‍ക്ക് ലഭിച്ച സ്കോളർഷിപ്പ് ഏറ്റുവാങ്ങി 25 പ്രവാസികള്‍

മകൾ നന്നായി പഠിക്കും, അവൾ പഠിച്ച് നല്ലൊരു ജോലി നേടിയാൽ ബുദ്ധിമുട്ടുകൾ എല്ലാം അവസാനിക്കും, 43 വർഷമായി പ്രവാസ ജീവിതം നയിക്കുന്ന ഖാലിദിന്‍റെ കണ്ണുകളില്‍ പ്രതീക്ഷയുടെ പ്രകാശം. മകള്‍ നേടിയ സ്കോളർഷിപ്പ് ഏറ്റുവാങ്ങാന്‍ ദുബായിലെത്തിയതാണ് അബുദബിയിലെ ഒരു വീട്ടിൽ ജോലി ചെയ്യുന്ന ഖാലിദ്. ഖാലിദിനൊപ്പം മകളുടെ പഠനമികവിനുളള ആദരം ഏറ്റുവാങ്ങിയത് 24 പേരാണ്.എല്ലാവരും സാധാരണ പ്രവാസികള്‍.

പ്രതീക്ഷ മകളിലാണ് , അവളുടെ വിദ്യാഭ്യാസത്തിന് വേണ്ടി എത്ര കാലം കഷ്ട്ടപെടാനും തയ്യാറാണെന്ന് ഷാർജയിലെ ഒരു ക്ളീനിംഗ് കമ്പനിയിൽ ജോലി ചെയ്യുന്ന ജിജിയുടെ വാക്കുകള്‍. ജീവിത സാഹചര്യംകൊണ്ട് തനിക്ക് പഠിക്കാൻ സാധിച്ചില്ല, മകൾ പഠിച്ചു ഒരു ഡോക്ടറായി കാണണമെന്നത് ഷാർജയിൽ ഒരു ആയുർവേദിക് സെന്‍ററില്‍ ജോലിചെയ്യുന്ന ഉണ്ണികൃഷ്ണന്‍റെ വലിയ ആഗ്രഹം.

യു.എ.ഇ യിലെ വനിത സംരംഭക ഹസീന നിഷാദിന്‍റെ നേതൃത്വത്തിൽ ആരംഭിച്ചതാണ് പെൺകുട്ടികൾക്ക് വേണ്ടിയുള്ള 'അൽമിറ' സ്‌കോളർഷിപ്പ് .പഠനത്തില്‍ മികവ് തെളിയിച്ച 25 വിദ്യാർത്ഥിനികള്‍ക്ക് ഓരോരുത്തർക്കും ഒരു ലക്ഷം രൂപയുടെ സ്കോളർഷിപ്പാണ് നല്‍കിയത്. യു.എ.ഇ യിലെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്യുന്ന ഏറ്റവും അർഹരായ പ്രവാസികളുടെ, നാട്ടിൽ പഠിക്കുന്ന പെൺകുട്ടികൾക്കാണ് സ്‌കോളർഷിപ്പ് വിതരണം ചെയ്തത്.

പെൺകുട്ടികളുടെ പുരോഗമനം വിദ്യാഭ്യാസത്തിലൂടെ എന്ന ആശയം ഉൾക്കൊണ്ടുകൊണ്ടുകൊണ്ടാണ് മകളുടെ പേരിലുള്ള ‘അൽമിറ’ സ്‌കോളർഷിപ്പ് ഈ വനിതാ ദിനത്തിൽ വിതരണം ചെയ്തത് എന്ന് വേൾഡ് സ്റ്റാർ ഹോൾഡിംഗ് എംഡി ഹസീന നിഷാദ് പറഞ്ഞു. പെൺകുട്ടികളെ എത്രയും പെട്ടന്ന് കല്യാണം കഴിപ്പിച്ച് പറഞ്ഞയക്കുക എന്ന ചിന്തയിൽനിന്നും ഭൂരിഭാഗം പ്രവാസികളും മാറിയെന്നതിന്‍റെ ഏറ്റവും മികച്ച തെളിവായിരുന്നു ഈ സ്‌കോളർഷിപ്പ് പ്രഖ്യാപിച്ചപ്പോള്‍ ലഭിച്ച പ്രതികരണമെന്ന് കമ്പനി ചെയർമാൻ നിഷാദ് ഹുസ്സൈൻ പറഞ്ഞു.

ഇത്തവണ നാട്ടിൽ ഹയർ സെക്കണ്ടറി പൊതു പരീക്ഷ എഴുതുന്ന 25 പെൺകുട്ടികൾക്കാണ് ഒരു ലക്ഷം രൂപ വീതമുള്ള സ്‌കോളർഷിപ്പ് ലഭിച്ചത്. ആയിരത്തോളം അപേക്ഷകരിൽ നിന്നും പെൺകുട്ടികൾക്ക് പ്ലസ് വണ്ണിൽ ലഭിച്ച മാർക്കിന്‍റെയും, യുഎഇ യിൽ ജോലി ചെയ്യുന്ന രക്ഷിതാവിന്‍റെ സാമ്പത്തിക സാഹചര്യവും പരിഗണിച്ചാണ് 25 പെൺകുട്ടികളെ തിരഞ്ഞെടുത്തത്. ദുബായ് ക്രൗൺ പ്ലാസ ഹോട്ടലിൽ വെച്ച് നടന്ന ചടങ്ങിലാണ് സ്‌കോളർഷിപ്പുകൾ വിതരണം ചെയ്തത്

Related Stories

No stories found.
logo
The Cue
www.thecue.in