ഷാർജയില്‍ പുതുവർഷം ആഘോഷിക്കാം

ഷാർജയില്‍ പുതുവർഷം ആഘോഷിക്കാം

പുതുവർഷം ആഘോഷിക്കാന്‍ ഒരുങ്ങി ഷാർജയും. വിപുലമായ പരിപാടികളാണ് എമിറേറ്റില്‍ ഷാർജ നിക്ഷേപവികസനവകുപ്പിന്‍റെ (ഷുറൂഖ്) കീഴിലുള്ള കേന്ദ്രങ്ങളിൽ ഒരുക്കിയിട്ടുള്ളത്.

അൽ മജാസ് വാട്ടർഫ്രണ്ടിലെ കരിമരുന്ന് പ്രയോ​ഗം

പുതുവർഷാഘോഷത്തിനോടൊപ്പം പത്താം വാർഷികവും കൂടി ആഘോഷിക്കുകയാണ് അൽ മജാസ് വാട്ടർഫ്രണ്ട്.. പത്തു മിനുറ്റോളം നീണ്ടു നിൽക്കുന്ന വർണാഭമായ കരിമരുന്ന് പ്രയോ​ഗത്തോടൊപ്പം പ്രത്യേക ഫ്ലൈബോർഡ് പ്രകടനവും സം​ഗീതപരിപാടികളും ഉണ്ടാകും. വൈകുന്നേരം 7.45 ന് തുടങ്ങുന്ന പരിപാടികളോടൊപ്പം റസ്റ്ററന്‍റുകളിലെ വേറിട്ട രുചികളുമാസ്വദിക്കാം.കുട്ടികൾക്കുള്ള കളിയിടങ്ങളും ജോ​ഗിങ് ട്രാക്കും ഫുട്ബോൾ ​ഗ്രൗണ്ടും പാർക്കുമടക്കം കുടുംബത്തോടൊപ്പമുള്ള ആഘോഷത്തിന് വേണ്ടതെല്ലാം ഇവിടയെുണ്ട്.

അൽനൂർ ദ്വീപിലെ രുചിവിരുന്നും ആകാശക്കാഴ്ചയും

‍നഗരത്തിന്‍റെ തിരക്കും ബഹളവുമൊന്നുമില്ലാതെ അൽ മജാസിലെ നിറപ്പകിട്ടാർന്ന പുതുവത്സരാഘോഷവും ഷാർജ നഗരത്തിന്‍റെ നിറങ്ങളുമാസ്വദിക്കാൻ താത്പര്യമുള്ളവർക്കായി -ബൈ ദി ബേ- ഡിന്നർ വിരുന്നൊരുക്കുകയാണ് ഖാലിദ് തടാകത്തിലെ അൽനൂർ ഐലൻഡ്. പ്രകൃതിഭം​ഗി നിറഞ്ഞ ദ്വീപ് കാഴ്ചകളാസ്വദിച്ച് നടക്കുന്നതോടൊപ്പം ടെലസ്കോപ്പിലൂടെ ആകാശക്കാഴ്ചകളറിയാനുള്ള അവസരവും ഈ പാക്കേജിനോടൊപ്പമുണ്ട്. തടാകക്കരയിൽ പ്രത്യേകം തയാറാക്കിയ ഇരിപ്പിടങ്ങളിൽ രുചിയാസ്വദിച്ചിരുന്ന്, തീർത്തും സ്വകാര്യമായ വേദിയിലെന്ന പോലെ കരിമരുന്ന് പ്രയോഗം ആസ്വദിക്കാം എന്നതാണ് സവിശേഷത. വൈകുന്നേരം 9 മുതൽ പുലർച്ചെ 1 മണി വരെ നീളുന്ന രീതിയിലാണ് ക്രമീകരണം. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി 065 067000 എന്ന നമ്പറിൽ ബന്ധപ്പെടാം.

ഖോർഫക്കാൻ ബീച്ചിലും ആഘോഷരാവ്

ഷാർജ നഗരത്തിലെന്ന പോലെ കിഴക്കൻ തീരത്തെ ആകാശത്തും പുതുവത്സരാഘോഷരാവിൽ നിറങ്ങൾ പടരും. നവീനമായ വികസനപ്രവർത്തനങ്ങളിലൂടെ സഞ്ചാരികൾക്കു പ്രിയപ്പെട്ടതായി മാറിയ ഖോർഫക്കാൻ ബീച്ചിൽ പത്തു മിനുറ്റ് നീണ്ടു നിൽക്കുന്ന കരിമരുന്ന് പ്രയോ​ഗമാണ് ഒരുങ്ങുന്നത്. കുട്ടികൾക്കും കുടുംബങ്ങൾക്കും ആഘോഷരാവിൽ കൂടുതൽ ഹരം പകരാനായി പ്രത്യേക എൽഇഡി ഷോ, ബബിൾ ഷോ എന്നിവയും ഒരുക്കുമെന്ന് അധികൃതർ അറിയിച്ചു. ധാരാളം റസ്റ്ററന്റുകളും കഫേകളുമുള്ള തീരത്ത് രുചിപ്രേമികളും നിരാശരാകേണ്ടിവരില്ല.

മരുഭൂമിയിലൊരു പുതുവത്സര ക്യാംപിംഗ്

കരിമരുന്ന് പ്രയോ​ഗങ്ങളുടെയും ന​ഗരാഘോഷങ്ങളുടെ നിറങ്ങൾക്കിടയിൽ വേറിട്ടൊരു പുതുവത്സര ക്യാമ്പിംഗ് അനുഭവമാണ് മെലീഹ ആർക്കിയോളജി സെന്‍റർ ഒരുക്കുന്നത്. പരമ്പരാ​ഗത തനോറ നൃത്തം, ഫയർ ഡാൻസ്, ഊദ് പ്രകടനമെന്നിങ്ങനെ ക്യാമ്പിന് ആവേശം പകരുന്ന തത്സമയ പ്രകടനങ്ങളുണ്ടാവും.മനോഹരമായ മെലീഹയിലെ മരുഭൂമിയിൽ പ്രത്യേകം തയാറാക്കിയ ടെന്‍റുകളില്‍ രാത്രി മുഴുവൻ തങ്ങുന്ന വിധത്തിലാണ് ക്യാമ്പിന്‍റെ ക്രമീകരണം. പരിശീലകരോടൊപ്പം ടെലസ്കോപിലൂടെ വാനനിരീക്ഷണം നടത്താനും ചരിത്രക്കാഴ്ചകളടങ്ങിയ മ്യൂസിയം സന്ദർശിക്കാനും അവസരമുണ്ടാവും. ഡിസംബർ 31ന് വൈകുന്നേരം 6 മണിക്ക് ആരംഭിച്ച് അടുത്ത ദിവസം പുലർച്ചെ 8 മണിക്ക് അവസാനിക്കുന്ന പാക്കേജിൽ ഡിന്നറും ബ്രേക്ക്ഫാസ്റ്റും ഉൾപ്പെടുത്തിയിട്ടുണ്ട്. ബുക്കിങ്ങിനും കൂടുതൽ വിവരങ്ങൾക്കുമായി 068 021111 എന്ന നമ്പറിലോ mleihamanagement@discovermleiha.ae ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടാം.

Related Stories

No stories found.
logo
The Cue
www.thecue.in