ഏത് തരം പ്ലാസ്റ്റിക് ബാഗുകള്‍ക്കാണ് ജൂലൈ മുതല്‍ പണം ഈടാക്കുക, വ്യക്തമാക്കി ദുബായ് മുനിസിപ്പാലിറ്റി

ഏത് തരം പ്ലാസ്റ്റിക് ബാഗുകള്‍ക്കാണ് ജൂലൈ മുതല്‍ പണം ഈടാക്കുക, വ്യക്തമാക്കി ദുബായ് മുനിസിപ്പാലിറ്റി

പ്ലാസ്റ്റിക് ഉല്‍പന്നങ്ങളുടെ ഉപയോഗം കുറയ്ക്കുകയെന്നത് ലക്ഷ്യമിട്ട് ദുബായ് മുനിസിപ്പാലിറ്റി ജൂലൈ ഒന്നുമുതല്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകള്‍ക്ക് പണം ഈടാക്കും. രണ്ട് വർഷം കൊണ്ട് പൂർണമായും നിരോധിക്കുകയെന്നുളളതിന്‍റെ ആദ്യപടിയായാണ് ഒരു ബാഗിന് 25 ഫില്‍സ് എന്ന രീതിയില്‍ പണം ഈടാക്കുന്നത്. 57 മൈക്രോ മീറ്ററില്‍ കുറഞ്ഞ കനമുളള പ്ലാസ്റ്റിക്, പേപ്പർ, ബയോഡീഗ്രേഡബിള്‍ പ്ലാസ്റ്റിക്, ഓക്സോ പ്ലാസ്റ്റിക് എന്നിവയ്ക്കെല്ലാം ജൂലൈ മുതല്‍ പണം നല്‍കണം. അതേസമയം പൊതിയാനുപയോഗിക്കുന്ന ബാഗുകള്‍ക്ക് ഇത് ബാധകമല്ല. അതായത് ബ്രെഡ് ബാഗുകള്‍, പച്ചക്കറികള്‍, പഴങ്ങള്‍, മീന്‍,ഇറച്ചി തുടങ്ങിയ പൊതിയാനുപയോഗിക്കുന്ന റോള്‍ ബാഗുകള്‍, ഇലക്ട്രോണിക് ഗാഡ്ജെറ്റുകളുടെ ബാഗുകള്‍ എന്നിവയ്ക്കും പ്രത്യേക പണം ഈടാക്കില്ല. 57 മൈക്രോ മീറ്ററിന് മുകളില്‍ കനമുളള ബാഗുകള്‍ക്കും പണം നല്‍കേണ്ടതില്ല.

ബയോഡീഗ്രേഡബിള്‍ പ്ലാസ്റ്റിക് ബാഗുകളും പരിസ്ഥിതിക്ക് ദോഷകരമാണ്. ഇവ പൂർണമായും മണ്ണില്‍ അടിഞ്ഞുചേരില്ല. ഇതുകൊണ്ടുതന്നെയാണ് ബയോഡീഗ്രേഡബിള്‍ പ്ലാസ്റ്റിക് ബാഗുകള്‍ക്കും സമാനമായ വില ഈടാക്കാന്‍ തീരുമാനിച്ചതെന്നും ദുബായ് മുനിസിപ്പാലിറ്റി വ്യക്തമാക്കി.

ഓണ്‍ലൈന്‍ വിപണനകേന്ദ്രങ്ങള്‍ക്കും ഈ നിർദ്ദേശങ്ങളെല്ലാം ബാധകമാണ്. ബാഗുകള്‍ വാങ്ങണോ വേണ്ടയോയെന്നുളളത് ഉപഭോക്താവിന്‍റെ തീരുമാനമാണ്. പണം കൊടുത്ത് പ്ലാസ്റ്റിക് ബാഗുകള്‍ വാങ്ങുന്നതിന് പകരം തുണിസഞ്ചി ഉള്‍പ്പടെയുളളവ ഉപയോഗിക്കാം.

ദുബായിലെ എല്ലാ വ്യാപാരസ്ഥാപനങ്ങള്‍ക്കും നിർദ്ദേശം ബാധകമാണ്. ഏതെങ്കിലും വ്യാപാരസ്ഥാപനങ്ങള്‍ നിർദ്ദേശം പാലിക്കുന്നില്ലെന്ന് ഉപഭോക്താവിന് ബോധ്യപ്പെട്ടാല്‍ ഉപഭോക്തൃഅവകാശവിഭാഗത്തിന്‍റെ വെബ്സൈറ്റിലൂടെയോ ആപ്പിലൂടെയോ അക്കാര്യം അറിയിക്കാം. 600545555 എന്ന ടോള്‍ ഫ്രീ നമ്പറിലൂടെയും കാര്യങ്ങള്‍ അറിയിക്കാവുന്നതാണ്.

Related Stories

No stories found.
logo
The Cue
www.thecue.in