സ്വദേശിവല്‍ക്കരണത്തിലേക്ക് യുഎഇയും, ആശങ്കയോടെ പ്രവാസികള്‍

സ്വദേശിവല്‍ക്കരണത്തിലേക്ക് യുഎഇയും, ആശങ്കയോടെ പ്രവാസികള്‍

സൗദി അറേബ്യയ്ക്കും ഒമാനും കുവൈറ്റിനും പിന്നാലെ സ്വദേശിവല്‍ക്കരണം ശക്തമാക്കാന്‍ യുഎഇയും. യുഎഇയിലെ 50 ജീവനക്കാരില്‍ കൂടുതലുളള കമ്പനികളില്‍ വർഷം തോറും 2 ശതമാനമെന്ന നിലയില്‍ സ്വദേശി വല്‍ക്കരണം നടപ്പിലാക്കും. എന്നാല്‍ 2026 ആകുമ്പോഴേക്കും ഇത് 10 ശതമാക്കി ഉയർത്തും.എല്ലാ സാമ്പത്തിക മേഖലയിലും സ്വദേശികള്‍ക്കായി 12,000 ത്തോളം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയെന്നുളളതാണ് ലക്ഷ്യം.

സ്വദേശി പൗരന്മാരുടെ പരിശീലനത്തിന്‍റെയും ജോലിയുടെയും കാര്യത്തില്‍ വലിയ നേട്ടങ്ങള്‍ കൈവരിക്കുന്ന സ്വകാര്യമേഖലയിലെ സ്ഥാപനങ്ങള്‍ക്ക് മാനവ വിഭവ ശേഷി സ്വദേശി വല്‍ക്കരണ മന്ത്രാലയത്തിന്‍റെ സേവന ഫീസില്‍ 80 ശതമാനം ഇളവുനല്‍കുന്നതടക്കമുളളതും പുതിയ നിർദ്ദേശങ്ങളില്‍ പ്രധാനമാണ്.

അതേസമയം മാനദണ്ഡം കൃത്യമായി പാലിക്കാത്ത കമ്പനികള്‍ 2023 ജനുവരി മുതല്‍ ഓരോ പൗരനുമെന്ന രീതിയില്‍ പ്രതിമാസം 6000 ദിർഹം പിഴ അടയ്ക്കേണ്ടിവരും. അതായത് എത്ര ജോലിക്കാരുണ്ടോ അതിന്‍റെ കൃത്യമായ ശതമാനം സ്വദേശികളെ നിയമിക്കണമെന്നുളള നിയമത്തില്‍ അനുസൃതമായി വേണം കമ്പനികള്‍ പ്രവർത്തിക്കാന്‍ എന്നുളളതാണ് നിർദ്ദേശം.

2021 സെപ്റ്റംബർ മുതല്‍ 2022 മാർച്ച് വരെ സ്വകാര്യമേഖലയില്‍ ചേർന്ന സ്വദേശികളുടെ എണ്ണം 5558 ആണെന്നും പുതിയ ജീവനക്കാരെ നിയമിച്ച കമ്പനികളുടെ എണ്ണം 1774 ആയി വർദ്ധിച്ചുവെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

മറ്റ് ഗള്‍ഫ് രാജ്യങ്ങളിലേതുപോലെ യുഎഇയും സ്വദേശി വല്‍ക്കരണ നടപടികള്‍ കൂടുതല്‍ ശക്തമാക്കുമ്പോള്‍ ആശങ്കയിലാകുന്നത് പ്രവാസികളാണ്. വിവിധ സ‍ർക്കാർ വകുപ്പുകളില്‍ മലയാളികള്‍ ഉള്‍പ്പടെ നിരവധിപേരാണ് ജോലി ചെയ്യുന്നത്.

The Cue
www.thecue.in