സിനിമകളെടുക്കുന്നത് കല്ലേറും പൂമാലയും പ്രതീക്ഷിച്ചുതന്നെ: ആഷിഖ് അബു

സിനിമകളെടുക്കുന്നത് കല്ലേറും പൂമാലയും പ്രതീക്ഷിച്ചുതന്നെ: ആഷിഖ് അബു

ആത്മബന്ധം തോന്നുന്ന തിരക്കഥ സിനിമയാക്കുമ്പോള്‍ നിരവധി വെല്ലുവിളികള്‍ ഉണ്ടായിരുന്നുവെന്ന് സംവിധായകന്‍ ആഷിഖ് അബു.കല്ലേറും പൂമാലയും പ്രതീക്ഷിച്ചാണ് ഓരോ സിനിമയും ഒരുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വൈക്കം മുഹമ്മദ് ബഷീർ തിരക്കഥയെഴുതിയ നീലവെളിച്ചം സിനിമയുമായി ബന്ധപ്പെട്ട് ദുബായില്‍ വാർത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു നടനേയും എഡിറ്റ് കാണിക്കേണ്ട ആവശ്യമില്ലെന്നുളള ബി ഉണ്ണികൃഷ്ണന്‍റെ അഭിപ്രായത്തോട് യോജിക്കുന്നു. വേണമെങ്കില്‍ നിർമ്മാതാവിനെ കാണിക്കാമെന്നും ആഷിഖ് അബു പറഞ്ഞു.

യുവാക്കളാണ് എല്ലാ സിനിമകളും വിജയിപ്പിക്കുന്നതെന്ന് കരുതുനില്ലെന്ന് നടന്‍ ടൊവിനോ തോമസ് പറഞ്ഞു. കുംടുംബ പ്രേക്ഷകർ ഏറ്റെടുത്താലും സിനിമ ഹിറ്റാകും. ഏതെങ്കിലും ഒരു വിഭാഗമാണ് സിനിമയുടെ ഭാവിനിശ്ചയിക്കുന്നതെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എല്ലാ സിനിമകളും ഒരേ അഭിരുചിയില്‍ ഒരുക്കാന്‍ കഴിയില്ല.വൈക്കം മുഹമ്മദ് ബഷീർ എഴൂതിയ തിരക്കഥ എല്ലാ വിഭാഗങ്ങള്‍ക്കും വേണ്ടിയെഴുതിയതാണ് . ഇനിയും ഒരുപാട് സിനിമകള്‍ക്ക് സാധ്യതയുളള അക്ഷയഖനിയാണ് ആ തിരക്കഥ.അന്നത്തെ പാട്ടുകളെല്ലാം ഇനി തന്‍റേതുകൂടിയാണെന്നുളളത് സന്തോഷം നല്‍കുന്ന ചിന്തയാണെന്നും ടൊവിനോ പറഞ്ഞു. നീലവെളിച്ചത്തില്‍ അഭിനയിക്കുന്നതിന് മുന്‍പ് തിരക്കഥവായിച്ചു. സിനിമ കാണേണ്ടയെന്ന് സംവിധായകന്‍ ആഷിഖ് അബു പറഞ്ഞിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

തനിക്ക് ടെസയ്ക്ക് ശേഷം ലഭിച്ച മികച്ച കഥാപാത്രമാണ് നീലവെളിച്ചത്തിലെ നായിക കഥാപാത്രമെന്ന് റിമ കല്ലിങ്കല്‍ പറഞ്ഞു. അഭിനയത്തെ കുറച്ച് നല്ല പ്രതികരണമാണ് തനിക്ക് ലഭിക്കുന്നത്. മോശം പ്രതികരണങ്ങള്‍ തന്‍റെ ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നും റിമ പറഞ്ഞു. നടൻ ഷൈൻ ടോം ചാക്കോയും വാർത്താസമ്മേളനത്തില്‍ സംബന്ധിച്ചു. യുഎഇ അടക്കമുളള ജിസിസി രാജ്യങ്ങളിലെ 80 ഓളം തിയറ്ററുകളിലാണ് നീലവെളിച്ചം പ്രദർശിപ്പിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in