ഗാസയിൽ നിന്നുള്ള കുട്ടികൾക്കായി ബുർജീൽ ഹോൾഡിങ്‌സ് ഒരുക്കിയ വിനോദ സ്ഥലം സന്ദർശിച്ച് രാഷ്ട്ര തലവന്മാർ

ഗാസയിൽ നിന്നുള്ള കുട്ടികൾക്കായി ബുർജീൽ ഹോൾഡിങ്‌സ് ഒരുക്കിയ വിനോദ സ്ഥലം സന്ദർശിച്ച് രാഷ്ട്ര തലവന്മാർ
Published on

കുട്ടികളുടെ കളി സ്ഥലത്തേക്ക് രാഷ്ട്ര തലവന്മാർ എത്തുക പതിവുള്ള കാര്യമല്ല. അതുകൊണ്ടു തന്നെ ഏറെ സവിശേഷമായ സന്ദർശനത്തിനാണ് ഈജിപ്റ്റ്-ഗാസ അതിർത്തിയിലെ അൽ ആരിഷ് ആശുപത്രി കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത്. ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോണിന്‍റെ ഈജിപ്റ്റ് സന്ദർശനത്തിന്‍റെ ഭാഗമായാണ് മാക്രോണും ഈജിപ്റ്റ് പ്രസിഡൻ്റ് അബ്ദുൽ ഫത്താഹ് എൽ-സിസിയും അൽ അരിഷ് ഹോസ്പിറ്റലിലെ വെൽനസ് ഒയാസിസ് സന്ദർശിച്ചത്. ഗാസയിലെ ആക്രമണത്തിൽ പരിക്കേറ്റ കുട്ടികളുടെ ആരോഗ്യത്തിലേക്കുള്ള തിരിച്ചുവരവിനെ പിന്തുണയ്ക്കുന്നതിനായി അബുദാബി ആസ്ഥാനമായ ബുർജീൽ ഹോൾഡിങ്സ് ഒരുക്കിയ കളി സ്ഥലത്തെത്തിയ രാഷ്ട്ര നേതാക്കൾ കുട്ടികളുമായി സംസാരിച്ച് വിശേഷങ്ങൾ ആരാഞ്ഞു. ചികിത്സയിൽ കഴിയുന്ന അവരെ ആശ്വസിപ്പിച്ചു. കുട്ടികളും കളി ചിരികളുമായി ഇരുവർക്കുമൊപ്പം ചേർന്നു.

ഈജിപ്റ്റ് അതിർത്തി വഴി ഗാസയിൽ നിന്നെത്തിയ പരിക്കേറ്റവർക്ക് തുടക്കം മുതൽ ആശ്രയം അൽ ആരിഷ് ആശുപത്രിയാണ്. പ്രതിസന്ധിയിലായവർക്ക് സഹായമെത്തിക്കാനുള്ള ഇടപെടലുകളുടെ തുടർച്ചയായി കഴിഞ്ഞ വർഷമാണ് പ്രത്യേക വിനോദ മേഖല ആശുപത്രിയിൽ ബുർജീൽ ഹോൾഡിങ്‌സ് സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിലിന്‍റെ നേതൃത്വത്തിൽ സജ്ജീകരിച്ചത്. വിവിധ വിനോദോപാധികൾ ലഭ്യമാക്കിയിരിക്കുന്ന വെൽനസ് ഒയാസിസ് ആശുപത്രിയിൽ എത്തുന്ന കുട്ടികളുടെ പ്രിയ കേന്ദ്രമാണ്. ഒപ്പം എല്ലാ പ്രമുഖ സന്ദർശങ്ങളിലും ഒഴിച്ചു കൂടാനാവാത്ത ഇടമായും ഇവിടം മാറി. രാഷ്ട്ര തലവന്മാരുടെ സന്ദർശനത്തിലൂടെ ഈ കളിസ്ഥലം അന്താരാഷ്ട്ര മാധ്യമ വാർത്തകളിലും ഇടം നേടുകയാണ്.

Related Stories

No stories found.
logo
The Cue
www.thecue.in