എഴുതുന്നത് വരും തലമുറയ്ക്കായി: സുകുമാരന്‍ ചാലിഗദ്ധ

എഴുതുന്നത് വരും തലമുറയ്ക്കായി: സുകുമാരന്‍ ചാലിഗദ്ധ

തന്‍റെ ജീവിതമാണ് എഴുത്തിന്‍റെ പശ്ചാത്തലമൊരുക്കിയതെന്ന് എഴുത്തുകാരന്‍ സുകുമാരന്‍ ചാലിഗദ്ധ. തന്‍റെയും തന്‍റെ വംശത്തിന്‍റെയും ജീവിതം തന്നെയാണ് തന്‍റെ പശ്ചാത്തലം. അതാണ് അക്ഷരങ്ങളായി മാറുന്നത്. വരും കാലങ്ങളില്‍ വംശം ഇല്ലാതായാലും നമ്മളിവിടെയുണ്ടായിരുന്നുവെന്നത് വരും തലമുറ അറിയണം. അതിനാണ് എഴുത്തിലൂടെ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒലിവ് പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച കുറു എന്ന പുതിയ കഥാസമാഹാരം ഷാർജ പുസ്തകോത്സവത്തില്‍ പ്രകാശനം ചെയ്തു.

സുകുമാന്‍ ചാലിഗദ്ധ  ഷാ‍‍ർജ പുസ്തകോത്സവത്തിലെ  ഒലീവ് ബുക്സ്റ്റാ ളില്‍
സുകുമാന്‍ ചാലിഗദ്ധ ഷാ‍‍ർജ പുസ്തകോത്സവത്തിലെ ഒലീവ് ബുക്സ്റ്റാ ളില്‍

കാടും മേടും ഗോത്രവർഗക്കാരുടെ ജീവിതവും സംസ്കാരവും ആചാരാനുഷ്ഠാനങ്ങളുമെല്ലാം സുകുമാരന്‍ ചാലിഗദ്ധയുടെ എഴുത്തില്‍ കാണാം. മലയാളത്തിലും മലയാളം, കന്നഡ, തമിഴ്, തെലുങ്ക് എന്നീ ഭാഷകള്‍ ഇടകലര്‍ന്ന സമ്മിശ്ര ഭാഷയായ റാവുള ഭാഷയിലും സുകുമാരന്‍ കവിതകള്‍ എഴുതിയിട്ടുണ്ട്. കൂലിപ്പണിചെയ്തുളള വരുമാനമാണ് ആശ്രയം. അതിനിടയില്‍ പുസ്തകവും എഴുത്തുമെല്ലാം മുന്നോട്ടുകൊണ്ടുപോവുകയെന്നുളളത് അത്രഎളുപ്പമല്ല.എങ്കിലും എഴുത്തില്‍ ഉറച്ചുനില്‍ക്കുകയെന്നുളളതായിരുന്നു തന്‍റെ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

തങ്ങളാരേയും വേർതിരിച്ച് കാണുന്നില്ല. തങ്ങളെ വേർതിരിച്ചുകാണുന്നവരോട് ഒന്നും പറയാനുമില്ല. മനുഷ്യനെ മനുഷ്യരായി കാണുന്നവരാണ് തങ്ങളെന്നും അദ്ദേഹം പറഞ്ഞു. ചെറുപ്പത്തില്‍ തന്നെ വായനാശീലമുണ്ട്. 15 കിലോമീറ്റർ ദൂരത്തുളള വായനശാലയില്‍ പോയി വായിച്ചായിരുന്നു തുടക്കം.പിന്നീട് എഴുത്തിലേക്ക് തിരിഞ്ഞു. പ്രധാനമായും വംശത്തെ കുറിച്ചാണ് പഠിച്ചാണ്. ആദിവാസി ഗോത്ര ജീവിതത്തെ കുറിച്ച് കൂടുതല്‍ മനസിലാക്കി.മനസിലാക്കിയതും പഠിച്ചതുമെല്ലാം എഴുതി. പ്രകൃതിയെ പുസ്തകമാക്കിയാണ് മുന്നോട്ട് പോയത്.കാടാണ് ജീവിതം. അതാണ് എഴുത്തില്‍ പ്രതിഫലിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വികസനമെന്ന നാലക്ഷരത്തില്‍ കൊളുത്തി നഗരജീവിതത്തിലേക്ക് വലിച്ചടുപ്പിക്കാന്‍ ശ്രമിക്കുന്ന കപടതയില്‍ സ്വത്വം തിരയുന്ന കാടിന്‍റെ മനുഷ്യർ സുകുമാരന്‍ ചാലിഗദ്ധയുടെ എഴുത്തില്‍ കാണാം.

പലരാജ്യങ്ങളില്‍ നിന്നും വരുന്ന പ്രസാധകരെയും എഴുത്തുകാരെയും അതിഥികളെയുമെല്ലാം കാണാനും പരിചയപ്പെടാനും സാധിക്കുന്ന വേദിയാണ് ഷാ‍ർജ പുസ്തകോത്സവംയ ഇത്തരമൊരുവേദിയില്‍ എത്തിപ്പെടാന്‍ സാധിക്കുമെന്ന് കരുതിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഒലീവ് ബുക്സ് പ്രസിദ്ധീകരിച്ച ബേത്തിമാരന്‍ എന്ന പുസ്തകവും ശ്രദ്ധനേടിയ പുസ്തകങ്ങളിലൊന്നാണ്. സുകുമാരനെ വീട്ടില്‍ വിളിച്ചിരുന്ന പേരാണ് ബേത്തിമാരന്‍. ബേത്തിമാരന്‍ എന്ന പയ്യന്‍ സുകുമാരന്‍ ചാലിഗദ്ധയായി മാറിയ കഥാവഴിയാണ് പുസ്തകം പറയുന്നത്. വയനാട് ജില്ലയിലെ മാനന്തവാടി കുറുവ ദ്വീപിനോടും കബനി പുഴയോടും ചേർന്ന് കിടക്കുന്ന ചാലിഗദ്ധയെന്ന ഗ്രാമത്തിലാണ് ജനിച്ചത്. കേരള സാഹിത്യഅക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗം കൂടിയാണ് സുകുമാന്‍ ചാലിഗദ്ധ.

Related Stories

No stories found.
logo
The Cue
www.thecue.in