എമിറേറ്റ്സ് മെഡിക്കൽ ഡേ : ആരോഗ്യ മേഖലയിലെ മുന്നണിപ്പോരാളികൾക്ക് ആദരവർപ്പിച്ച് സംഗീത വീഡിയോ പുറത്തിറങ്ങി

എമിറേറ്റ്സ് മെഡിക്കൽ ഡേ : ആരോഗ്യ മേഖലയിലെ മുന്നണിപ്പോരാളികൾക്ക് ആദരവർപ്പിച്ച് സംഗീത വീഡിയോ പുറത്തിറങ്ങി

ആരോഗ്യരംഗത്തെ മുന്നണിപ്പോരാളികളെ ആദരിക്കാൻ അതിരുകളില്ലാത്ത സംഗീതത്തിലൂടെ ഒത്തു ചേർന്ന് ഇന്ത്യയിലെയും മധ്യപൂർവ്വദേശത്തെയും സംഗീതജ്ഞരും ഗായകരും. ലോകമെമ്പാടുമുള്ള ആരോഗ്യപ്രവർത്തകർക്ക് ആദരവൊരുക്കുകയാണ് 'ഹാർക്കൻ' എന്ന സംഗീത വീഡിയോ. ഇന്ത്യയിൽ നിന്ന് പ്രമുഖ സംഗീത ബാൻഡായ തൈക്കുടം ബ്രിഡ്ജും യുഎഇയിലെ ആദ്യ വനിതാ സംഗീത സംവിധായകയായ ഇമാൻ അൽ ഹാഷ്മിയും മിഡിൽ ഈസ്റ്റിലെ യുവ ഗായകനായ അമീർ സർക്കാനിയുമാണ് മൂന്ന് ഭാഷകളിലുള്ള വരികൾക്ക് ശബ്ദവും സംഗീതവും പകർന്നത്.

യുഎഇയുടെ ആദ്യ എമിറേറ്റ്സ് മെഡിക്കൽ ദിനത്തോടനുബന്ധിച്ച് വിപിഎസ് ഹെൽത്ത്കെയർ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ഷംഷീർ വയലിൽ വീഡിയോ റിലീസ് ചെയ്തു. സമൂഹത്തിന്‍റെ ആരോഗ്യം സംരക്ഷിക്കുന്നതിലും ശക്തമായ ആരോഗ്യ സംരക്ഷണ സംവിധാനം കെട്ടിപ്പടുക്കുന്നതിലും ആരോഗ്യപ്രവർത്തകർ വഹിക്കുന്ന പങ്കിന് രാഷ്ട്രം അവരോട് കടപ്പെട്ടിരിക്കുന്നു. വെല്ലുവിളി നിറഞ്ഞ സമയങ്ങളിൽ പ്രതീക്ഷയും വെളിച്ചവും പകർന്ന ആരോഗ്യ പ്രവർത്തകർക്ക് നന്ദി പറയുന്നതായും സമൂഹ മാധ്യമങ്ങളിലൂടെ വീഡീയോ റിലീസ് ചെയ്ത ഡോ. ഷംഷീർ പറഞ്ഞു.

ആരോഗ്യ പ്രവർത്തകരുടെ ധീരതയും ത്യാഗവും പ്രതിരോധവും പ്രതിഫലിക്കുന്നതാണ് ദൃശ്യങ്ങൾ. തൈക്കുടം ബ്രിഡ്ജിൽ അംഗമായ അശോക് ബെറ്റി നെൽസനാണ് ഹാർക്കന്‍റെ രചയിതാവ്. അറബിക്, ഉറുദു, ഇംഗ്ലീഷ് ഭാഷകളിലാണ് വരികൾ. വിപിഎസ് ഹെൽത്ത്കെയർ നിർമ്മിച്ച വീഡിയോ ചിത്രീകരിച്ചിരിക്കുന്നത് ദുബായ്, അബുദബി, കൊച്ചി എന്നിവിടങ്ങളിലാണ്. യുഎഇയിലെ ആരോഗ്യപ്രവർത്തകരാണ് വീഡിയോയിൽ അണിനിരക്കുന്നത്. എമിറാത്തി സംഗീത സംവിധായകയായ ഇമാൻ അൽ ഹാഷ്മി അബുദാബിയിലെ പ്രശസ്തമായ ലൂർ മ്യൂസിയത്തിൽ നിന്ന് ഇവർക്കൊപ്പം പിയാനോ വായിക്കുന്നു.

മഹാമാരിയില്‍ മുന്നണിയില്‍ സേവനം നല്‍കിയ ആരോഗ്യപ്രവർത്തകർക്ക് നന്ദിപറയുകയാണ് വീഡിയോയെന്നും നിസ്വാർത്ഥ സേവനങ്ങൾക്ക് അവരോട് ലോകം എപ്പോഴും കടപ്പെട്ടിരിക്കുമെന്നും തൈക്കുടം ബ്രിഡ്ജ് അംഗവും പ്രമുഖ സംഗീത സംവിധായകനും ഗായകനുമായ ഗോവിന്ദ് വസന്ത പറഞ്ഞു. തൈക്കുടം ബ്രിഡ്ജിലെ ഗായകരായ അനീഷ് ഗോപാലകൃഷ്ണനും കൃഷ്ണ ബൊംഗാനെയുമാണ് 'ഹാർക്കനിലെ' ഇംഗ്ലീഷ്, ഉറുദു വരികൾ ആലപിച്ചത്

Related Stories

No stories found.
logo
The Cue
www.thecue.in