ദുബായ് എക്സ്പോ സിറ്റി ഒക്ടോബർ ഒന്നിന് തുറക്കും, ദുബായ് ഭരണാധികാരി

ദുബായ് എക്സ്പോ സിറ്റി ഒക്ടോബർ ഒന്നിന് തുറക്കും, ദുബായ് ഭരണാധികാരി

എക്സ്പോ 2020 യ്ക്ക് വേദിയായ സ്ഥലം എക്സ്പോ സിറ്റിയായി മാറും. ഇത് സംബന്ധിച്ച പ്രഖ്യാപനം യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം നടത്തി.മ്യൂസിയം, ലോകോത്തര നിലവാരത്തിലുളള എക്സിബിഷന്‍ കേന്ദ്രം, അത്യാധുനികവും അതിവേഗം വളരുന്നതുമായ കമ്പനികളുടെ ആസ്ഥാനങ്ങളും എക്സ്പോ സിറ്റിയിലുണ്ടാകും. ഇതു കൂടാതെ എക്സ്പോ 2020 യിലുണ്ടായിരുന്ന ചില പവലിയനുകളും നിലനിർത്തും. ദുബായുടെ ആഗ്രഹങ്ങളാണ് സിറ്റിയില്‍ പ്രതിഫലിക്കുകയെന്ന് ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.

24 ദശലക്ഷം സന്ദർശകർക്ക് ആതിഥ്യമരുളിയ എക്സ്പോ 2020 വേദിയാണ് എക്സ്പോ സിറ്റിയായി മാറുന്നത്. കുടുംബങ്ങളെയും ഭാവി തലമുറയേയും പരിപാലിക്കുന്ന പരിസ്ഥിതി സൗഹൃദ നഗരമായിരിക്കും ഇത്. രണ്ട് വിമാനത്താവളങ്ങളുമായും തുറമുഖവുമായും സിറ്റിയെ ബന്ധിപ്പിക്കും.യുഎഇ സൗദി അറേബ്യ, മൊറോക്കോ,ഈജിപ്ത് പവലിയനുകള്‍ അതേപടി നിലനിർത്തും. എല്ലാ നഗരങ്ങളുടെയും സ്വപ്നങ്ങള്‍ ഉള്‍ക്കൊളളുന്ന നഗരമായിരിക്കും എക്സ്പോ സിറ്റിയെന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.2022 ഒക്ടോബർ ഒന്നിനായിരിക്കും എക്സ്പോ സിറ്റി തുറക്കുക. അല്‍ വാസല്‍ പ്ലാസ, ഗാർഡന്‍ ഇന്‍ ദ സ്കൈ നിരീക്ഷണ ടവർ, സർറിയല്‍ വാട്ടർ ഫീച്ചർ എന്നിവയും അതേപടി നിലനിർത്തും.

അതേസമയം, അലിഫ്, മൊബിലിറ്റി പവലിയൻ, ടെറ, സുസ്ഥിരത പവലിയൻ എന്നിവയും സിറ്റിയിലുണ്ടാകും. ഓപ്പർച്യൂണിറ്റി പവലിയനായിരിക്കും ദുബായ് മ്യൂസിയമായി മാറുക. അതേസമയം,ലക്സംബർഗ്, ഓസ്ട്രേലിയ, പാകിസ്ഥാൻ, ഇന്ത്യ, മൊറോക്കോ, ഈജിപ്ത് എന്നീ പവലിയനുകളുടെ നവീകരിച്ച പതിപ്പുകള്‍ ഉള്‍പ്പടെ വിവിധ വിവിധ രാജ്യപവലിയനുകളുടെ വിശദാംശങ്ങള്‍ പിന്നീട് പ്രഖ്യാപിക്കും.

The Cue
www.thecue.in