ദുബായില്‍ ആകാശകല്ല്യാണമൊരുങ്ങുന്നു

ദുബായില്‍ ആകാശകല്ല്യാണമൊരുങ്ങുന്നു

ആഢംബര വിവാഹങ്ങള്‍ക്ക് പേരുകേട്ട ദുബായില്‍ വീണ്ടുമൊരു ആകാശകല്ല്യാണത്തിന് അരങ്ങൊരുങ്ങുന്നു. യുഎഇയിലും ഇന്ത്യയിലും ബിസിനസുളള പോപ്ലി കുടുംബത്തിലെ പുതു തലമുറയിലെ വിധിയാണ് വധു. നവംബർ 24 ന് ദുബായില്‍ നിന്ന് ഒമാനിലേക്കുളള വിമാനത്തിലാണ് 300 പേർ അതിഥികളായി എത്തുന്ന വിവാഹം നടക്കുക. ഹോളിവുഡില്‍ നിന്നും ബോളിവുഡില്‍ നിന്നുമുളള പ്രമുഖരും ചടങ്ങില്‍ സംബന്ധിക്കും.

സ്വകാര്യ ചാർട്ടർ ഫ്‌ളൈറ്റ് ഓപ്പറേറ്ററായ ജെറ്റെക്‌സിന്‍റെ ബോയിംഗ് 747 വിമാനം ദുബായില്‍ നിന്ന് ഒമാനിലേക്കുളള 3 മണിക്കൂർ യാത്രയിലാണ് വിവാഹചടങ്ങുകള്‍ നടക്കുക.വിമാനത്തിൽ തീ കൊണ്ടുള്ള ചില ചടങ്ങുകൾ നടത്താൻ കഴിയാത്തതിനാൽ മറ്റ് ചടങ്ങുകള്‍ ഹോട്ടലില്‍ വച്ച് നടത്തും. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന വിവാഹാഘോഷങ്ങളില്‍ 1000 അതിഥികള്‍ പങ്കെടുക്കും.

ആകാശത്തിന്‍റെ രാജ്ഞി എന്ന് വിളിക്കപ്പെടുന്ന ബോയിംഗ് 747 വിമാനത്തിനുള്ളിൽ വിവാഹ ചടങ്ങുകൾ നടത്താൻ ഇടം നൽകുന്നതിനായി പുനർനിർമ്മിക്കുകയും പുനഃക്രമീകരിക്കുകയും ചെയ്തിട്ടുണ്ട്.ഒരു വർഷമായി വിവാഹത്തിനോട് അനുബന്ധിച്ചുളള ഒരുക്കങ്ങള്‍ നടത്തി വരികയാണെന്ന് ദിലീപ് പോപ്ലി പറഞ്ഞു. 1994 ല്‍ എയർ ഇന്ത്യയില്‍ വച്ചാണ് ദിലീപിന്‍റെയും പത്നിയുടെയും വിവാഹം നടന്നത്. തന്‍റെ പിതാവിന്‍റെ സ്വപ്നമായിരുന്നു അത്. ഇപ്പോള്‍ തന്‍റെ മകളിലൂടെ വീണ്ടും ആകാശകല്ല്യാണത്തിന് അരങ്ങൊരുങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു. തന്‍റെ മകളുടെയോ മകന്‍റെയോ വിവാഹം ബഹിരാകാശത്ത് വെച്ച് നടത്തണമെന്ന് താൻ സ്വപ്നം കണ്ടിരുന്നെന്നും എന്നാൽ അത് സാധ്യമാക്കാൻ സാങ്കേതിക വിദ്യ കാത്തിരിക്കുമെന്നും ദിലീപ് പറഞ്ഞു.

ഈ മേഖലയില്‍ ആകാശത്ത് നടക്കുന്ന ഇത്തരത്തിലുളള ആദ്യ വിവാഹമായതിനാല്‍ ഗിന്നസ് വേള്‍ഡ് റെക്കോർഡുമായേക്കാമെന്ന് ഡിസൈനറായ ചീമൂ ആചാര്യ പറഞ്ഞു. സംഗീതവും മെഹന്ദിയും തുടങ്ങി എല്ലാ ആഘോഷങ്ങളുമുളള വിവാഹമാണിതെന്നും 6-7 ദശലക്ഷം ചെലവ് വരുമെന്നും അവർ വിശദീകരിച്ചു. ഉന്നത വ്യവസായികൾ, ബോളിവുഡ് സൂപ്പർതാരങ്ങൾ, രാഷ്ട്രീയക്കാർ, ഉദ്യോഗസ്ഥർ എന്നിവരും ചടങ്ങില്‍ പങ്കെടുക്കും.

Related Stories

No stories found.
logo
The Cue
www.thecue.in