ഓരോ സിനിമ റിലീസാകുമ്പോഴും ആദ്യ സിനിമ റിലീസാകുന്ന നെഞ്ചിടിപ്പ് : മമ്മൂട്ടി

ഓരോ സിനിമ റിലീസാകുമ്പോഴും ആദ്യ സിനിമ റിലീസാകുന്ന നെഞ്ചിടിപ്പ് : മമ്മൂട്ടി

ഓരോ സിനിമ റിലീസാകുമ്പോഴും ആദ്യത്തെ സിനിമപോലെതന്നെയാണെന്ന് മമ്മൂട്ടി. സിനിമ കഠിനാധ്വാനത്തിന്‍റെ ഫലമാണ്. ഏത് പ്രവൃത്തിചെയ്താലും അതിന്‍റെ ഫലമെന്തെന്ന് അറിയാനുളള ആകാംക്ഷയുണ്ടാകും. പഠിച്ച് പരീക്ഷയെഴുതി റിസല്‍റ്റ് കാത്തിരിക്കുന്ന കുട്ടിയുടെ മാനസികാവസ്ഥയാണ് ഓരോ സിനിമ റിലീസാകുമ്പോഴുമെന്നും മമ്മൂട്ടി പറഞ്ഞു. ഇന്ന് റിലീസാകുന്ന മമ്മൂട്ടി ചിത്രം കണ്ണൂർ സ്ക്വാഡിന്‍റെ പ്രൊമോഷന്‍റെ ഭാഗമായി ദുബായില്‍ നടത്തിയ വാർത്താസമ്മേളത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉത്തരം കൃത്യമാണെങ്കില്‍ പരീക്ഷയ്ക്ക് മാർക്ക് ലഭിക്കും. എന്നാല്‍ സിനിമ കാണുന്നവരാണ് മാർക്കിടേണ്ടത്. സിനിമ അവരെ എത്രത്തോളം സ്വാധീനിക്കുന്നുവെന്നുളളതാണ് പ്രധാനം. മനപ്പൂർവ്വം സിനിമയ്ക്കെതിരെ മാർക്കിടുമെന്ന് കരുതുന്നില്ല എന്നാല്‍ അഭിപ്രായ സ്വാതന്ത്ര്യം മറ്റുളളവർക്ക് പണയം വയ്ക്കാതിരിക്കുകയെന്നുളളതും പ്രധാനമാണ്. നമുക്കുളള അഭിപ്രായം നമ്മള്‍ തന്നെ പറയണം. മറ്റുളളവരുടെ അഭിപ്രായം നമ്മുടേതായി മാറരുതെന്നും അദ്ദേഹം പറഞ്ഞു.

അമാനുഷികരല്ല കണ്ണൂർ സ്ക്വാഡിലെ കഥാപാത്രങ്ങള്‍, പ്രേക്ഷകന് തിരിച്ചറിയാന്‍ പറ്റുന്ന, കണ്ടുപരിചയമുളള, ജീവസുറ്റ, സത്യസന്ധമായ കഥാപാത്രങ്ങളാണ് ഇതില്‍. സിനിമയെ കുറിച്ചുളള പ്രേക്ഷകരുടെ പ്രതീക്ഷകളാണ് ഓരോ ചിത്രത്തിന്‍റെയും ഹൈപ്പ്. വളരെ സത്യസന്ധമായെടുത്ത സിനിമയാണ കണ്ണൂർ സ്ക്വാഡ്. മറ്റ് അവകാശവാദങ്ങളൊന്നുമില്ലെന്നും മമ്മൂട്ടി പറഞ്ഞു. ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി ഓസ്കാറിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട 2018 ന്‍റെ അണിയറപ്രവർത്തകർക്ക് അദ്ദേഹം അഭിനന്ദനങ്ങൾ അറിയിച്ചു.

മമ്മൂട്ടിയ്ക്ക് വേണ്ടിയെഴുതിയ സ്ക്രിപ്റ്റല്ല. ആദ്യം സമീപിച്ച നടന്‍ ഡോക്യുഫിക്ഷനെന്ന് വിലയിരുത്തിയാണ് വേണ്ടെന്ന് വച്ചത്. എന്നാല്‍ പിന്നീട് മമ്മൂട്ടിയുടെ അടുത്ത് കഥപറയുകയും അദ്ദേഹത്തിന് ഇഷ്ടപ്പെടുകയും ചെയ്തതിലൂടെയാണ് കണ്ണൂർ സ്ക്വാഡിലെ എഎസ്ഐയായി അദ്ദേഹമെത്തുന്നതെന്ന് റോണി ഡേവിഡ് പറഞ്ഞു. സംഭവകഥയാണ്. ചിത്രത്തിലെ കഥാപാത്രങ്ങള്‍ ഇപ്പോഴുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.നായിക പ്രധാന്യമുളള കഥയല്ല, അതുകൊണ്ടാണ് സിനിമയില്‍ നായികാസാന്നിദ്ധ്യമില്ലാത്തതെന്ന് അദ്ദേഹം വിശദീകരിച്ചു. ശബരീഷ് വർമ, അസീസ് നെടുമങ്ങാട്, ട്രൂത്ത്​ ഗ്ലോബൽ സി.ഇ.ഒ അബ്​ദുസമ്മദ്​ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.ജി.സി.സിയിൽ 130ലേറെ തിയറ്ററുകളിലാണ് കണ്ണൂർ സ്ക്വാഡ് പ്രദർശനത്തിനെത്തുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in