ബറോസ് ഒരുങ്ങുന്നത് 20 ഭാഷകളില്‍, നല്ല സിനിമകള്‍ക്ക് ബജറ്റ് തടസ്സമാകരുത്: മോഹന്‍ലാല്‍

ബറോസ് ഒരുങ്ങുന്നത് 20 ഭാഷകളില്‍, നല്ല സിനിമകള്‍ക്ക് ബജറ്റ് തടസ്സമാകരുത്: മോഹന്‍ലാല്‍

മോഹന്‍ലാലിന്‍റെ ആശീർവാദ് സിനിമാസ് അന്താരാഷ്ട്ര തലത്തിലേക്കും പ്രവർത്തനം വ്യാപിപ്പിക്കുന്നു. ദുബായ് ബിസിനസ് ബേയിലെ ആശീർവാദ് സിനിമാസ് ആസ്ഥാനത്തിന്‍റേയും വിതരണശൃംഖലയുടെയും ഉദ്ഘാടനം മോഹന്‍ലാല്‍ നിർവ്വഹിച്ചു.

അന്താരാഷ്ട്ര തലത്തില്‍ സിനിമകളുടെ സാധ്യത മുന്നില്‍ കണ്ടുകൊണ്ടാണ് ദുബായ് കേന്ദ്രമായി ആശീർവാദ് സിനിമാസ് പ്രവർത്തനം വിപുലീകരിക്കുന്നത്. മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് സിനിമ 20 ഭാഷകളിലാണ് പ്രദർശനത്തിന് എത്തുക. നരസിംഹം മുതല്‍ ബറോസ് വരെ 33 സിനിമകളാണ് ആശീർവാദ് സിനിമാസ് ചെയ്തത്. അന്താരാഷ്ട്ര തലത്തിലേക്കു കൂടി പ്രവർത്തനം എത്തിക്കുകയെന്നുളളത് ലക്ഷ്യമിട്ടാണ് ദുബായില്‍ ഓഫീസ് തുടങ്ങുന്നതെന്ന് മോഹന്‍ ലാല്‍ പറഞ്ഞു.

സിനിമകള്‍ക്ക് വളരെ വലിയ സാധ്യതകളാണ് ഉളളത്. ദക്ഷിണേന്ത്യന്‍ സിനിമകളെല്ലാം പാന്‍ ഇന്ത്യന്‍ സിനിമകളായാണ് വരുന്നത്. മലയാള സിനിമകള്‍ക്ക് മാത്രമല്ല, ഇതര ഭാഷാ ചിത്രങ്ങള്‍ക്കും ഉപയോഗപ്രദമാകുന്ന രീതിയിലായിരിക്കും ദുബായിലെ ഓഫീസിന്‍റെ പ്രവർത്തനമെന്നും അദ്ദേഹം പറഞ്ഞു. വിതരണം, നിർമാണം, ഇവന്‍റ് മാനേജ്‌മെന്‍റ് എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചായിരിക്കും പ്രവർത്തനം. ഗള്‍ഫിലെ വിതരണകമ്പനിയായ ഫാർസുമായി സഹകരിച്ചായിരിക്കും ഗള്‍ഫിലെ ആശീർവാദിന്‍റെ പ്രവർത്തനം.

വലിയ സാധ്യതകളാണ് അന്താരാഷ്ട്ര തലത്തില്‍ സിനികള്‍ക്കുളളത്. ചൈനീസും പോർച്ചുഗീസും ഉള്‍പ്പടെ 20 ഭാഷകളില്‍ ഡബ് ചെയ്തോ സബ് ടൈറ്റില്‍ ഒരുക്കിയോ ബറോസ് പുറത്തിക്കുകയെന്നുളളതാണ് ലക്ഷ്യം. എമ്പുരാന്‍ അടക്കം മിക്ക ചിത്രങ്ങളിലും രണ്ടിലേറെ ഭാഷകളില്‍ നിർമ്മിക്കും. ആശീർവാദിന്‍റെ ഇതുവരെയുളള പ്രവർത്തനത്തിന്‍റെ ശക്തിയും ബുദ്ധിയും ആന്‍റണി പെരുമ്പാവൂരാണ്. ഈ സിനികളിലൊക്കെ ആന്‍റണിയും ഭാഗമാണ്. അതുതന്നെയാണ് തങ്ങള്‍ തമ്മിലുളള ബന്ധത്തിന്‍റെ ആഴവും.

സിനിമയുടെ ഭാഷമാറുന്ന സമയത്ത് നമ്മളും മാറുകയാണ്. പല സിനിമകളും പാന്‍ ഇന്ത്യ സിനിമയായാണ് വരുന്നത്.എന്നാല്‍ വലിയ സിനിമകള്‍ക്ക് നിർമ്മാണ ചെലവും കൂടുതലാണ്. നല്ല സിനിമകള്‍ക്ക് ബജറ്റ് തടസ്സമാകരുത്. ഗുണനിലവാരത്തെ ബാധിക്കാത്ത രീതിയില്‍ സിനിമയൊരുക്കണം. ആ സാധ്യത കണ്ടുകൊണ്ടാണ് ദുബായ് ആസ്ഥാനമായി പ്രവർത്തനം വിപുലീകരിക്കുന്നത്.

സിനിമ ഡയറക്ട് ചെയ്യണമെന്ന് ആഗ്രഹമുളളയാളല്ല താന്‍, പക്ഷെ വ്യത്യസ്തമായ സിനിമ വന്നപ്പോള്‍ ചെയ്തുവെന്നുളളതാണ് യഥാർത്ഥ്യം. തെലുങ്കിലും മലയാളത്തിലും വരുന്ന വൃഷഭം എന്ന സിനിമയുടെ നിർമ്മാണ പ്രവർത്തനവും ദുബായ് കേന്ദ്രീകരിച്ചാകും നടക്കുകയെന്നും മോഹന്‍ ലാല്‍ പറഞ്ഞു. നിർമ്മാതാവ് ആന്‍റണി പെരുമ്പാവൂർ, ഫാർസ് ഫിലിംസ് മേധാവി അഹമ്മദ് ഗുല്‍ഷന്‍ എന്നിവരും വാർത്താസമ്മേളത്തില്‍ പങ്കെടുത്തു.

Related Stories

No stories found.
logo
The Cue
www.thecue.in