പഴയ പാസ്പോർട്ടില്‍ രേഖപ്പെടുത്തിയത് പുരുഷന്‍, ട്രാന്‍സ് ജെന്‍ഡർ രഞ്ജു രഞ്ജിമാ‍ർ മണിക്കൂറുകളോളം ദുബായ് വിമാനത്താവളത്തില്‍ കുടുങ്ങി

പഴയ പാസ്പോർട്ടില്‍ രേഖപ്പെടുത്തിയത് പുരുഷന്‍, ട്രാന്‍സ് ജെന്‍ഡർ രഞ്ജു രഞ്ജിമാ‍ർ മണിക്കൂറുകളോളം ദുബായ് വിമാനത്താവളത്തില്‍ കുടുങ്ങി

പാസ്പോർട്ടില്‍ ജന്‍ഡർ രേഖപ്പെടുത്തിയതിലെ ആശയകുഴപ്പം മൂലം പ്രശസ്ത മേക്കപ്പ് ആ‍ർട്ടിസ്റ്റായ രഞ്ജു രഞ്ജിമാർ ദുബായ് വിമാനത്താവളത്തില്‍ മണിക്കൂറുകളോളം കുടുങ്ങി.തിങ്കളാഴ്ച രാവിലെ ആറരയോടെയാണ് അവർ ദുബായ് വിമാനത്താവളത്തിലെത്തിയത്.രഞ്ജുവിന്‍റെ പഴയ പാസ്പോർട്ടില്‍ പുരുഷന്‍ എന്നാണ് രേഖപ്പെടുത്തിയിരുന്നത്. പുതിയ പാസ്പോർട്ടില്‍ സ്ത്രീ എന്നും. ഇതോടെ ആശയകുഴപ്പത്തിലായ അധികൃതർ രഞ്ജുവിനോട് തിരിച്ചുപോകേണ്ടി വരുമെന്ന് വ്യക്തമാക്കി. എന്നാല്‍ അവർ അതിന് തയ്യാറായില്ല.

ദുബായ് വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ നടപടിയിലാണ് സിസ്റ്റത്തില്‍ പുരുഷന്‍ എന്ന് രേഖപ്പെടുത്തിയത് അധികൃതരുടെ ശ്രദ്ധയില്‍ പെട്ടത്.ഇതോടെ പാസ്പോർട്ടില്‍ കൃത്രിമം നടത്തിയിട്ടുണ്ടോയെന്ന സംശയം ഉടലെടുത്തു. ഇതോടെ രഞ്ജുവിനെ നാട്ടിലേക്ക് തിരിച്ചയക്കാനുളള നടപടികള്‍ ആരംഭിച്ചു. എന്നാല്‍ യുഎഇയിലെ സാമൂഹ്യപ്രവർത്തകനും അഭിഭാഷകനുമായ ഹാഷിഖ്​ തൈക്കണ്ടി, രഞ്ജുവിന്‍റെ സുഹൃത്ത്​ ഷീല സതികുമാർ തുടങ്ങിയവരുടെ ഇടപെടലാണ് ആശയകുഴപ്പം നീക്കിയത്. അധികൃതരുമായി നേരിട്ടും ഫോണിലും ഇവർ സംസാരിക്കുകയും കാര്യങ്ങള്‍ വ്യക്തമാക്കുകയും ചെയ്തു. ഇന്ത്യൻ കോൺസുലേറ്റും ദുബായ് ഇമിഗ്രേഷൻ മേലുദ്യോഗസ്ഥരും ഇടപെട്ടതോടെ ആശയകുഴപ്പം നീങ്ങി രഞ്ജുവിന് വിമാനത്താവളത്തിന് പുറത്തിറങ്ങാന്‍ സാധിച്ചു.

രണ്ട് തവണ തിരിച്ചുപോകാനുളള ടിക്കറ്റ് തന്നു, എന്നാല്‍ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ സാധിച്ചതോടെയാണ് ഇറങ്ങാന്‍ സാധിച്ചതെന്ന് രഞ്ജു പ്രതികരിച്ചു.യുഎഇ സ‍ർക്കാരിനോട് നന്ദി അറിയിക്കുന്നുവെന്നും അവർ പറഞ്ഞു. മാനുഷിക പരിഗണന ദുബായ് നല്‍കുന്നുവെന്നതിന്‍റെ ഉദാഹരണമാണിതെന്ന് ഹാഷിക്കും പ്രതികരിച്ചു. തന്‍റെ ബ്യൂട്ടീകെയ‍ർ സ്ഥാപനവുമായി ബന്ധപ്പെട്ടാണ് അവർ ദുബായിലെത്തിയത്.

Related Stories

No stories found.
logo
The Cue
www.thecue.in