ജിസിസിയിലെങ്ങുമുളള ലുലു ഹൈപ്പർമാർക്കറ്റുകളില്‍ 'ഇന്ത്യ ഉത്സവ്' ആരംഭിക്കുന്നു

 ജിസിസിയിലെങ്ങുമുളള ലുലു ഹൈപ്പർമാർക്കറ്റുകളില്‍ 'ഇന്ത്യ ഉത്സവ്' ആരംഭിക്കുന്നു

ജിസിസിയിലെങ്ങുമുളള ലുലു ഹൈപ്പ‍ർമാർക്കറ്റുകളില്‍ ഇന്ത്യാ ഉത്സവ് ആരംഭിക്കുന്നു. ഇന്ത്യയുടെ 75 മത് സ്വാതന്ത്ര്യ ദിനം- ആസാദി കാ അമൃത് മഹോത്സവത്തിന്‍റെ ഭാഗമാണ് ഇന്ത്യാ ഉത്സവ് നടക്കുന്നത്. ഓഗസ്റ്റ് 15 ന് അബുദബി അല്‍ വാഹ്ദാ മാളിലായിക്കും ഇന്ത്യാ ഉത്സവിന്‍റെ ഉദ്ഘാടനമെന്ന് ദുബായ് ലുലു റീജിയണല്‍ ഹെഡ് ക്വാർട്ടേഴ്സില്‍ നടത്തിയ വാർത്താസമ്മേളത്തില്‍ ലുലു അധികൃതർ അറിയിച്ചു.

സംസ്കാരം, വാണിജ്യം,ഭക്ഷണം എന്നിങ്ങനെ ഇന്ത്യയെ വേറിട്ട് നിർത്തുന്ന മൂന്ന് കാര്യങ്ങളുടെ സംയോജനമാകും ലുലു ഇന്ത്യാ ഉത്സവ്. ഇന്ത്യയുടെ സംസ്കാര വൈവിധ്യത്തെ അനുഭവവേദ്യമാകുന്ന നിരവധി പരിപാടികള്‍ എല്ലാത്തവണയും ലുലു ഒരുക്കാറുണ്ട്. എന്നാല്‍ ഇന്ത്യ സ്വതന്ത്രയായതിന്‍റെ 75 വർഷം ആഘോഷിക്കുന്ന ഈ വേളയില്‍ ഇന്ത്യാ ഉത്സവ് രാജ്യത്തോടുളള ആദരവ് കൂടിയാണെന്ന് ലുലു ഗ്രൂപ്പ് ഡയറക്ടർ എം എ സലീം പറഞ്ഞു.

കോവിഡ് മഹാമാരിയുടെ രണ്ട് വർഷക്കാലത്തിന് ശേഷം വിപണി ശക്തമായ തിരിച്ചുവരവ് നടത്തുകയാണ്. ആള്‍ക്കൂട്ടവും ആഘോഷവും തിരിച്ചുവരികയാണ്. ഈ അവസരത്തില്‍ ഉപഭോക്താക്കള്‍ക്ക് ആവശ്യമുളളതെല്ലാം മിതമായ നിരക്കില്‍ ലുലുവില്‍ ലഭ്യമാകുമെന്ന് ലുലു ഗ്രൂപ്പ് മാർക്കറ്റിംഗ് ആന്‍റ് കമ്മ്യൂണിക്കേഷന്‍ ഡയറക്ടർ വി നന്ദകുമാർ പറഞ്ഞു.

വരാനിരിക്കുന്ന വിവിധ ആഘോഷങ്ങളോട് ചേർന്നായിരിക്കും ലുലു ഉത്സവ് നടക്കുക. ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് ഓഗസ്റ്റ് 11 മുല്‍ 17 വരെ ലുലുവില്‍ പ്രത്യേക ക്യാംപെയിന്‍ നടക്കുകയാണ്. അതുപോലെ തന്നെ ഓഗസ്റ്റ് 17, 18 തിയതികളില്‍ ജന്മാഷ്ടമിയും, ഓഗസ്റ്റ് 25 മുതല്‍ 30 വരെ ഗണേശ ചതുർത്ഥിയും ആഘോഷമാക്കാന്‍ ലുലു ഒരുങ്ങി കഴിഞ്ഞു. ഓണത്തിന് പത്ത് ദിവസമാണ് ആഘോഷം. ഓഗസ്റ്റ് 30 മുതല്‍ സെപ്റ്റംബർ 8 വരെ ഓണത്തോട് അനുബന്ധിച്ചുളള പ്രത്യേക ക്യാപെയിനുകള്‍ നടക്കും. ഓണത്തിന് അത്തം മുതല്‍ പഴയിടം മോഹനന്‍ നമ്പൂതിരിയൊരുക്കുന്ന പായസമുള്‍പ്പടെയുളള സദ്യയും ഇത്തവണ ഒരുക്കിയിട്ടുണ്ട്. നവരാത്രി ദീപാവലി ആഘോഷങ്ങള്‍ക്കും ലുലുവില്‍ പ്രത്യേക ഓഫറുകള്‍ ഉപഭോക്താക്കള്‍ക്കായി നല്‍കും.

ജിസിസിയിലെ ലുലു ഹൈപ്പർമാർക്കറ്റുകളില്‍ നിന്ന് 1000 ദിർഹത്തിന് മുകളില്‍ സാധനങ്ങള്‍ വാങ്ങിയാല്‍ സീ5 ന്‍റെ വാർഷിക സബ്സ്ക്രിപ്ഷന്‍ നേടാനുളള അവസരവും ഭാഗ്യശാലികള്‍ക്ക് ലഭിക്കും.ലുലുവുമായി സഹകരിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് സീ5 ഗ്ലോബല്‍ ചീഫ് ബിസിനസ് ഓഫീസർ അർച്ചന ആനന്ദ് പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in