കെ എസ് എഫ് ഇ പ്രവാസി ചിട്ടി: പ്രശ്നങ്ങള്‍ പരിഹരിക്കും, കമ്മീഷന്‍ വ്യവസ്ഥയില്‍ ഏജന്‍റുമാരെ നിയമിക്കാനും ആലോചന

കെ എസ് എഫ് ഇ പ്രവാസി ചിട്ടി: പ്രശ്നങ്ങള്‍ പരിഹരിക്കും, കമ്മീഷന്‍ വ്യവസ്ഥയില്‍ ഏജന്‍റുമാരെ നിയമിക്കാനും ആലോചന
Published on

കെഎസ്എഫ് ഇ പ്രവാസി ചിട്ടിയുമായി ബന്ധപ്പെട്ട് പ്രവാസികള്‍ നേരിടുന്ന സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിച്ച് നടപടിക്രമങ്ങള്‍ കൂടുതല്‍ എളുപ്പമാക്കുമെന്ന് കെ എസ് എഫ് ഇ ചെയർമാന്‍ കെ വരദരാജന്‍.പ്രവാസിമീറ്റുമായി ബന്ധപ്പെട്ട് ദുബായില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാസി ചിട്ടിയിലേക്ക് കൂടുതലാളുകളെ ചേർക്കും. ഇതിനായി ഏജന്‍റുമാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട ആലോചനകള്‍ പുരോഗമിക്കുകയാണ്. വനിതകള്‍ക്കായിരിക്കും മുന്‍ഗണന നല്‍കുക. നിശ്ചിത തുക കമ്മീഷന്‍ എന്ന രീതിയിലായിരിക്കും പ്രവർത്തനമെന്നും അദ്ദേഹം വിശദീകരിച്ചു.

യുഎഇ ഉള്‍പ്പടെയുളള ഗള്‍ഫ് രാജ്യങ്ങളില്‍ നടത്തിയ പ്രവാസി മീറ്റ് വലിയ വിജയമായിരുന്നു. പ്രവാസികള്‍ അവർക്ക് അനുഭവപ്പെട്ട ബുദ്ധിമുട്ടുകള്‍ പങ്കുവച്ചു. അതിലെല്ലാം പരിഹാരമുണ്ടാകും. പ്രവാസി ചിട്ടിയില്‍ 121 രാജ്യങ്ങളില്‍ നിന്നുളളവർ ചേർന്നിട്ടുണ്ട്. കെഎസ്എഫ്ഇയുടെ വിറ്റുവരവ് ഒരുലക്ഷം കോടിയാക്കുകയെന്നുളളതാണ് ലക്ഷ്യം. മൂലധനം 100 കോടിയില്‍ നിന്ന് 250 കോടിയാക്കി സർക്കാർ ഉയർത്തിയിട്ടുണ്ട്.ചിട്ടിയുമായി ബന്ധപ്പെട്ട് പ്രവാസികള്‍ക്കുളള ആശങ്കയും സംശയങ്ങളും മാറ്റി കൂടുതല്‍ പേരെ ചിട്ടിയില്‍ ചേരാന്‍ പ്രേരിപ്പിക്കും. മാത്രമല്ല, നാട്ടിലെത്തിയാല്‍ ചിട്ടിപ്പണത്തിനായി ബാങ്കുകളും ഓഫീസുകളും കയറിയിറങ്ങേണ്ടി വരുന്ന സാഹചര്യം അവസാനിപ്പിച്ച് നടപടികള്‍ വേഗത്തിലാക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.

ഇന്ത്യക്ക് അകത്തും പുറത്തുമുളള പ്രവാസിമലയാളികള്‍ക്ക് വേണ്ടി കേരളസർക്കാരിന്‍റെ ആഭിമുഖ്യത്തില്‍ കെഎസ്എഫ് ഇ ആഫിഷ്കരിച്ചതാണ് പ്രവാസി ചിട്ടി. ഓണ്‍ലൈനിലൂടെ ചിട്ടിയില്‍ ചേർന്ന് പണമടയ്ക്കാനാകും. പ്രവാസികള്‍ക്ക് ഇരട്ടിനേട്ടം ലഭിക്കുന്ന കെഎസ്എഫ് ഇ ഡ്യൂവോ പദ്ധതിയുടെ ഗ്ലോബല്‍ ലോഞ്ചിങ് പ്രവാസി മീറ്റ് സന്ദർശനത്തിനിടെ റിയാദില്‍ ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ നിർവ്വഹിച്ചിരുന്നു. ചിട്ടിയുടെയും നിക്ഷേപത്തിന്‍റെയും ആനുകൂല്യങ്ങള്‍ ഒരേ സമയം ലഭിക്കുന്നപദ്ധതിയാണിത്. ഇക്കാര്യങ്ങളെല്ലാം വിശദീകരിച്ച് ദുബായില്‍ നടത്തിയ വാർത്താസമ്മേളത്തില്‍ എം.ഡി. ഡോ. എസ്.കെ. സനിൽ, ഡയറക്ടർമാരായ അഡ്വ. യു.പി. ജോസഫ്, അഡ്വ. എം.സി. രാഘവൻ, ആർ. മുഹമ്മദ് ഷാ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Related Stories

No stories found.
logo
The Cue
www.thecue.in