കാല്‍പ്പന്തു പ്രതിഭകളെ കണ്ടെത്താന്‍ ,'ഇന്ത്യ ഖേലോ ഫുട്‌ബോള്‍' ട്രയല്‍സ് യുഎഇയില്‍

കാല്‍പ്പന്തു പ്രതിഭകളെ കണ്ടെത്താന്‍ ,'ഇന്ത്യ ഖേലോ ഫുട്‌ബോള്‍' ട്രയല്‍സ് യുഎഇയില്‍

ഇന്ത്യയിലെ ഫുട്‌ബോള്‍ പ്രതിഭകളെ കണ്ടെത്താനും വളര്‍ത്താനും ലക്ഷ്യമിട്ട് ആരംഭിച്ച 'ഇന്ത്യ ഖേലോ ഫുട്‌ബോള്‍' (ഐകെഎഫ്) തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ മിഡില്‍ ഈസ്റ്റിലേക്കും വ്യാപിപ്പിക്കുന്നു. ബ്‌ളൂ ആരോസുമായി ചേർന്നാണ് പ്രവർത്തന വിപുലീകരണം. പുതിയ സംരംഭത്തില്‍ സന്തോഷമുണ്ടെന്ന് ഐകെഎഫ് സ്ഥാപകന്‍ ഫാനി ഭൂഷണ്‍ അറിയിച്ചു. രാജ്യാതിര്‍ത്തികള്‍ക്കും സംസ്‌കാരങ്ങള്‍ക്കുമപ്പുറമുള്ള ഒരു യാത്രയ്ക്കാണ് തങ്ങള്‍ ഇതിലൂടെ തുടക്കം കുറിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഫുട്‌ബോള്‍ പ്രതിഭകളെ ഇന്ത്യന്‍, യൂറോപ്യന്‍ ഫുട്‌ബോള്‍ അക്കാദമികളിലേക്ക് തെരഞ്ഞെടുത്ത് പരിശീലനം നല്‍കാനും തുടര്‍ന്ന്, ലോകമെമ്പാടുമുള്ള പ്രശസ്ത ഫുട്‌ബോള്‍ ക്‌ളബ്ബുകളില്‍ അംഗത്വം നേടാന്‍ വഴിയൊരുക്കുന്ന വിധത്തിലുള്ള ദൗത്യമാണ് തങ്ങള്‍ ഏറ്റെടുത്തിരിക്കുന്നതെന്നും ഫാനി ഭൂഷണ്‍ വ്യക്തമാക്കി. യുഎഇയിലെ ട്രയല്‍സ് ജനുവരി 20, 21 തീയതികളില്‍ യഥാക്രമം അജ്മാനിലും ദുബായിലുമാണ് നടത്തുക. മുഴുവന്‍ ടാലന്‍റ് പ്രോഗ്രാമുകളും റെക്കോര്‍ഡ് ചെയ്യുന്നതാണ്. ടാലന്‍റ് ഹണ്ടിന്‍റെ അവസാന ഘട്ടം 2024 ഫെബ്രുവരി 4ന് പ്രമുഖ ഫുട്‌ബോള്‍ ക്‌ളബ്ബുകളുടെ പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് നടക്കുക. യുഎഇയിലെ യുവ ഫുട്‌ബോള്‍ പ്രതിഭകളില്‍ നിന്ന് രജിസ്‌ട്രേഷന് ആവേശപൂര്‍ണമായ പ്രതികരണമാണ് ലഭിക്കുന്നത്. മിഡില്‍ ഈസ്റ്റിലെ ടാലന്‍റ് ഹണ്ടിലൂടെ യുവ ഫുട്‌ബോള്‍ പ്രതിഭകള്‍ക്ക് തങ്ങളുടെ കഴിവ് പ്രകടിപ്പിക്കാനും ഇന്ത്യയിലെ പ്രീമിയര്‍ ഫുട്‌ബോള്‍ ക്‌ളബ്ബുകളില്‍ ഇടം പിടിക്കാനുമുള്ള അവസരമാണ് ലഭിക്കുന്നത്. ഈ സംരംഭം ഇന്ത്യന്‍ ഫുട്‌ബോളിന് പുതിയ മുഖം നല്‍കുമെന്നാണ് പ്രതീക്ഷ.

പ്രതിഭകളെ കണ്ടെത്താന്‍ വേണ്ടി മാത്രമല്ല ബ്‌ളൂ ആരോസുമായി തങ്ങള്‍ ഒരുമിക്കുന്നതെന്നും, ഫുട്‌ബോള്‍ പ്രേമികളുടെ ഒരു ആഗോള കൂട്ടായ്മ രൂപീകരിക്കുന്നതും ലക്ഷ്യമാണെന്നും ഐകെഎഫ് സഹ സ്ഥാപകന്‍ ഹിതേഷ് ജോഷി പറഞ്ഞു. ഇന്ത്യയിലെയും യുഎഇയിലെയും ഫുട്‌ബോള്‍ രംഗത്ത് ഇത്തരം നീക്കങ്ങള്‍ വിപ്‌ളവാത്മക മാറ്റങ്ങള്‍ കൊണ്ടുവരുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. 'ഇന്ത്യ ഖേലോ ഫുട്‌ബോളു'മായി ഒത്തൊരുമിച്ചുള്ള പരിശ്രമം മിഡില്‍ ഈസ്റ്റിലെ യുവ ഫുട്‌ബോള്‍ പ്രതിഭകളെ കണ്ടെത്താനും അവരെ രാജ്യന്തര പ്രൊഫഷണല്‍ താരങ്ങളാക്കാനും സഹായിക്കുമെന്നും ഈ ടാലന്‍റ് ഹണ്ട് ഗംഭീര വിജയമാക്കുന്നതില്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്നും ബ്‌ളൂ ആരോസ് മാര്‍ക്കറ്റിംഗ് വിഭാഗത്തില്‍ നിന്നുള്ള രാജേഷ് രവി മേനോന്‍ അഭിപ്രായപ്പെട്ടു. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ നടന്ന ഐകെഎഫ് പരിശീലന സീസണുകളില്‍ അയ്യായിരത്തിലധികം പ്രതിഭകളുടെ പങ്കാളികളായി. രാജ്യത്തുടനീളമുള്ള 40 നഗരങ്ങളും ഗ്രാമങ്ങളും ഉള്‍പ്പെടുത്തിയായിരുന്നു പരിശീലന സീസണുകള്‍.

Related Stories

No stories found.
logo
The Cue
www.thecue.in