
ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്‍റെ ഏറ്റവും വലിയ ജീവനാഡികള്‍ മലയാളികളാണെന്ന് നടന്‍ ഇർഷാദ്. മലയാളികള്‍ രാജ്യാന്തര ചലച്ചിത്രമേളപോലെ ആഘോഷിക്കപ്പെടുന്ന ഉത്സവമാണ് പുസ്തകോത്സവം.അതില്‍ വളരെ സന്തോഷമുണ്ട്. പുസ്തകത്തിന്‍റേയും വായനയുടേയും അക്ഷരങ്ങളുടേയുമെല്ലാം ഭാഗമായാണല്ലോ അവരെല്ലാം ഇവിടെയെത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. മോശം പുസ്തകങ്ങള്‍ ഇറങ്ങുന്നുവെന്നുളള പരാതിയിലൊന്നും കാര്യമില്ല, പുസ്തകമല്ലേ, അക്ഷരമല്ലേ,എല്ലാവരുടേയും ശ്രമങ്ങളല്ലേ, ക്ഷമിച്ചേക്കാമെന്നും ഇർഷാദ് പറഞ്ഞു.
സെല്‍ഫിയെടുക്കുന്ന ലാഘവത്തോടെ പുസ്തകം പ്രകാശനനടക്കുന്ന വേദിയായി മാറിയിട്ടുണ്ട് പുസ്തകമേളയെന്നുളളത് യാഥാർത്ഥ്യമാണ്. അതിനൊരു സ്ക്രീനിംഗ് വേണമെന്നുളളതില്‍ തർക്കമില്ല. പണ്ട് യുഎഇയിലെത്തുമ്പോള്‍ കണ്ടുമുട്ടുന്ന 10 പേരില്‍ രണ്ട് പേരായിരുന്നു എഴുത്തുകാരെങ്കില്‍ ഇന്ന് 8 പേരും എഴുത്തുകാരാണ്. എങ്കിലും അക്ഷരമല്ലേ, പുസ്തകമല്ലേ,ക്ഷമിച്ചേക്കാമെന്നും ഇർഷാദ് അഭിപ്രായപ്പെട്ടു.
ഇർഷാദിന്‍റെ വെയിലില്‍ നനഞ്ഞും, മഴയില്‍ പൊളളിയുമെന്ന പുസ്തകം ഷാർജ പുസ്തകോത്സവത്തില്‍ പ്രകാശനം ചെയ്തു. സിനിമയിലേക്ക് എത്തിപ്പെട്ട വഴികളും ഓർമ്മകളും നവീകരിച്ച കാലത്തേയും കുറിച്ചാണ് പുസ്തകം പറയുന്നത്. പ്രധാനപ്പെട്ട 9 സിനിമകളാണ് പുസ്തകത്തില്‍ വിഷയമാകുന്നത്.
സിനിമയില്‍ മാറ്റം എല്ലാക്കാലത്തുമുണ്ടായിട്ടുണ്ട്. സ്റ്റാർഡമുളള സിനികള്‍ക്കപ്പുറം സിനിമ ആഘോഷിക്കപ്പെടുന്ന കാലമാണിത്. ഒടിടിയില്‍ ഇന്ന് ഏറ്റവും അധികം ചർച്ച ചെയ്യപ്പെടുന്നത് അപ്പന്‍ എന്ന സിനിമയാണ്. തിയറ്ററില്‍ പരാജയമാകുന്ന പല സിനിമകളും പിന്നീട് ചർച്ചചെയ്യപ്പെട്ടിട്ടുണ്ട്, നല്ല അഭിപ്രായം നേടിയിട്ടുണ്ട്. കാണുന്നവന്‍റെ കണ്ണിലും മനസിലുമാണ് സിനിമ വിലയിരുത്തപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.