പ്രവാസികളുടെ ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ യുഎഇയില്‍ റവന്യൂ അദാലത്ത് നടത്തും, മന്ത്രി കെ രാജന്‍

പ്രവാസികളുടെ ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ യുഎഇയില്‍ റവന്യൂ അദാലത്ത് നടത്തും, മന്ത്രി കെ രാജന്‍

ഭൂമിയുമായി ബന്ധപ്പെട്ട പ്രവാസികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ റവന്യൂ അദാലത്ത് സംഘടിപ്പിക്കുമെന്ന് റവന്യൂമന്ത്രി കെ രാജന്‍. യുഎഇയിലാണ് അദാലത്ത് സംഘടിപ്പിക്കുക. പ്രവാസികള്‍ക്ക് നാട്ടിലേക്ക് പോയി ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കുകയെന്നുളളതാണ് റവന്യൂ അദാലത്ത് കൊണ്ട് ലക്ഷ്യമിടുന്നത്. ആറ് മാസത്തിലൊരിക്കല്‍ മന്ത്രിയോടൊപ്പം ഉദ്യോഗസ്ഥന്മാരടങ്ങുന്ന സംഘത്തിന്‍റെ നേതൃത്വത്തിലായിരിക്കും റവന്യൂ അദാലത്ത് നടക്കുക. എന്നാല്‍ ഇതിനായി കേന്ദ്രസർക്കാരിന്‍റെ അനുമതി ആവശ്യമാണ്. അത്തരം കാര്യങ്ങളില്‍ എന്തെങ്കിലും തടസ്സം നേരിട്ടാല്‍ ഓണ്‍ലൈന്‍ വഴി അദാലത്ത് നടത്തും. പ്രവാസികള്‍ക്കായി ലാന്‍റ് റവന്യൂ കമ്മീഷണറേറ്റില്‍ പ്രവാസി സെല്‍ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.ഇത് സംബന്ധിച്ച പ്രഖ്യാപനം ലോക കേരള സഭയിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ഫ്ളാറ്റിന്‍റെ ഉടമസ്ഥർക്ക് അണ്‍ഡിവിഡന്‍റ് ഷെയർ നല്‍കുന്ന നിയമനിർമ്മാണവും ആലോചനയിലാണ്.പ്രവാസികളില്‍ പലരും തണ്ടപ്പേരുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഉന്നയിക്കാറുണ്ട്. യൂണിക് തണ്ടപ്പേർ സംവിധാനം ഇന്ത്യയില്‍ തന്നെ നടപ്പിലാക്കിയ ആദ്യസംസ്ഥാനമാണ് കേരളം. വിവിധ സ്ഥലങ്ങളില്‍ ഭൂമിയുളളവർക്ക് ഒറ്റതണ്ടപ്പേരില്‍ ഈ സ്ഥലങ്ങളെല്ലാം മാറ്റാന്‍ കഴിയുന്നതാണ് സംവിധാനം. ഇത് സംബന്ധിച്ച പ്രഖ്യാപനം ലോക കേരള സഭയിലുണ്ടാകും. മിച്ചഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ചുളള തർക്കങ്ങള്‍ പരിഹരിക്കാന്‍ സെറ്റില്‍മെന്‍റ് നിയമം കേരളം പാസാക്കാന്‍ ഒരുങ്ങുകയാണ്.എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചില്‍ നിന്ന് 4700 പേരെ നിയമിച്ചുകൊണ്ട് ഡിജിറ്റല്‍ റീ സർവ്വെ പൂർത്തിയാക്കും. എല്ലാവർക്കും ഭൂമി എന്നതുപോലെ എല്ലാഭൂമിക്കും രേഖയെന്നുളളതാണ് സർക്കാരിന്‍റെ നയമെന്നും റവന്യൂമന്ത്രി വ്യക്തമാക്കി.1905 ലെ ഭൂപരിഷ്കരണം നിയമമാണ് ഇപ്പോഴും ഭൂഅവകാശനിർണയത്തിന് അടിസ്ഥാനം. ഇത് പരിഷ്കരിക്കുന്നതിനായാണ് 807 കോടി 30 ലക്ഷം രൂപ ചെലവഴിച്ച് ഡിജിറ്റല്‍ റീസർവ്വെ നടത്താന്‍ തയ്യാറെടുക്കുന്നത്. സംസ്ഥാനത്ത് ഭവന നയം കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു. ഏതൊക്കെ സ്ഥലങ്ങളില്‍, എങ്ങനെയൊക്കെ വീട് നിർമ്മിക്കാം എന്നതെല്ലാം അടിസ്ഥാനമാക്കിയാകും നയം രൂപീകരിക്കുക.

കേരളത്തിലെ ആരുടേയും നെഞ്ചത്ത് ചവിട്ടി കെ റെയില്‍ നടപ്പിലാക്കില്ലെന്നും മന്ത്രി പറഞ്ഞു. കല്ലിടല്‍ തുടരും.ജനങ്ങളെ വിശ്വാസത്തിലെടുത്തുമാത്രമെ മുന്നോട്ടുപോകൂവെന്നും അദ്ദേഹം ഉറപ്പുനല്‍കി. കെ റെയിലിന് ഭൂമി ഏറ്റെടുക്കുമ്പോള്‍ ലാന്‍റ് അക്വിസിഷന്‍ റീഹാബിലിറ്റേഷന്‍ ആന്‍റ് റീസെറ്റില്‍മെന്‍റ് എന്നതാണ് സർക്കാരിന്‍റെ നയമെന്നും അദ്ദേഹം വിശദീകരിച്ചു. 6 ഏക്കർ ഭൂമിയില്‍ വ്യത്യസ്തമായ 40 വീടുകള്‍ നിർമ്മിച്ച് പ്രദർശിപ്പിക്കും. കേരളത്തില്‍ ആദ്യമായി ഹൗസ് പാർക്ക് സ്ഥാപിക്കുമെന്നും അദ്ദേഹം അറിയിച്ചു. വെള്ളപ്പൊക്കമുള്‍പ്പടെയുളള പ്രകൃതി ദുരന്തങ്ങള്‍ ആവർത്തിക്കുന്ന പശ്ചാത്തലത്തില്‍ ദുരന്തനിവാരണ സാക്ഷരത ലക്ഷ്യമിട്ട് പദ്ധതികള്‍ നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.ദുബായില്‍ മാധ്യമപ്രവർത്തകരുമായി നടത്തിയ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നുമന്ത്രി. പരിപാടിയില്‍ കെഎം അബ്ബാസ് അധ്യക്ഷത വഹിച്ചു. ടി.ജമാലുദ്ദീന്‍ സ്വാഗതവും അരുണ്‍ രാഘവന്‍ നന്ദിയും പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in