ദുബായുടെ ആകാശത്ത് 'കടുവ' തെളിഞ്ഞു, അഭിമാനമെന്ന് പൃഥ്വിരാജ്

ദുബായുടെ ആകാശത്ത് 'കടുവ' തെളിഞ്ഞു, അഭിമാനമെന്ന് പൃഥ്വിരാജ്

പൃഥ്വിരാജിന്‍റെ പുതിയ മലയാള ചലച്ചിത്രമായ കടുവ യുടെ റീലീസിന് മുന്നോടിയായി ദുബായില്‍ ഡ്രോണ്‍ പ്രദർശനം. ദുബായ് പോലീസിന്‍റെ സഹകരണത്തോടെയാണ് ഡ്രോണ്‍ ലൈറ്റ് പ്രദർശനം ഒരുക്കിയത്. രാത്രി 9 മണിയോടെ ചിത്രത്തിന്‍റെ പേരും പൃഥ്വിരാജിന്‍റെ രൂപവും ആകാശത്ത് തെളിഞ്ഞത് ആരാധകർ ആർപ്പുവിളികളോടെയാണ് സ്വീകരിച്ചത്. ആദ്യമായാണ് ഇത്തരത്തിലൊരു സിനിമാ പ്രമോഷന്‍ ദുബായില്‍ നടക്കുന്നത്.ലൈറ്റ് കൊണ്ട് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ്, കടുവ എന്നിങ്ങനെയാണ് എഴുതിയത്. കടുവ ചിത്രത്തിന്‍റേ പേര് എന്നതിലുപരി ആകാശത്ത് മലയാള അക്ഷരങ്ങള്‍ തെളിഞ്ഞുവെന്നതില്‍ ഏറെ അഭിമാനമുണ്ടെന്ന് ഡ്രോണ്‍ ഷോയ്ക്ക് ശേഷം പൃഥ്വിരാജ് പറഞ്ഞു. സിനിമയില്‍ ഡ്രോണ്‍ ഉപയോഗിച്ച് ഷൂട്ട് ചെയ്യുന്നതിന്‍റെ ബുദ്ധിമുട്ട് അറിയുന്നയാളാണ് താന്‍. അതുകൊണ്ടുതന്നെ ആകാശത്ത് അക്ഷരങ്ങളും രേഖാചിത്രങ്ങളും കൃത്യമായി വരച്ച് ദുബായ് പോലീസ് അത്ഭുതപ്പെടുത്തിയെന്നും പൃഥ്വിരാജ് പറഞ്ഞു.

ചിത്രത്തിന്‍റെ പ്രമോഷന്‍റെ ഭാഗമായി നടത്തിയ വാർത്താസമ്മേളത്തിന് ശേഷമായിരുന്നു ഡ്രോണ്‍ പ്രദർശനം. വിവേക് ഒബ്റോയി,സംയുക്താമേനന്‍, നിർമ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫണ്‍ എന്നിവരും ഡ്രോണ്‍ പ്രദർശനം ആസ്വദിക്കാനായി എത്തിയിരുന്നു.

മലയാളത്തില്‍ ഒരു ഇടവേളയ്ക്ക് ശേഷമെത്തുന്ന മാസ് ആക്ഷന്‍ എന്‍റർടെയിനറാണ് കടുവ. ഇത്തരം സിനിമകള്‍ കാണണമെങ്കില്‍ മറ്റ് ഭാഷകളിലേക്ക് പോകണമെന്നുളളത് ഒരു സിനിമാ ആസ്വാദകനെ സംബന്ധിച്ചിടത്തോളം അത്ര സന്തോഷമുളള കാര്യമല്ല, കടുവ അത്തരത്തില്‍ പ്രേക്ഷകന്‍ ആഘോഷമാക്കാന്‍ കഴിയുന്ന സിനിമയാണെന്നുംപൃഥ്വിരാജ് പറഞ്ഞു. സിനിമാ വ്യവസായത്തിന് എല്ലാത്തരം സിനിമകളും വേണം. കടുവ തന്നെ സംബന്ധിച്ചിടത്തോളം ഉന്മേഷം തരുന്ന ഒരു മാറ്റമാണെന്നും താരം പറഞ്ഞു.

ആഴത്തിലുളള പല പാളികളുളള കഥാപാത്രങ്ങള്‍ ചെയ്യാന്‍ സാധിക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നായിരുന്നു വിവേക് ഒബ്റോയുടെ പ്രതികരണം. അത്തരത്തിലൊരു കഥാപാത്രമാണ് ലൂസിഫറിലെ ബോബി. ആ പേരില്‍ തന്നെ ഇപ്പോഴും പലരും വിളിക്കുന്നു, ബോബിയെന്ന പേരില്‍ തന്നെ താന്‍ നില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

സിനിമയുമായി ബന്ധപ്പെട്ട നിയമനടപടികളില്‍ തങ്ങള്‍ക്ക് അനുകൂലമായ വിധിയാണ് കോടതിയില്‍ നിന്നുമുണ്ടായത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട സെന്‍സർ ബോർഡിന്‍റെ നടപടി ക്രമങ്ങള്‍ പൂർത്തിയാക്കുന്നതിനായാണ് സിനിമയുടെ റിലീസ് ഒരാഴ്ച മാറ്റിവച്ചതെന്നും പൃഥ്വിരാജ് വ്യക്തമാക്കി. ജൂലൈ 7 നാണ് ചിത്രം തിയറ്ററുകളിലെത്തുക,

ലിസ്റ്റിന്‍ സ്റ്റീഫനും സുപ്രിയ മേനോനും ചേര്‍ന്ന് മാജിക് ഫ്രെയിംസ്, പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറിലാണ് കടുവ നിര്‍മിക്കുന്നത്. ഫാ‍ർസ് ഫിലിംസാണ് യുഎഇയില്‍ ചിത്രം പ്രദർശനത്തിന് എത്തിക്കുന്നത്. ലൂസിഫറിന് ശേഷം വിവേക് ഒബ്‌റോയ് എത്തുന്ന മലയാള ചിത്രം കൂടിയാണ് കടുവ. സംയുക്ത മേനോനാണ് ചിത്രത്തില്‍ നായികയായെത്തുന്നത്.

Related Stories

No stories found.
The Cue
www.thecue.in