
ശനിയാഴ്ച എക്സ്പോ സെന്‍റർ ഷാർജയില്‍ നടക്കുന്ന ടൈംലസ് മെലഡീസില്‍ മുഖ്യാതിഥിയായി കെ എസ് ചിത്ര. ഒരു ഇടവേളയ്ക്ക് ശേഷമാണ് ചിത്ര ദുബായില്‍ ഒരു സംഗീത വിരുന്നില്‍ പങ്കെടുക്കുന്നത്. ദുബായിയോട് എന്നും ഇഷ്ടമുണ്ടായിരുന്നു. തന്‍റെ ജീവിതത്തിലെ ഏറ്റവും മോശം കാര്യം നടന്നത് ഇവിടെയാണ്. അതുകൊണ്ടുതന്നെ ഇവിടേക്ക് വരാന്‍ ഒരു അകല്‍ച്ച തോന്നിയുരന്നു. എന്നാല്‍ പ്രവാസി മലയാളികളുടെ സ്നേഹം കാരണം വീണ്ടും ഇവിടേക്ക് വരാന്‍ തീരുമാനിക്കുകയായിരുന്നു. ഇങ്ങനെ വിട്ടുനില്‍ക്കേണ്ടതില്ലെന്ന് തോന്നിയതിനാലാണ് എത്തിയത്. രണ്ടുകൈയ്യും നീട്ടി സ്വീകരിച്ച എല്ലാവരോടും നന്ദി പറയുന്നുവെന്നും ചിത്ര പറഞ്ഞു.
സംഗീതത്തില്‍ എഐ യുടെ സ്വാധീനം ഭയപ്പെടുത്തുന്നുണ്ട്.നാളെ എ ഐ എന്തെല്ലാം ചെയ്യുമെന്ന് അറിയില്ല. പാട്ടുകാരുടെ ആവശ്യമേ ഇല്ലാതാകുമോ എന്ന പേടിയുണ്ടെന്നും എന്നാല്‍ മാറ്റങ്ങളെ ഉള്‍ക്കൊണ്ട് മുന്നോട്ടുപോകുകയെന്നുളളതാണ് വഴിയെന്നും ചിത്ര പറഞ്ഞു. അച്ഛനും അമ്മയും അധ്യാപകരാണ്. വീട്ടില്‍ കുറച്ചു സ്ട്രിക്ടായിരുന്നു. അഹങ്കാരം അരുതെന്ന് അച്ഛന്‍ എപ്പോഴും പറയാറുണ്ട്. അഹങ്കാരം വന്നാല്‍ പതനമാണെന്ന് അച്ഛന്‍ പറഞ്ഞ പാഠം മനസിലുണ്ട്,അങ്ങനെയാണ് ജീവിക്കുന്നത്. എങ്ങനെയാണ് ഇത്രയും ലളിതമായി ജീവിക്കാന്‍ കഴിയുന്നുവെന്ന ചോദ്യത്തിന് ഇതായിരുന്നു ചിത്രയുടെ മറുപടി.
ഇതുവരെ 18,000 ത്തോളം പാട്ടുകള്‍ പാടി. സംഗീത പരിശീലനം ഇപ്പോഴും ഒഴിവാക്കാറില്ല. പരിശീലനം മുടങ്ങിയാല്‍ പിറ്റേദിവസം അത് തനിക്ക് അറിയാന്‍ പറ്റും. അതിനുപിറ്റേന്ന് കേള്‍ക്കുന്നവർക്കും, പുഞ്ചിരിച്ചുകൊണ്ട് ചിത്ര പറഞ്ഞു. സ്റ്റീഫൻ ദേവസ്സി, ഹരിശങ്കർ, ശ്രീരാഗ്, രാജേഷ് ചേർത്തല, അനാമിക തുടങ്ങിയവർ അണിനിരക്കുന്ന നാല് മണിക്കൂർ സംഗീത പരിപാടിയാണ് ശനിയാഴ്ച നടക്കുക.മീഡിയ ഡയറക്ടർമാരായ ഷിനോയ് സോമന്‍, അഭി വേങ്ങര, സല്‍ജിന്‍ കളപ്പുര, ഇലോഞ്ച് ഡയറക്ടർ സാം ദേവസി, നിർമ്മാതാവ് കണ്ണന്‍ രവി, അല്‍ഫർദാന്‍ എക്സ്ചേഞ്ച് സിഒഒ താരാനാഥ് റായ് എന്നിവരും വാർത്താസമ്മേളനത്തില്‍ സംബന്ധിച്ചു.