'ജയ് ഗണേഷ്' ഗള്‍ഫിലെത്തുന്നു,സിനിമ ഭിന്നശേഷിക്കാർക്ക് പ്രചോദനമാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ഉണ്ണി മുകുന്ദന്‍

'ജയ് ഗണേഷ്' ഗള്‍ഫിലെത്തുന്നു,സിനിമ ഭിന്നശേഷിക്കാർക്ക് പ്രചോദനമാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ഉണ്ണി മുകുന്ദന്‍

ജയ് ഗണേഷ് പോലൊരു നല്ല സിനിമ ചെയ്യാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് നടന്‍ ഉണ്ണി മുകുന്ദന്‍. സിനിമയുടെ ഗള്‍ഫ് റിലീസുമായി ബന്ധപ്പെട്ട് ദുബായില്‍ നടത്തിയ വാർത്താസമ്മേളനത്തിലാണ് പ്രതികരണം. കഥാപാത്രമായി മാറാന്‍ അവലംബമായത് വ്യക്തി ജീവിതത്തില്‍ അടുത്തറിയുന്ന സുഹൃത്ത് ഭിന്നശേഷിക്കാരനായ ഇർഫാന്‍റെ ജീവിതമാണ്. എന്നാല്‍ ഈ സിനിമ ഏതെങ്കിലും വ്യക്തിയുടെ ജീവിതത്തെ ആസ്പദമാക്കിയുളളതല്ലെന്നും അദ്ദേഹം പറഞ്ഞു. ഒരുപക്ഷെ ഒടിടി റിലീസ് ചെയ്യുമ്പോഴായിരിക്കും തിയറ്ററിലെത്തി കാണാനുളള അസൗകര്യമുളള ഭിന്നശേഷിക്കാരിലേക്ക് കൂടുതലായി സിനിമ എത്തുന്നത്. ഇത്തരം ജീവിതാവസ്ഥകളിലൂടെ കടന്ന് പോകുന്നവർക്ക് പ്രചോദനമാകാന്‍ ജയ് ഗണേഷിന് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു.

ഇപ്പോഴത്തെ തലമുറയിലെ കുട്ടികള്‍ക്ക് കണക്ട് ചെയ്യാന്‍ കഴിയുന്ന സിനിമയെന്നുളള ശ്രമമാണ് ജയ് ഗണേഷ് എന്ന് സംവിധായകന്‍ രജ്ഞിത് ശങ്കർ പറഞ്ഞു. എന്നാല്‍ കുട്ടികളും കുടുംബങ്ങളും ഒരുപോലെ ആസ്വദിക്കുന്ന സിനിമയായി ജയ് ഗണേഷ് മാറിയതില്‍ സന്തോഷമുണ്ട്.സിനിമയുടെ ആശയം കുറെ വർഷം മുന്‍പേ മനസിലുണ്ട്. ജിമ്മില്‍ സ്ഥിരമായി പോകുന്ന ഊർജ്ജസ്വലനായ ഭിന്നശേഷിക്കാരനെ കണ്ടുമുട്ടിയതോടെയാണ് ആ ആശയം കഥയായി മാറിയത്. ജയ് ഗണേഷ് എന്ന പേര് വളരെ കാലം മുന്‍പ് തന്നെ മനസിലുളളതാണ്. പേരിനെ കുറിച്ച് വിവാദമുണ്ടായപ്പോള്‍, ആ പേര് നേരത്തെ തന്നെ ഫിലിം ചേമ്പറില്‍ രജിസ്ട്രർ ചെയ്തിരുന്നുവെന്ന് വ്യക്തമാക്കുന്ന സർട്ടിഫിക്കറ്റ് ഫേസ്ബുക്കിലിടേണ്ടിവന്നുവെന്നും രജ്ഞിത് ശങ്കർ പറഞ്ഞു.

വിഷു, ഓണം പോലുളള ആഘോഷകാലത്ത് നാലും അഞ്ചും സിനിമകള്‍ ഒരുമിച്ച് റിലീസ് ചെയ്തിരുന്നു. കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും ഒരുമിച്ചിരുന്ന് ആസ്വദിക്കാന്‍ കഴിയുന്ന സിനിമയെന്ന രീതിയില്‍ റിലീസ് ചെയ്ത തിയതി ഉചിതമാണ്. ജയ് ഗണേഷ് ഉള്‍പ്പടെ അതേ തിയതിയില്‍ റിലീസ് ചെയ്ത 3 സിനിമകളും വ്യത്യസ്ത വിഷയങ്ങള്‍ പറയുന്ന സിനിമകളാണ്. സിനിമയുടെ റിലീസ് തിയതി നേരത്തെ നിശ്ചയിച്ചിരുന്നതാണ്. ഏത് സിനിമ കൂടെയുണ്ടെന്ന് ആലോചിച്ച് തിയതി നിശ്ചിക്കാന്‍ പറ്റില്ലെന്നും രജ്ഞിത് ശങ്കർ പറഞ്ഞു. ദുബായിലെ ഗള്‍ഫ് ഇന്‍ ഹോട്ടലില്‍ വച്ചാണ് വാർത്താസമ്മേളനം നടന്നത്. മന്നത്ത് ഗ്രൂപ്പാണ് ചിത്രം യുഎഇയിലെത്തിച്ചിരിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in