
എല്ലാത്തരം പ്രേക്ഷകരെയും ഒരു പോലെ തൃപ്തിപ്പെടുത്തി സിനിമചെയ്യാനാകില്ലെന്ന് നടന്‍ ആസിഫലി. തന്‍റെ സിനിമാ ജീവിതത്തില്‍ ഏറ്റവും അഭിമാനത്തോടെ പറയുന്ന വർഷങ്ങളാണ് 2024 - 2025. എന്നാല്‍ ഈ സമയത്ത് ഇറങ്ങിയ തന്‍റെ സിനിമകളൊന്നും 12 വയസുളള തന്‍റെ മകന്‍ ആദത്തിന് ഇഷ്ടപ്പെട്ടിട്ടില്ല. ഡാഡയെന്താണ് ലോകയില്‍ അഭിനയിക്കാത്തത് എന്നാണ് മകന്‍ തന്നോട് ചോദിച്ചത്. നമുക്ക് വരുന്ന സിനിമകള്‍, തിരഞ്ഞെടുക്കുന്ന സിനിമകള്‍ എല്ലാം പ്രധാനമാണ്. അങ്ങനെ എല്ലാവർക്കും ഇഷ്ടപ്പെടുന്ന രീതിയിലുളള ഒരുസിനിമ നമ്മളിലേക്ക് വരുന്നത് ഒരു ഭാഗ്യമാണ്. പുതിയ തലമുറയുടെ ആസ്വാദനരീതിയും വ്യത്യസ്തമാണ്, ആസിഫലി പറഞ്ഞു.
മലയാള സിനിമകള്‍ കോടി ക്ലബിലെത്തുന്നത് ഒരു ധൈര്യമാണ്. മലയാളം സിനിമയില്‍ ഉളളടക്കമാണ് രാജാവെന്ന് അഭിമാനത്തോടെ പറയാം.പുതുമുഖങ്ങളുടെ സിനിമയായാലും സൂപ്പർതാരങ്ങളുടെ സിനിമയായാലും വലിയ ഹിറ്റാകുന്നു.മലയാളത്തില്‍ നിന്ന് എന്തും പ്രതീക്ഷിക്കാം. കഥപറയുന്ന രീതിയിലും തിരക്കഥയിലും സംവിധാനത്തിലുമാണ് മലയാള സിനിമ വിശ്വസിക്കുന്നത്.അതൊരു നേട്ടമാണെന്നും ആസിഫ് അലി പറഞ്ഞു. അപർണയോടൊപ്പം ചെയ്ത സിനിമകളെല്ലാം ശ്രദ്ധിക്കപ്പെട്ട സിനിമകളാണ്.അപർണയെപ്പോലുളളവരുണ്ടെന്ന് പറയുന്നത് ഒരു ധൈര്യമാണ്. ഒരു ടീമിന്‍റെ പിന്തുണയെന്നുളളതും വലിയ നേട്ടമാണെന്നും ആസിഫ് അലി പറഞ്ഞു.
കൂമന്‍ സിനിമയ്ക്ക് ജീത്തുജോസഫ് വിളിക്കുന്ന സമയത്ത് ബോക്സ് ഓഫീസില്‍ വലിയ വിജയങ്ങളുളള നടനല്ല താന്‍. ഇന്ത്യന്‍ സിനിമയില്‍ തന്നെ ഏതൊരു നടനും അദ്ദേഹവുമൊത്ത് ഒരു സിനിമചെയ്യാന്‍ താല്‍പര്യപ്പെടുന്ന സമയത്താണ് ആ സിനിമയ്ക്കായി തന്നിലേക്ക് എത്തുന്നത്. കൂമന്‍റെ തിരക്കഥ കേട്ടപ്പോള്‍ എന്തുകൊണ്ടാണ് തന്നിലേക്ക് എത്തിയതെന്ന് അത്ഭുതപ്പെട്ടു. കേന്ദ്രകഥാപാത്രമാണെന്ന് ഒരിക്കലും വിചാരിച്ചില്ല. ഇതേകുറിച്ച് ചോദിച്ചപ്പോള്‍ തിരക്കഥയെഴുതി പൂർത്തിയാക്കിയ സമയത്ത് ആ കഥാപാത്രം ചെയ്യാന്‍ ആസിഫ് നന്നായിരിക്കുമെന്ന് തോന്നിയെന്നാണ് പറഞ്ഞത്. തന്‍റെ സിനിമ ജീവിതത്തില്‍ ഗിയർ ഷിഫ്റ്റ് നല്‍കിയ കഥാപാത്രമാണ് കൂമനിലെ ഗിരി. കൂമന്‍ കഴിഞ്ഞ് 3 വർഷത്തിന് ശേഷം മിറാഷിലേക്ക് വിളിക്കുമ്പോള്‍ അത് തനിക്ക് ചെയ്യാന്‍ പറ്റുന്ന കഥാപാത്രമായിരിക്കുമെന്ന് ഉറപ്പുണ്ടായിരുന്നുവെന്നും ആസിഫ് അലി പറഞ്ഞു.
ആസിഫലിയും അപർണബാലമുരളിയും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന മിറാഷ് സിനിമയുമായി ബന്ധപ്പെട്ട വാർത്താസമ്മേളത്തില്‍ സംസാരിക്കുകയായിരുന്നു ആസിഫലി. ചിത്രം ഈ മാസം 19 ന് തിയറ്റുകളിലെത്തും.