അന്താരാഷ്ട്ര ആയുഷ് സമ്മേളനത്തിന് 13 ന് ദുബായില്‍ തുടക്കം

അന്താരാഷ്ട്ര ആയുഷ് സമ്മേളനത്തിന് 13 ന് ദുബായില്‍ തുടക്കം

അന്താരാഷ്ട്ര ആയുഷ് സമ്മേളനത്തിന് 13 ന് ദുബായില്‍ തുടക്കമാകും. വേള്‍ഡ് ട്രേഡ് സെന്‍ററിലാണ് സമ്മേളത്തിന്‍റെ രണ്ടാം പതിപ്പ് നടക്കുക. സമ്മേളനത്തിന്‍റെ ഒരുക്കങ്ങൾ പൂർത്തിയായതായി ദുബായ് ഇന്ത്യൻ കോൺസൽ ജനറൽ സതീഷ് കുമാർ ശിവൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ജനുവരി 13 മുതൽ 15 വരെയുളള സമ്മേളത്തിന്‍റെ ഉദ്ഘാടനം ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ നിർവ്വഹിക്കും. ആയുഷ് സഹമന്ത്രി ഡോ. മുഞ്ജ്പാറ മഹേന്ദ്രഭായ് കലുഭായ്, യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ തുടങ്ങിയവർ പങ്കെടുക്കും.

വിട്ടുമാറാത്ത രോഗങ്ങളെ ചെറുക്കുന്നതിനുള്ള ആയുഷ് ചികിത്സാരീതികൾ പ്രോത്സാഹിപ്പിക്കുക എന്ന പ്രമേയത്തിലാണ് മൂന്നുദിവസത്തെ ആയുഷ് സമ്മേളനവും പ്രദർശനവും സംഘടിപ്പിക്കുന്നത്.ആയുഷ് മന്ത്രാലയത്തിന്‍റെ പിന്തുണയോടെ സയൻസ് ഇന്ത്യ ഫോറവും, വേൾഡ് ആയുർവേദിക് ഫൌണ്ടേഷനും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.ayushdubai.org എന്ന വെബ് സൈറ്റിലൂടെ പൊതുജനങ്ങൾക്കും പരിപാടിയിലേക്ക് രജിസ്റ്റർ ചെയ്യാം. സമ്മേളത്തിന്‍റെ ഭാഗമായി നടത്തുന്ന പ്രദർശനത്തിൽ പൊതുജനങ്ങൾക്ക് സൗജന്യമായി പങ്കെടുക്കാവുന്നതാണ്.ആയുഷ് സംവിധാനങ്ങളെക്കുറിച്ച് പൊതുജന അവബോധം സൃഷ്ടിക്കുന്നതിനായി ബോധവത്‌കരണ പരിപാടികളും സമ്മേളത്തിന്‍റെ ഭാഗമായി നടക്കും.

വിട്ടുമാറാത്ത സാംക്രമികേതര രോഗങ്ങൾക്കുള്ള ഫലപ്രദവുമായ ആരോഗ്യ പരിരക്ഷാസംവിധാനമായി ആയുഷിനെ അവതരിപ്പിക്കുകയാണ് സമ്മേളനം ലക്ഷ്യമിടുന്നത്. ആയുർവേദം, യോഗയും പ്രകൃതിചികിത്സയും യുനാനി, സിദ്ധ, ഹോമിയോപ്പതി എന്നീ ആരോഗ്യ ശാസ്ത്രശാഖകളുമായി ബന്ധപ്പെട്ടവർ സമ്മേളനത്തിൽ പങ്കെടുക്കും. മുപ്പതിലേറെ രാജ്യങ്ങളിൽനിന്നുള്ള പ്രാക്ടീഷണർമാർ, നയരൂപകർത്താക്കൾ, വ്യവസായികൾ, ഗവേഷകർ, വിദ്യാർഥികൾ എന്നിവർ മേളയിലെത്തും.

ക്ഷണിക്കപ്പെട്ട വ്യക്തികൾ നേതൃത്വം നൽകുന്ന 50-ലേറെ ചർച്ചകളും 300-ലേറെ ഗവേഷണ പ്രബന്ധങ്ങളുടെ അവതരണവും സമ്മേളനത്തിന്‍റെ ഭാഗമായി നടക്കും. 30-ലേറെ രാജ്യങ്ങളിൽനിന്നുള്ള 1300-ലേറെ പ്രതിനിധികൾ സമ്മേളനത്തിന്‍റെ ഭാഗമാകും. ആയുഷ് മേഖലയിൽനിന്നുള്ള ആരോഗ്യ പ്രദർശനങ്ങൾക്കായി നൂറിലധികം സ്റ്റാളുകൾ സമ്മേളനത്തിന്‍റെ ഭാഗമായി ഒരുക്കും. സയൻസ് ഇന്ത്യാ ഫോറം രക്ഷാധികാരി സിദ്ധാർഥ്‌ ബാലചന്ദ്രൻ, ആയുഷ് കോൺഫറൻസ് ജനറൽ സെക്രട്ടറി ഡോ. ശ്യാം, സാറാ അലി, സഞ്ജയ് മെഹറിഷ്, സയൻസ് ഇന്ത്യാ ഫോറം വൈസ് പ്രസിഡന്‍റ് മോഹൻ ദാസ് തുടങ്ങിയവരും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു

Related Stories

No stories found.
logo
The Cue
www.thecue.in