
ഫുജൈറയിലെ ഓയില്‍ കമ്പനിയില്‍ കണ്‍ട്രോള്‍ റൂം ഓപ്പറേറ്ററായി ജോലിചെയ്യുന്ന ശ്രീജു ഇനി കോടിപതിയാണ്. മൂന്ന് വർഷമായി മഹ്സൂസ് നറുക്കെടുപ്പില്‍ ഭാഗ്യം പരീക്ഷിക്കുന്ന ശ്രീജുവിനെ ഭാഗ്യദേവത കടാക്ഷിച്ചത് ഈ ശനിയാഴ്ച. 20 ദശലക്ഷം ദിർഹമാണ് നറുക്കെടുപ്പിലൂടെ ലഭിച്ചത്. അതായത് ഏകദേശം 45 കോടി ഇന്ത്യന്‍ രൂപ.
വിജയിയായെന്ന് വിശ്വസിക്കാന്‍ കഴിഞ്ഞില്ലെന്ന് ശ്രീജു പറഞ്ഞു. കഴിഞ്ഞ മൂന്ന് വർഷമായി എല്ലാ മാസവും രണ്ട് തവണ മഹ്സൂസ് നറുക്കെടുപ്പിന്‍റെ ഭാഗമാകും. ഭാഗ്യം തുണച്ച വിവരം ഭാര്യയോടാണ് ആദ്യം പറഞ്ഞത്. എന്നാല്‍ അവർ വിശ്വസിക്കാന്‍ തയ്യാറായില്ലെന്നും ശ്രീജു പറഞ്ഞു. ആറുവയസ്സുളള ഇരട്ടകുട്ടികളുടെ പിതാവ് കൂടിയാണ് ശ്രീജു. കാറില്‍ യാത്ര ചെയ്തുകൊണ്ടിരിക്കെയാണ് ഇമെയിലിലൂടെ വിവരമറിഞ്ഞത്. എന്തുചെയ്യണമെന്ന് അറിയാത്ത അവസ്ഥയായി. മഹ്സൂസില്‍ നിന്ന് ഫോണ്‍കോള്‍ വരുന്നത് വരെ കാത്തിരുന്നുവെന്നും ശ്രീജു വ്യക്തമാക്കി. വീട് വയ്ക്കണം, ജോലി ഉപേക്ഷിക്കില്ല. ശ്രീജുവിന്‍റെ വാക്കുകളില്‍ സ്വപ്നവും പ്രതീക്ഷയും.ലോണെടുത്ത് വീട് വയ്ക്കാനായിരുന്നു പ്ലാന്‍. ഇനി അതുവേണ്ട. യുഎഇയില്‍ 11 വർഷമായി. ജോലി ഇഷ്ടമാണ് ഇങ്ങനെ തന്നെ മുന്നോട്ടുപോകാനാണ് തീരുമാനമെന്നും ശ്രീജു പറഞ്ഞു.
മഹ്സൂസിന്‍റെ 46 മത് കോടി പതിയാണ് ശ്രീജു. 1.1 ദശലക്ഷം വിജയികള്‍ക്കായി 494 ദശലക്ഷം ദിർഹമാണ് മഹ്സൂസ് ഇതുവരെ നല്‍കിയത്. എല്ലാ ശനിയാഴ്ചയും വിജയികളെ പ്രഖ്യാപിക്കുന്ന ഐശ്വര്യ അജിതും ശ്രീജുവിനൊപ്പം വാർത്താസമ്മേളനത്തില്‍ പങ്കെടുത്തു. 2021 ഒക്ടോബറില്‍ 50 ദശലക്ഷം ദിർഹം സമ്മാനം പ്രഖ്യാപിച്ചത് മറക്കാനാകാത്ത അനുഭവമാണെന്ന് ഐശ്വര്യ പറഞ്ഞു.