ഇന്ത്യന്‍ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു

ഇന്ത്യന്‍ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു

ആഗോള സാമ്പത്തിക മാന്ദ്യത്തിന്‍റെ ഭീതിയില്‍ വിപണിയില്‍ ഡോളർ ഒഴികെയുളള മറ്റ് കറന്‍സികളുടെ മൂല്യമിടിഞ്ഞു. വ്യാപാര തുടക്കത്തില്‍ ഡോളറുമായി ഇന്ത്യന്‍ രൂപയുടെ മൂല്യം 81 രൂപ 88 ലേക്കാണ് താഴ്ന്നത്. റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ യോഗം വെള്ളിയാഴ്ച ചേരാനിരിക്കെ അതുവരെ രൂപയുടെ മൂല്യമിടിവ് തുടരുമെന്നാണ് വിപണി നല്‍കുന്ന സൂചന. യുഎഇ ദിർഹവുമായും ഇന്ത്യന്‍ രൂപയുടെ മൂല്യമിടിഞ്ഞു. ഒരു ദിർഹത്തിന് 22 രൂപ 29 പൈസയാണ് വിനിമയമൂല്യം.

രൂപയുടെ മൂല്യത്തകർച്ച ഉപയോഗപ്പെടുത്തി നാട്ടിലേക്ക് പണമയക്കുന്നവരും കുറവല്ല. ചൊവ്വാഴ്ച 22 രൂപ 09 പൈസയായിരുന്ന വിനിമയനിരക്കാണ് ബുധനാഴ്ച രാവിലെ 22 രൂപ 29 പൈസയിലെത്തി നില‍്ക്കുന്നത്.

രൂപയുടെ മൂല്യശോഷണം കുറയ്ക്കാന്‍ നിരക്ക് വർദ്ധിപ്പിക്കാന്‍ ആ‍ർബിഐ തയ്യാറായേക്കുമെന്നുളളതാണ് റിപ്പോർട്ടുകള്‍.സെപ്റ്റംബർ 30 നുളള പണവായ്പ നയത്തില്‍ .50 ശതമാനം വർദ്ധനവുണ്ടാകുമെന്നാണ് പ്രതീക്ഷ. അങ്ങനെയെങ്കില്‍ രൂപ മൂല്യം വീണ്ടെടുത്തേക്കാം. എന്നാല്‍ ആഗോള വിപണിയിലെ അസ്ഥിരത ഇന്ത്യന്‍ രൂപയുടെ മൂല്യത്തിലും പ്രതിഫലിച്ചേക്കുമെന്നുളളതാണ് യഥാർത്ഥ്യം.

ഇന്ത്യന്‍ രൂപയ്ക്ക് മാത്രമല്ല, പൗണ്ട്, യൂറോ, യെന്‍ തുടങ്ങിയ കറന്‍സികള്‍ക്കെല്ലാം മൂല്യമിടിവുണ്ടായിട്ടുണ്ട്. മൂല്യം സ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങൾക്കിടയിലും ചൈനീസ് യുവാൻ ഡോളറിനെതിരെ ഏറ്റവും താഴ്ന്ന നിലയിലേക്ക് താഴ്ന്നു. പാകിസ്ഥാന്‍ രൂപയും ഡോളറിനെതിരെ ഇടിഞ്ഞു. ഒരു ഡോളറിന് 236 എന്നതാണ് പാകിസ്ഥാന്‍ രൂപയൂടെ മൂല്യം.

Related Stories

No stories found.
logo
The Cue
www.thecue.in