അവധിക്കാലമെത്തുന്നു, തൊട്ടാല്‍ പൊളളി യുഎഇ-ഇന്ത്യ വിമാന ടിക്കറ്റ് നിരക്ക്

അവധിക്കാലമെത്തുന്നു, തൊട്ടാല്‍ പൊളളി യുഎഇ-ഇന്ത്യ വിമാന ടിക്കറ്റ് നിരക്ക്

യുഎഇ ഉള്‍പ്പടെയുളള ഗള്‍ഫ് രാജ്യങ്ങളില്‍ മധ്യവേനല്‍ അവധി ആരംഭിക്കാറായതോടെ യുഎഇയില്‍ നിന്നും ഇന്ത്യയിലേക്കുളള ടിക്കറ്റ് നിരക്കില്‍ വന്‍ വർദ്ധനവ്. ഇത്തവണ മധ്യവേനല്‍ അവധി ആരംഭിക്കുന്നതിനോട് അനുബന്ധിച്ചാണ് ഈദ് അല്‍ അദ അവധിയും വരുന്നത്. ഇതോടെയാണ് ടിക്കറ്റ് നിരക്ക് കുതിക്കുന്നത്.

ജൂണ്‍ 27 മുതല്‍ ജൂണ്‍ 30 വരെയാണ് ഈദ് അവധി പ്രതീക്ഷിക്കുന്നത്. ജൂണ്‍ 23 വെളളിയാഴ്ച കഴി‍ഞ്ഞാല്‍ ജൂണ്‍ 26 നാണ് പിന്നീട് സ്കൂള്‍ പ്രവ‍‍ൃത്തി ദിനം. അന്ന് അവധി നല്‍കുമോയെന്നുളള കാര്യത്തില്‍ വ്യക്തതയില്ല. അവധി നല്‍കുകയാണെങ്കില്‍ ജൂണ്‍ 23 മുതല്‍ ആരംഭിക്കുന്ന സ്കൂള്‍ അവധി മധ്യവേനലും കഴിഞ്ഞ് ആഗസ്റ്റ് അവസാനം മാത്രമെ അവസാനിക്കുകയുളളൂ. ഇതുകൂടി മുന്നില്‍ കണ്ടുകൊണ്ട് ജൂണ്‍ രണ്ടാം പകുതി മുതല്‍ ടിക്കറ്റ് നിരക്കില്‍ വലിയ വർദ്ധനവുണ്ടായിട്ടുണ്ട്. സാധാരണ ഗതിയില്‍ ജൂണ്‍ അവസാനവാരമാണ് ടിക്കറ്റ് നിരക്കില്‍ വർദ്ധനവ് രേഖപ്പെടുത്താറ്. ഇത്തവണ ടിക്കറ്റ് നിരക്ക് കുറയുന്നില്ലെന്നുളളതാണ് യാഥാർത്ഥ്യം.

ജൂണ്‍ 23 ന് ദുബായില്‍ നിന്ന് കോഴിക്കോട്ടേക്ക് എക്സ്പ്രസ് വാല്യൂവില്‍ 45299 രൂപയാണ് നിരക്ക്. ഫ്ലക്സി നിരക്ക് 53,000 ത്തിന് മുകളിലും. കൊച്ചിയിലേക്കും 46000 ത്തിന് മുകളില്‍ തന്നെയാണ് നിരക്ക്. ജൂണ്‍ 30 വരെ സമാന രീതിയിലാണ് തിരുവനന്തപുരത്തേക്കും നിരക്ക് കാണിക്കുന്നത്. അതേസമയം വെബ്സൈറ്റില്‍ ജൂലൈ അവസാനവാരത്തില്‍ മാത്രമാണ് വണ്‍വെ നിരക്ക് 30,000 ത്തിന് താഴെ കാണിക്കുന്നത്. എമിറേറ്റ്സ് എയർലൈന്‍സില്‍ ജൂണ്‍ 23 ന് 60000 ത്തിന് മുകളിലാണ് ദുബായില്‍ നിന്ന് കൊച്ചിയിലേക്കുളള എക്കണോമി ടിക്കറ്റ് നിരക്ക്. ജൂണ്‍ അവസാനവാരം പല ദിവസങ്ങളിലും എക്കണോമിടിക്കറ്റ് കിട്ടാനുമില്ല.

അതേസമയം ആവശ്യക്കാരേറുന്നതാണ് ടിക്കറ്റ് നിരക്കും കൂട്ടുന്നത് എന്നതില്‍ കാര്യമില്ലെന്നാണ് യാത്രാക്കാരുടെ അനുഭവസാക്ഷ്യം.കഴിഞ്ഞ ദിവസം കണ്ണൂരിൽ നിന്ന് ജിദ്ദയിലേക്ക് സർവീസ് നടത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ വിരലിലെണ്ണാവുന്നവർ മാത്രമായിരുന്നു യാത്രക്കാർ.കണ്ണൂർ സ്വദേശിയും യാംബുവിൽ സാമൂഹിക, സന്നദ്ധ പ്രവർത്തകനുമായ നാസർ നടുവിൽ ഇത് സംബന്ധിച്ചുളള ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. സീറ്റുകള്‍ കാലിയായി കിടക്കുമ്പോഴും 28,000 മുതൽ 38,000 രൂപ വരെയാണ് ഈ സർവീസിൽ ടിക്കറ്റിന് ഈടാക്കിയിരുന്നത്. സമാന രീതിയിലുളള അനുഭവം സാമൂഹ്യപ്രവർത്തകനായ അഷ്റഫ് താമരശേരിയും പങ്കുവയ്ക്കുകയുണ്ടായി. കോഴിക്കോട്ട് നിന്നും ഷാർജയിലേക്കുളള വിമാനത്തിലും സീറ്റുകള്‍ കാലിയായിരുന്നുവെന്നാണ് അഷ്റഫ് താമരശേരിയുടെ ഫേസ്ബുക്ക് പോസ്റ്റ്. അതേസമയം ടിക്കറ്റ് വർദ്ധന വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കഴിഞ്ഞദിവസം തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേർന്ന് ചാർട്ടേ‍‍ഡ് വിമാനങ്ങളുടെ സാധ്യതകള്‍ വിലയിരുത്തി.

Related Stories

No stories found.
logo
The Cue
www.thecue.in