മാതാപിതാക്കള്‍ വായിച്ചാല്‍ കുട്ടികളും വായിക്കും: സുധാമൂർത്തി

മാതാപിതാക്കള്‍ വായിച്ചാല്‍ കുട്ടികളും വായിക്കും: സുധാമൂർത്തി

മാതാപിതാക്കള്‍ സമൂഹമാധ്യമങ്ങളില്‍ സമയം ചെലവിടുകയും കുട്ടികളോട് പുസ്തകം വായിക്കൂവെന്ന് പറയുകയും ചെയ്യുന്നതില്‍ അർത്ഥമില്ലെന്ന് എഴുത്തുകാരി സുധാമൂർത്തി. ഷാർജ എക്സ്പോ സെന്‍ററില്‍ നടക്കുന്ന കുട്ടികളുടെ വായനോത്സവത്തില്‍ കുട്ടികളുമായി സംവദിക്കുകയായിരുന്നു സുധാമൂർത്തി.

മാതാപിതാക്കള്‍ വായിച്ചാല്‍ സ്വഭാവികമായും കുട്ടികളും വായിക്കും. ഇന്‍റർനെറ്റും ഫോണുമെല്ലാം നല്ലതുതന്നെ. എന്നാല്‍ എല്ലാത്തിനും പരിധിവയ്ക്കണമെന്നും അവർ പറഞ്ഞു. സമയം പ്രധാനമാണ്. അനാവശ്യകാര്യങ്ങള്‍ക്ക് സമയം ചെലവഴിക്കാതിരിക്കുകയെന്നുളളതാണ് പ്രധാനമെന്നും സുധാമൂർത്തി അഭിപ്രായപ്പെട്ടു.

തന്‍റെ പ്രിയപ്പെട്ട വളർത്തുനായ ഗോപിയെ കുറിച്ചുളള കുട്ടികളുടെ ചോദ്യങ്ങള്‍ക്കും അവർ മറുപടി നല്‍കി.ഭർത്താവായ ഇൻഫോസിസ് സ്ഥാപകന്‍ എൻ.ആർ. നാരായണ മൂർത്തിയും ഗോപിയും കൂട്ടുകാരയതെങ്ങനെയെന്ന് രസകരമായി അവർ കുട്ടികളോട് പറഞ്ഞു. നാരായണമൂർത്തിയ്ക്ക് ആദ്യം നായകളെ പേടിയായിരുന്നു. എന്നാല്‍ പിന്നീട് ഗോപിയെ അദ്ദേഹം ഇഷ്ടപ്പെട്ടുതുടങ്ങി. ഗോപിയുടെ നിഷ്കളങ്കമായ സ്നേഹമാണ് എല്ലാം മാറ്റിയത്. സ്നേഹത്തിന്‍റെ ശക്തിയില്‍ ലോകം മാറുമെന്നത് തീർച്ചയാണെന്നും അവർ പറഞ്ഞു.

സ്ത്രീയെന്നുളളതില്‍ എന്നും അഭിമാനമാണ്. സ്ത്രീയെന്ന നിലയില്‍ താന്‍ അന്നും ഇന്നും എന്നും ശക്തയാണ്. എഴുത്തുകാരിയെന്ന രീതിയിലാണോ അതോ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്‍റെ ഭാര്യാമാതാവെന്ന നിലയിലാണോ നാരായണമൂർത്തിയുടെ ഭാര്യയെന്ന രീതിയിലാണോ ഏറ്റവും സംതൃപ്തിയെന്ന ചോദ്യത്തിനായിരുന്നു സുധാമൂർത്തിയുടെ മറുപടി. ജീവിതത്തിലെ എല്ലാ റോളുകളേയും നൂറുശതമാനം ആത്മാർത്ഥതയോടെയാണ് സമീപിച്ചിട്ടുളളതെന്നും അവർ പറഞ്ഞു.

വിവിധ രാജ്യങ്ങള്‍ സന്ദർശിച്ചിട്ടുണ്ട്. പാകിസ്ഥാനിലെത്തിയപ്പോള്‍, എല്ലാം ഒരുപോലെ. പക്ഷെ നമ്മള്‍ അവിടെ വിദേശിയാണ്. സാമ്യതയിലെ വ്യത്യസ്തത അവിടെ അനുഭവിച്ചറിയാനായി. ഇറാനില്‍ വീണ്ടും വീണ്ടും പോകാന്‍ ആഗ്രഹ മുണ്ട്.മറ്റൊരു രാജ്യം ക്യൂബയാണ്. 29 മത് വയസിലാണ് ആദ്യ പുസ്തകമെഴുതുന്നത്. താന്‍ എഴുതിയ പുസ്തകങ്ങളെല്ലാം തനിക്ക് മക്കളെപ്പോലെയാണ്. അതുകൊണ്ടുതന്നെ ഏതാണ് പ്രിയപ്പെട്ട പുസ്തകമെന്ന് പറയാനാകില്ലെന്നും എല്ലാം പ്രിയപ്പെട്ടവ തന്നെയെന്നും സുധാമൂർത്തി പറഞ്ഞു.

സ്ത്രീയെന്നതില്‍ എന്നുംഅഭിമാനം, സ്ത്രീകള്‍ അവകാശങ്ങളെകുറിച്ചും കടമകളെകുറിച്ചും ബോധവതികളാകണം

സ്വന്തം അവകാശങ്ങളെ കുറിച്ച് ബോധവതികളാകാന്‍ സ്ത്രീകള്‍ക്ക് സാധിക്കണമെന്ന് എഴുത്തുകാരിയും സാമൂഹ്യപ്രവർത്തകയുമായ സുധാമൂർത്തി. വായനോത്സവത്തില്‍ ഇന്ത്യന്‍ മാധ്യമപ്രവർത്തകരുമായി സംവദിക്കുകയായിരുന്നു അവർ.അവകാശങ്ങളെ കുറിച്ച് ബോധവതികളാകുന്നതിനൊപ്പം തന്നെ കടമകളും നിറവേറ്റണം. വിദ്യാഭ്യാസമൊന്നുകൊണ്ടുമാത്രമെ സമൂഹത്തില്‍ സ്ത്രീ സമത്വം സാധ്യമാവുകയുളളൂ. സ്ത്രീകളുടെ വിദ്യാഭ്യാസകാര്യത്തില്‍ വലിയ പുരോഗതിയുണ്ടെന്നുളളത് ശുഭകരമായ പ്രതീക്ഷ നല്‍കുന്ന കാര്യമാണെന്നും അവർ പറഞ്ഞു.

എങ്ങനെയാണ് ജീവിതം മുന്നോട്ടുകൊണ്ടുപോകേണ്ടത് എന്നത് ഓരോരുത്തരുടെയും കാഴ്ചപ്പാടുകളാണ്.മരുമകന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയായത് തന്‍റെ ജീവിതത്തില്‍ ഒരു മാറ്റവും കൊണ്ടുവന്നിട്ടില്ല.സ്ത്രീയെന്ന രീതിയില്‍ അന്നും ഇന്നും എന്നും ശക്തയാണെന്നും അവർ പറഞ്ഞു.

കേരളം ഇഷ്ടമാണ്. തന്‍റെ സെക്രട്ടറി മലയാളിയാണ്. മരുമകള്‍ പാലക്കാട് സ്വദേശിനിയും. പൊങ്കാലയെകുറിച്ച് അറിഞ്ഞപ്പോള്‍ അനുഭവിക്കണമെന്ന് ആഗ്രഹം തോന്നി. ഈ ഡിജിറ്റല്‍ കാലത്ത് കുട്ടികളുടെ പുസ്തകം എഴുതുകയെന്നുളളത് അത്ര എളുപ്പമല്ലെന്നും അവർ പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in