
ഇന്ത്യയിലേക്ക് കടല്‍-വ്യോമ മാർഗം അയക്കുന്ന കാർഗോ സേവനങ്ങള്‍ക്ക് ഏകീകൃത നിരക്ക് ഏർപ്പെടുത്തി യുഎഇയിലെ ഇന്ത്യൻ കാർഗോ ആൻഡ് കൊറിയേഴ്സ് അസോസിയേഷൻ. ഇതുവഴി ആരോഗ്യകരമായ പ്രവർത്തനം മേഖലയിലുണ്ടാകുമെന്നാണ് ഐസിസിഎ ഭാരവാഹികളുടെ വിലയിരുത്തല്‍. ഏകീകൃത നിരക്കുകളനുസരിച്ച് സമുദ്ര മാര്‍ഗം ഒരു കിലോയ്ക്ക് 6 ദിര്‍ഹവും, വിമാന മാര്‍ഗം 13 ദിര്‍ഹവുമാണ് നിരക്ക്.
കാർഗോ അയക്കാനായി സാധനങ്ങള്‍ എത്തിക്കുമ്പോള്‍ വസ്തുക്കളുടെ മൂല്യം വെളിപ്പെടുത്തേണ്ടത് ഉപഭോക്താക്കളാണ്. അങ്ങനെ ചെയ്യാത്തതുമൂലമാണ് പലപ്പോഴും സാധനങ്ങള്‍ നഷ്ടപ്പെട്ടാലും മറ്റ് അപകടങ്ങള്‍ സംഭവിച്ചാലും ഉപഭോക്താക്കള്‍ക്ക് മൂല്യമനുസരിച്ചുളള തുക ലഭിക്കാതെ പോകുന്നത്. കാർഗോ ഉൽപന്നങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്ന ഗ്രൂപ് ഇൻഷുറൻസ് സംവിധാനത്തിന്റെ സാധ്യതകൾ തേടുന്നുണ്ട്. ഇതുവഴി ചരക്കുകളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും ഐസിസിഎ ഭാരവാഹികള്‍ അറിയിച്ചു. 10 ദിര്‍ഹം നിരക്കില്‍ പുതുതായി ഗ്രൂപ് ഇന്‍ഷുറന്‍സ് നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്.
ഈ രംഗത്ത് പ്രവർത്തിക്കുന്ന 84 സ്ഥാപനങ്ങളുടെ അസോസിയേഷന്റെ പ്രഥമ നാഷനൽ കോൺഫറൻസിനോടനുബന്ധിച്ച് ഷാർജയിലെ സഫാരി മാളിൽ നടത്തിയ വാർത്ത സമ്മേളനത്തിലാണ് ഭാരവാഹികൾ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. . യുഎഇയില്‍ നിന്ന് റിട്ടയര്‍ ചെയ്തും ജോലി നഷ്ടപ്പെട്ടും നാട്ടില്‍ പോകുന്ന പ്രവാസികള്‍ക്ക് ഏറ്റവും കുറഞ്ഞ നിരക്കില്‍ കാര്‍ഗോ അയക്കാന്‍ സംവിധാനമേര്‍പ്പെടുത്തും. പ്രവാസികള്‍ക്ക് എപ്പോഴും താങ്ങാനാകുന്ന നിരക്കില്‍ മികച്ച സേവനം നല്‍കാനാണ് തങ്ങള്‍ക്കാഗ്രഹമെന്നും ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു. പ്രശ്നങ്ങള്‍ പഠിച്ച് പരിഹാര നടപടികളിലേക്ക് നയിക്കാന്‍ ഒരു കോഓര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. കമ്മിറ്റി കണ്ടെത്തുന്ന കാര്യങ്ങള്‍ സംഘടന നടപ്പാക്കും.
ക്ലിയറന്‍സുമായി ബന്ധപ്പെട്ടുളളതാണ് ഈ മേഖലയിലെ പ്രധാന പ്രശ്നം. പലപ്പോഴും ഉപയാക്താക്കളില്‍ നിന്നും വാങ്ങിയതിനെക്കാള്‍ തുക ക്ലിയറന്‍സിന് കാര്‍ഗോ കമ്പനികള്‍ ചെലവഴിക്കേണ്ടി വരുന്നു. കൂടുതല്‍ പരിശോധനകള്‍ ആവശ്യമായി വരുമ്പോള്‍ സാങ്കേതികമായി കാലതാമസമുണ്ടാകുന്നു. അത് കാര്‍ഗോ കമ്പനികള്‍ സൃഷ്ടിക്കുന്നതല്ല.നിലവില്‍ പ്രശ്നങ്ങള്‍ പരിഹരിച്ച് നല്ല രീതിയില്‍ തന്നെ മുന്നോട്ടു പോകുന്നുണ്ടെന്നും ഭാരവാഹികള്‍ അറിയിച്ചു. പ്രസിഡന്റ് നിഷാദ്, മീഡിയ കോഓഡിനേറ്ററും ഉപദേശക സമിതി അംഗവുമായ മുഹമ്മദ് സിയാദ്, സെക്രട്ടറി നൗജാസ്, ഉപദേശക സമിതി അംഗം നവനീത്, ലാൽജി മാത്യു, ഫൈസൽ തയ്യിൽ ഷഹീർ എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.