യുഎഇയില്‍ കനത്ത മഴ, വരും ദിവസങ്ങളിലും മഴ മുന്നറിയിപ്പ്

യുഎഇയില്‍ കനത്ത മഴ, വരും ദിവസങ്ങളിലും മഴ മുന്നറിയിപ്പ്

യുഎഇയിലെ വിവിധ എമിറേറ്റുകളില്‍ കനത്ത മഴ പെയ്തു. റോഡുകളില്‍ വെളളം നില്‍ക്കുന്നതിനാല്‍ വാഹനമോടിക്കുന്നവ‍ർ ജാഗ്രതപാലിക്കണമെന്ന് വിവിധ എമിറേറ്റുകളിലെ അധികൃതർ മുന്നറിയിപ്പ് നല്‍കി. പുലർച്ചെ 4.45 ഓടെയാണ് ദുബായ് ഉള്‍പ്പടെയുളള എമിറേറ്റുകളില്‍ ശക്തമായ മഴ പെയ്തത്. ഇടിയോടും മിന്നലോടും കൂടിയാണ് മഴ പെയ്തത്. ദുബായിലെ ഡിഐപി, അല്‍ ബർഷ, നാദ് അല്‍ ഷെബ, സിലിക്കണ്‍ ഓയാസീസ്, ഖിസൈസ്, ബിസിനസ് ബെ, ജുമൈറ വില്ലേജ് ഉള്‍പ്പടെയുളള സ്ഥലങ്ങളില്‍ ശക്തമായ മഴപെയ്തു.ദുബായില്‍ അബു ഹെയില്‍ ഭാഗത്ത് കനത്ത പൊടിക്കാറ്റ് വീശി.

Photo Courtesy Khaleej Times
Photo Courtesy Khaleej Times

മഴ കനത്തതോടെഫോണുകളില്‍ എസ് എം എസ് സന്ദേശമായി ദുബായ് പോലീസിന്‍റെ സുരക്ഷാ മുന്നറിയിപ്പ് വന്നു. ബീച്ചുകളിലും നിന്നും മിന്നല്‍ പ്രളയമുണ്ടാകാനിടയുളള ഇടങ്ങളില്‍ നിന്നും വിട്ടുനില്‍ക്കണമെന്നതായിരുന്നു മുന്നറിയിപ്പ്. റോഡുകളില്‍ അധികൃതർ നല്‍കുന്ന നിർദ്ദേശങ്ങള്‍ ശ്രദ്ധിക്കണമെന്നും സുരക്ഷിതമായി വാഹനമോടിക്കണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.അബുദബിയിലും ഫുജൈറയിലുംഷാർജയിലും ശക്തമായ മഴ പെയ്തു. രാജ്യത്ത് ഓറഞ്ച് യെല്ലോ അലർട്ടുകള്‍ നല്‍കിയിട്ടുണ്ട്. വെളളി, ശനി ദിവസങ്ങളില്‍ കൂടുതല്‍ മഴ പ്രതീക്ഷിക്കാമെന്നാണ് മുന്നറിയിപ്പ്.

ദുബായിലെ സ്കൂളുകളില്‍ ഇന്ന് അധ്യയനം ഓണ്‍ലൈനിലേക്ക് മാറ്റി. രാവിലെയോടെയാണ് ഓണ്‍ലൈന്‍ പഠനത്തിലേക്ക് മാറുന്നതായുളള സന്ദേശം രക്ഷിതാക്കള്‍ക്ക് ലഭിച്ചത്. അജ്മാന്‍, ഉമ്മുല്‍ ഖുവൈന്‍, റാസല്‍ഖൈമ എമിറേറ്റുകളിലെ വിദ്യാഭ്യാസ വകുപ്പ് വെളളിയാഴ്ച ഓണ്‍ലൈന്‍ പഠനമായിരിക്കുമെന്ന് അറിയിച്ചിരുന്നു. കുട്ടികളുടെ സുരക്ഷ മുന്‍നിർത്തി നഴ്സറികള്‍ക്ക് അവധി നല്‍കിയിരുന്നു. സർവ്വകലാശാലകളിലും കോളേജുകളിലും വിദ്യാർത്ഥികളുടെ സൗകര്യം കണക്കിലെടുത്ത് ആവശ്യമെങ്കില്‍ ഓണ്‍ലൈന്‍ പഠനമാകാമെന്ന് നിർദ്ദേശം നല്‍കിയിരുന്നു. വിവിധ ഓഫീസുകളും ജീവനക്കാരുടെ സൗകര്യം മുന്‍നിർത്തി വർക്ക് ഫ്രം ഹോം ഓപ്ഷന്‍ നല്‍കിയിരുന്നു.

യുഎഇ തണുപ്പുകാലത്തിലേക്ക് മാറുന്നതിന് മുന്നോടിയായാണ് മഴ പെയ്യുന്നത്. ചെങ്കടലില്‍ നിന്നുളള ഉപരിത ന്യൂനമർദ്ദവും മഴയ്ക്ക് കാരണമായി. മഴ ലഭിക്കുന്നതിനായി രാജ്യത്ത് ക്ലൗഡ് സീഡിംഗും നടത്തുന്നുണ്ട്. വിവിധ എമിറേറ്റുകളിലെ താപനിലയില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തി. മലമേഖലകളില്‍ താപനില 14 ഡിഗ്രി സെല്‍ഷ്യസിലെത്തിയപ്പോള്‍ രാജ്യത്തിന്‍റെ ഉള്‍ഭാഗങ്ങളില്‍ പരമാവധി 33 ഡിഗ്രി സെല്‍ഷ്യസാണ് താപനില.

Related Stories

No stories found.
logo
The Cue
www.thecue.in