യുഎഇയിലെങ്ങും കനത്ത മഴ, റെഡ് അലർട്ട്

യുഎഇയിലെങ്ങും കനത്ത മഴ, റെഡ് അലർട്ട്

യുഎഇയിലെ വിവിധ എമിറേറ്റുകളില്‍ കനത്ത മഴ തുടരുന്നു. ദുബായ് ഉള്‍പ്പടെയുളള എമിറേറ്റുകളിലാണ് തിങ്കളാഴ്ച രാത്രി തുടങ്ങിയ മഴ ചൊവ്വാഴ്ചയും തുടരുന്നത്. രാജ്യത്ത് റെഡ് അലർട്ട് നല്‍കിയിട്ടുണ്ട്.താമസക്കാർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വെളളക്കെട്ടുകളില്‍ അനാവശ്യമായി ഇറങ്ങരുത്. അബുദബിയിലും ദുബായിലും മഞ്ഞുവീഴ്ചയും അനുഭവപ്പെട്ടു.

മഴ ശക്തമായതോടെ ദുബായ് വിമാനത്താവളത്തിലിറങ്ങേണ്ട വിമാനങ്ങളും വഴി തിരിച്ചുവിട്ടു.എന്നാല്‍ ദുബായില്‍ നിന്നുളള വിമാനങ്ങള്‍ സമയക്രമം പാലിക്കുന്നുണ്ട്. നേരത്തെ 45 വിമാനങ്ങള്‍ റദ്ദാക്കിയിരുന്നു. ഉച്ചയ്ക്ക് 45 മിനിറ്റോളം വിമാനത്താവളം പ്രവർത്തനം നിർത്തിവച്ചിരുന്നു.

ദുബായിലെ മെട്രോസ്റ്റേഷനുകളില്‍ ഉള്‍പ്പടെ വെളളം കയറിയ നിലയിലാണ്. വിവിധ സ്ഥലങ്ങളില്‍ മെട്രോ സർവ്വീസ് താല്‍ക്കാലികമായി നിർത്തിവച്ചിട്ടുണ്ട്.ദുബായ് മാളിലും ജബല്‍ അലി മെട്രോ സ്റ്റേഷനിലും നിരവധി പേരാണ് മെട്രോ കാത്തിരിപ്പ് തുടരുകയാണ്. ദുബായില്‍ നിന്ന് അബുദബി,ഷാ‍ർജ,അജ്മാന്‍ ബസുകള്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ സർവ്വീസ് നടത്തില്ലെന്ന് അറിയിച്ചിട്ടുണ്ട്.കാലാവസ്ഥ മുന്നറിയിപ്പ് കണക്കിലെടുത്ത് ചൊവ്വാഴ്ച വിവിധ എമിറേറ്റുകളിലെ സ്കൂളുകള്‍ ഓണ്‍ലൈന്‍ പഠനത്തിലേക്ക് മാറിയിരുന്നു. മഴ കനത്തതോടെ ബുധനാഴ്ചയും പഠനം ഓണ്‍ലൈനായിരിക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.അടിയന്തരസാഹചര്യങ്ങള്‍ ഒഴികെയുളള സർക്കാർ സ്ഥാപനങ്ങളും റിമോട്ട് വർക്കിംഗ് എന്ന രീതിയിലേക്ക് മാറ്റിയിട്ടുണ്ട്. പല സ്വകാര്യകമ്പനികളും ഈ രീതി പിന്തുടർന്ന് ബുധനാഴ്ചയും വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ ജീവനക്കാർക്ക് അനുമതി നല്‍കിയിട്ടുണ്ട്.

അബുദബിയിലും ബുധനാഴ്ച സ്കൂളുകളില്‍ ഓണ്‍ലൈന്‍ പഠനരീതിയാണെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.സർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും വീട്ടിരിലുന്ന് ജോലി ചെയ്യാന്‍ അനുമതി നല്‍കിയിട്ടുണ്ട്. എമിറേറ്റിലെ ചില കെട്ടിടങ്ങളില്‍ വൈദ്യുതി തടസ്സപ്പെട്ടു.ഷാർജയിലും ഇടിയും മിന്നലോടും കൂടിയ കനത്ത മഴയാണ് അനുഭവപ്പെടുന്നത്. സ്കൂളുകള്‍ക്കും സർക്കാർ സ്ഥാപനങ്ങള്‍ക്കും ഓണ്‍ലൈന്‍ രീതി പിന്തുടരാം.ഉമ്മുല്‍ ഖുവൈന്‍,ഫുജൈറ,റാസല്‍ഖൈമ,അജ്മാന്‍ എമിറേറ്റുകളിലും കനത്തമഴയാണ് പെയ്യുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in