യുഎഇ അലൈനില്‍ ശക്തമായ മഴയും ആലിപ്പഴ വ‍ർഷവും, വെള്ളക്കെട്ടിന്‍റെ ദൃശ്യങ്ങള്‍ പകർത്തവെ വാഹനം മറിഞ്ഞ് യുവാവിന് പരുക്ക്

യുഎഇ അലൈനില്‍ ശക്തമായ മഴയും ആലിപ്പഴ വ‍ർഷവും, വെള്ളക്കെട്ടിന്‍റെ ദൃശ്യങ്ങള്‍ പകർത്തവെ വാഹനം മറിഞ്ഞ് യുവാവിന് പരുക്ക്

യുഎഇയുടെ കിഴക്കന്‍ മേഖലയായ അലൈനില്‍ ശക്തമായ മഴ ലഭിച്ചു. അസ്ഥിരകാലാവസ്ഥ പ്രതീക്ഷിച്ചിരുന്നതിനാല്‍ അലൈനില്‍ റെഡ് അലർട്ടും പ്രഖ്യാപിച്ചിരുന്നു. ആലിപ്പഴ വർഷത്തോടെയാണ് വിവിധ ഇടങ്ങളില്‍ മഴ പെയ്തത്. ജനങ്ങള്‍ ജാഗ്രത തുടരണമെന്നതായിരുന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്.

അലൈന്‍, അല്‍ തിയാവ, അല്‍ ഖത്തറ, നഹീല്‍, ബാദ ബിന്‍ത് സൗദ്, അലാമേര എന്നിവിടങ്ങളില്‍ അസ്ഥിര കാലാവസ്ഥ അനുഭവപ്പെട്ടു.ഇടിയും മിന്നലും ആലിപ്പഴ വർഷവും ശക്തമായ മഴയും വിവിധ ഇടങ്ങളില്‍ റിപ്പോർട്ട് ചെയ്തു. മിന്നല്‍ പ്രളയമുണ്ടാകാന്‍ സാധ്യതയുളള ഇടങ്ങള്‍, താഴ്വരകള്‍ തുടങ്ങിയ സ്ഥലങ്ങളിലേക്കുളള യാത്രകള്‍ ഒഴിവാക്കണമെന്നും അപകടകരമായ സാഹചര്യങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും മുന്നറിയിപ്പുണ്ടായിരുന്നു.

അതിനിടെ മഴയുടെ ചിത്രങ്ങള്‍ പകർത്തുന്നതിനിടെ വാഹനത്തിന്‍റെ നിയന്ത്രണം നഷ്ടമായി അപകടത്തില്‍ പെട്ട് യുവാവിന് പരുക്കേറ്റു. അലൈന്‍ വാദി സായിലാണ് അപകടമുണ്ടായത്. വാദിയിലെ വെളളക്കെട്ടിന്‍റെ ദൃശ്യങ്ങള്‍ പകർത്തുന്നതിനിടെ വാഹനത്തിന്‍റെ നിയന്ത്രണം നഷ്ടമാവുകയും വെള്ളക്കെട്ടിലേക്ക് വാഹനമുള്‍പ്പടെ വീഴുകയുമായിരുന്നുവെന്ന് അധികൃതർ പറഞ്ഞു. വെളളക്കെട്ട് രൂപപ്പെടാന്‍ സാധ്യതയുളള വാദി സാ പോലുളള സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യരുതെന്ന് നേരത്തെ തന്നെ പോലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഡ്രൈവിംഗിനിടെ ദൃശ്യങ്ങള്‍ പകർത്തുന്നത് ശ്രദ്ധതെറ്റിക്കും. ഇത് വലിയ അപകടങ്ങള്‍ക്ക് ഇടയാക്കുമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.

ശക്തമായ മഴമൂലം കാഴ്ചപരിധി കുറയാനിടയുളളതിനാല്‍ വാഹനമോടിക്കുന്നവർ സുരക്ഷാ മുന്‍കരുതലുകളും നിർദ്ദേശങ്ങളും ശ്രദ്ധിക്കണമെന്നും ജാഗ്രത പാലിക്കണമെന്നും അബുദബി പോലീസ് ആവശ്യപ്പെട്ടു. അടയാള ബോർഡുകളില്‍ സ്ഥാപിച്ചിട്ടുളള വേഗപരിധിയിലായിരിക്കണം യാത്ര. കാലാവസ്ഥയ്ക്ക് അനുസൃതമായി റോഡുകളിലെ വേഗപരിധി മണിക്കൂറില്‍ 80 കിലോമീറ്ററായി കുറയ്ക്കാറുണ്ട്. വാദികള്‍ മുറിച്ച് കടക്കുമ്പോഴും ശ്രദ്ധവേണം. ഫുജൈറയിലും റാസല്‍ഖൈമയിലും കഴിഞ്ഞ വാരമുണ്ടായ മഴക്കെടുതിയില്‍ 7 പേർ മരിച്ചിരുന്നു. ഈ സാഹചര്യത്തില്‍ സുരക്ഷാ മുന്‍കരുതലുകള്‍ ശക്തമാക്കുകയാണ് അധികൃതർ

Related Stories

No stories found.
logo
The Cue
www.thecue.in