ഹത്തയില്‍ 'തേനുത്സവം'

ഹത്തയില്‍ 'തേനുത്സവം'

യുഎഇയുടെ വിവിധ എമിറേറ്റുകളില്‍ നിന്നുളള തേന്‍ ക‍ർഷകരുടെ പ്രദർശനമായ ഹത്ത ഹണി ഫെസ്റ്റിവലിന് മികച്ച പ്രതികരണം. ഡിസംബർ 31 വരെ നീണ്ടുനില്‍ക്കുന്ന 8 മത് ഹത്ത ഹണി ഫെസ്റ്റിവലില്‍ 60 ഓളം കർഷകരാണ് ഭാഗമാകുന്നത്. തേനിന്‍റെയും തേനുല്‍പന്നങ്ങളുടെയും പ്രദർശനവും വില്‍പനയുമാണ് ഇവിടെ സജ്ജമാക്കിയിരിക്കുന്നത്. വാങ്ങിക്കുന്ന തേനിന്‍റെ ഗുണനിലവാരം പരിശോധിക്കുന്നതിനായി ദുബായ് മുനിസിപ്പാലിറ്റിയുടെ തന്നെ ലാബും ഇവിടെയുണ്ട്. സന്ദർശകർക്ക് വിവിധ തരത്തിലുളള തേനുകളെ കുറിച്ച് അറിയാനും ഗുണത്തെ കുറിച്ച് മനസിലാക്കാനും ഫെസ്റ്റിവല്‍ അവസരമൊരുക്കുന്നു.

ജിസിസിയില്‍ നിന്നുളള തേന്‍ കർഷകരും ഫെസ്റ്റിവലിന്‍റെ ഭാഗമാകുന്നുണ്ട്. തേനീച്ചവളർത്തൽ വ്യവസായത്തെയും സ്വദേശി തേനീച്ച കർഷകരെയും സഹായിക്കുന്നതിനായാണ് വർഷം തോറും ദുബായ് മുനിസിപ്പാലിറ്റി ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. ക‍ർഷക‍ർക്ക് അവരുടെ അനുഭവങ്ങൾ പങ്കിടാനും അവരുടെ ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാർഗങ്ങൾ മനസിലാക്കുന്നതിനും സൗകര്യമൊരുക്കുന്നുണ്ട്. യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം മുന്നോട്ടുവച്ച ഹത്ത സമഗ്ര വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നതെന്ന് ദുബായ് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ ദാവൂദ് അൽ ഹജ്‌രി പറഞ്ഞു.

Dawoud Al Hajri, Director General of Dubai Municipality
Dawoud Al Hajri, Director General of Dubai Municipality

ഹത്തയിലെ സ്വകാര്യ മേഖലയ്ക്കുള്ള നിക്ഷേപ അവസരങ്ങൾ തുറക്കുകയെന്നുളളത് കൂടി ലക്ഷ്യമിടുന്നുണ്ട്. മാത്രമല്ല മേഖലയിലെ പൊതു സൗകര്യങ്ങളും സേവനങ്ങളും മെച്ചപ്പെടുത്താനും വിനോദസഞ്ചാര സൗകര്യങ്ങള്‍ വർദ്ധിപ്പിക്കാനും ദുബായ് മുനിസിപ്പാലിറ്റി ലക്ഷ്യമിടുന്നുവെന്നും അദ്ദേഹം പറഞ്ഞു.പൊതുജനങ്ങള്‍ക്ക് രാവിലെ 10 മുതല്‍ രാത്രി 10 വരെ സൗജന്യമായി ഹണി ഫെസ്റ്റിവല്‍ സന്ദർശിക്കാം. തേന്‍ ഉപയോഗപ്പെടുത്തിയുളള ഭക്ഷണപാനീയങ്ങളുടെ ശില്‍പശാല, തേൻ സോപ്പ് നിർമ്മാണം, തേൻ മെഴുകുതിരി നിർമ്മാണം തുടങ്ങിയവയുള്‍പ്പെടെയുളള വിവിധ പരിപാടികളും ഇതോടൊപ്പം നടത്തുന്നുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in