ഗ്രാന്മ ഗുരുവായൂരിന്‍റെ 'ഗ്രാമോത്സവം' ഞായറാഴ്ച

Photo: Kamal Kassim
Photo: Kamal Kassim

ഗുരുവായൂർ നിയോജക മണ്ഡലത്തിലെ പ്രവാസി സുഹൃത്തുക്കളുടെ കൂട്ടായ്മയായ ഗ്രാന്മ ഗുരുവായൂർ സംഘടിപ്പിക്കുന്ന 'ഗ്രാമോത്സവം' നവംബർ 12 ഞായറാഴ്ച ദുബായ് ഖിസൈസ് ക്രെസന്‍റ് സ്കൂളില്‍ നടക്കും. ഗ്രാമോത്സവത്തിന്‍റെ മൂന്നാമത് പതിപ്പാണ് ഇത്തവണത്തേത്.ഗുരുവായൂർ മുന്‍ എം എല്‍ എയും സംസ്ഥാന പ്രവാസിക്ഷേമനിധി മുൻ അധ്യക്ഷനും സംവിധായകനുമായ പിടി കുഞ്ഞിമുഹമ്മദ് ഉദ്ഘാടനം ചെയ്യുന്ന പരിപാടിയില്‍ സാംസ്കാരിക പ്രവർത്തകക്ഷേമനിധി അദ്ധ്യക്ഷനും ചലച്ചിത്ര-സീരിയൽ പ്രവർത്തകനുമായ മധുപാൽ മുഖ്യാതിഥിയായിരിക്കും.

ഗായകരായ ദുർഗ്ഗ വിശ്വനാഥ്, രഞ്ജു ചാലക്കുടി, എസ് ബാന്‍ഡ് ഫ്യൂഷൻ, ഇശൽ ദുബായ്, മടിക്കൈ ടീം എന്നിവർ നയിക്കുന്ന സംഗീതവിരുന്നും ഗ്രാമോത്സവത്തിന്‍റെ ഭാഗമായി അരങ്ങേറുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തില്‍ അറിയിച്ചു. ഗ്രാൻമ ഗുരുവായൂർ എല്ലാവർഷവും നൽകി വരുന്ന സഖാവ് സികെ കുമാരൻ പുരസ്കാരം ഇത്തവണ ഡോ പികെ . അബുബക്കറിന് സമ്മാനിക്കും. ഷാർജയിലെ റോളയിലുളള അബുബക്കർ ക്ലിനിക്കിൽ 35 വർഷമായി പ്രവർത്തിക്കുന്ന ഡോക്ടർക്ക് ആതുരസേവന രംഗത്ത് നല്‍കിയ സേവനങ്ങള്‍ പരിഗണിച്ചാണ് പുരസ്കാരം നല്‍കി ആദരിക്കുന്നത്.

ഞായറാഴ്ച ഉച്ചയ്ക്ക് 2.30 മുതൽ മുതൽ രാത്രി 11 മണിവരെയാണ് പരിപാടികള്‍ നടക്കുക. പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യമാണ്. ഗ്രാമത്തിന്‍റെ ഉത്സവപ്രതിച്ഛായയിലാണ് 'ഗ്രാമോത്സവം' ഇത്തവണയും ഒരുക്കിയിട്ടുളളതെന്നും സംഘാടകർ അറിയിച്ചു. പഞ്ചാരിമേളം പഞ്ചവാദ്യം ശിങ്കാരിമേളം,എന്നിവയും ഒപ്പന, തിരുവാതിരക്കളി, കോൽക്കളി, ദഫ്മുട്ട്, ക്ലാസ്സിക്കൽ നൃത്തവുമുണ്ടാകും. കാവടി, പുലിക്കളി, മയിലാട്ടം, കരകാട്ടം, മുത്തുക്കുട എന്നിവയുള്‍പ്പടുത്തിയുളള ഘോഷയാത്രയ്ക്കൊപ്പം ഉത്സവപറമ്പുകളിലെ രുചികളും കൗതുകകാഴ്ചകളുമെല്ലാം ഗ്രാമോത്സവത്തിലുണ്ടാകുമെന്നും സംഘാടകർ അറിയിച്ചു. ജനറല്‍ സെക്രട്ടറി രാജേഷ് ചനയന്‍, പ്രസിഡന്‍റ് ജമാല്‍ മന്തിയില്‍, ട്രഷറർ സുനില്‍ തണ്ടെങ്ങട്ടിൽ, ഗ്രാമോത്സവം കണ്‍വീനർ പ്രതീഷ് ചനയന്‍,ജോയിന്‍റ് കണ്‍വീനർ മുസ്തഫ കണ്ണാട്ട്, ജോയിന്‍റ കണ്‍വീനർ നിസാർ ചുളളിയില്‍, രക്ഷാധികാരി അബ്ദുള്‍ നാസർ എന്നിവർ വാർത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in