പാസ്പോർട്ടിലോ വീസയിലോ ഗ്ലോബല്‍ വില്ലേജ് സ്റ്റാമ്പുണ്ടോ, ആദ്യ 10 ദിവസം സൗജന്യമായി ഗ്ലോബല്‍ വില്ലേജ് സന്ദർശിക്കാം

പാസ്പോർട്ടിലോ വീസയിലോ ഗ്ലോബല്‍ വില്ലേജ് സ്റ്റാമ്പുണ്ടോ, ആദ്യ 10 ദിവസം സൗജന്യമായി ഗ്ലോബല്‍ വില്ലേജ് സന്ദർശിക്കാം
Published on

ദുബായ് ഗ്ലോബല്‍ വില്ലേജിന്‍റെ 30 ആം പതിപ്പിനോട് അനുബന്ധിച്ച് ദുബായിലെത്തുന്നവർക്ക് പ്രത്യേക പദ്ധതി പ്രഖ്യാപിച്ച് ജിഡിആർഎഫ്എ. ദുബായിൽ നിന്ന് ഇഷ്യു ചെയ്യുന്ന വിസകളിലും ദുബായ് അതിർത്തികളിലൂടെ പ്രവേശിക്കുന്ന യാത്രക്കാരുടെ പാസ്പോർട്ടുകളിലും ഗ്ലോബൽ വില്ലേജ് ലോഗോ പതിപ്പിക്കും. ഈ പ്രത്യേക സ്റ്റാമ്പ് ലഭിക്കുന്നവർക്ക് ഗ്ലോബൽ വില്ലേജിലേക്ക് ആദ്യത്തെ 10 ദിവസത്തേക്ക് സൗജന്യ പ്രവേശനം ലഭിക്കും. ഓരോ വ്യക്തിക്കും ഈ ആനുകൂല്യം ഒരിക്കൽ മാത്രമേ ഉപയോഗിക്കാനാകൂ.

ഗ്ലോബല്‍ വില്ലേജിന്‍റെ പുതിയ പതിപ്പ് ഈ മാസം 15 നാണ് ആരംഭിക്കുന്നത്. ദുബായിലെത്തുന്നവർക്ക് ലോകത്തെ ഏറ്റവും കൂടുതല്‍ സഞ്ചാരികളെ ആകർഷിക്കുന്ന വിനോദകേന്ദ്രമായ ദുബായ് ഗ്ലോബല്‍ വില്ലേജ് സൗജന്യമായി സന്ദ‍ർശിക്കാനുളള അവസരമാണ് ഗ്ലോബല്‍ വില്ലേജുമായി ചേർന്ന് ജിഡിആർഎഫ്എ ഒരുക്കുന്നത്. വിസയിലും എൻട്രി സ്റ്റാമ്പിലുമുള്ള ഈ പ്രത്യേക ലോഗോ, യുഎഇയുടെ പ്രധാന സാംസ്കാരിക ആകർഷണമായ ഗ്ലോബൽ വില്ലേജ് ലക്ഷക്കണക്കിന് അന്തർദേശീയ സന്ദർശകർക്ക് പരിചയപ്പെടുത്താനാകുമെന്ന് ജനറൽ ഡയറക്ടറേറ്റ് അറിയിച്ചു.

പദ്ധതി പ്രഖ്യാപന ചടങ്ങിൽ ജി.ഡി.ആർ.എഫ്.എ ദുബായ് ഡയറക്ടർ ജനറൽ ലഫ്. ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി, ദുബായ് ഹോൾഡിംഗ് എന്‍റർടെയിൻമെന്‍റ് ഗ്ലോബൽ വില്ലേജ് സീനിയർ വൈസ് പ്രസിഡന്‍റായ സെയ്ന ദാഗർ, മാർക്കറ്റിങ് ആൻഡ് ഇവന്‍റ്സ് ഡയറക്ടർ സാറാ അൽ മുഹൈരി എന്നിവർ പങ്കെടുത്തു.

Related Stories

No stories found.
logo
The Cue
www.thecue.in