ദുബായ് ഗ്ലോബല്‍ വില്ലേജ് തുറന്നു, ആദ്യദിനം സന്ദർശകപ്രവാഹം

ദുബായ് ഗ്ലോബല്‍ വില്ലേജ് തുറന്നു, ആദ്യദിനം സന്ദർശകപ്രവാഹം

ദുബായ് ഗ്ലോബല്‍ വില്ലേജിന്‍റെ 28 മത് സീസണ് ബുധനാഴ്ച തുടക്കമായി. വൈകീട്ട് ആറുമണിമുതലാണ് ഗ്ലോബല്‍ വില്ലേജിലേക്ക് സന്ദർശകരെ പ്രവേശിപ്പിച്ച് തുടങ്ങിയത്. വൈകീട്ട് മൂന്നുമണിയോടെ തന്നെ ഗ്ലോബല്‍ വില്ലേജിലേക്ക് പ്രവേശിക്കുന്നതിനായി ആളുകള്‍ എത്തിത്തുടങ്ങിയിരുന്നു. കഴിഞ്ഞ സീസണില്‍ 90ലക്ഷം സന്ദർശകരാണ് ഗ്ലോബല്‍ വില്ലേജ് സന്ദർശിച്ചത്.

ഇന്ത്യയുള്‍പ്പടെയുളള രാജ്യങ്ങളുടെ 27 പവലിയനുകളും 3500 ലധികം ഷോപ്പിംഗ് ഔട്ട്ലെറ്റുകളും 250 ലധികം ഭക്ഷണശാലകളും ഇത്തവണ ഒരുക്കിയിട്ടുണ്ട്. ആഗോള വിനോദസഞ്ചാരകേന്ദ്രമെന്ന നിലയില്‍ ദുബായിലെ ഏറ്റവും പ്രധാനപ്പെട്ട ഇടമാണ് ഗ്ലോബല്‍ വില്ലേജെന്ന് ദുബായ് ഹോൾഡിംഗ് എന്‍റർടൈന്‍മെന്‍റ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ഫെർണാണ്ടോ ഇറോവ പറഞ്ഞു. കഴിഞ്ഞ വർഷങ്ങളിലേതുപോലെ തന്നെ ഇത്തവണയും നിരവധി വിനോദആകർഷണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഐന്‍ജാ, ഫ്യൂഷന്‍ ജപ്പാന്‍, ദോള്‍ ഫൗണ്ടേഷന്‍ ഉള്‍പ്പടെയുളളവരുടെ പ്രകടനങ്ങള്‍ 28 മത് സീസണെ വ്യത്യസ്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗ്ലോബല്‍ വില്ലേജ് സന്ദർശിക്കുന്നവർക്ക് ഓരോ തവണയും അവിസ്മരണീയ അനുഭവം നല്‍കുകകയെന്നുളളതാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് ഗ്ലോബല്‍ വില്ലേജ് സീനിയർ മാർക്കറ്റിംഗ് മാനേജർ മായാ അബ്ദുള്‍ ജൗദ് പറഞ്ഞു.

Maya Aboul Joud, Spokesperson, Global Village
Maya Aboul Joud, Spokesperson, Global Village

കുട്ടികള്‍ക്കായി പീറ്റർ റാബിറ്റും പിജെ മാസ്കുമുണ്ട്. ഡ്രാഗണ്‍ തടാകത്തില്‍ ലേസർ ഷോയും ലോകത്തെ ഏറ്റവും വലിയ അണ്ടർവാട്ടർ എല്‍ഇഡി സ്ക്രീനില്‍ വിസ്മയകരമായ പ്രദർശനങ്ങളും ഇത്തവണ ഒരുക്കിയിട്ടുണ്ട്. എല്ലാ വെളളി, ശനി ദിവസങ്ങളിലും രാത്രി 9 മണിക്ക് കരിമരുന്ന് പ്രയോഗവും ഒരുക്കിയിട്ടുണ്ട്. കാർണിവലില്‍ 195 റൈഡുകള്‍ കൂടാതെ റിപ്ലീസ് ബിലീവ് ഇറ്റ് ഓർ നോട്ടും കൗതുകകാഴ്ചയാകും.

ഞായർ മുതല്‍ ബുധന്‍വരെ വൈകീട്ട് നാലുമണിമുതല്‍ പുലർച്ചെ 12 വരെയാണ് ഗ്ലോബല്‍ വില്ലേജിന്‍റെ പ്രവർത്തനസമയം. വ്യാഴാഴ്ച മുതല്‍ ശനിയാഴ്ചവരെയും പൊതു അവധി ദിനങ്ങളിലും വൈകീട്ട് 4 മുതല്‍ പുലർച്ചെ ഒരു മണിവരെ ഗ്ലോബല്‍ വില്ലേജ് പ്രവർത്തിക്കും. പൊതു അവധി ദിനമല്ലാത്ത ചൊവ്വാഴ്ചകളില്‍ കുടുംബങ്ങള്‍ക്കും സ്ത്രീകള്‍ക്കും മാത്രമാണ് പ്രവേശനം അനുവദിക്കുക.

സന്ദർശകർക്ക് എത്തിച്ചേരാനുളള സൗകര്യം കണക്കിലെടുത്ത് ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റി അല്‍ നഹ്ദ ബസ് സ്റ്റേഷനില്‍ നിന്നും 107 നമ്പർ ബസ് സർവ്വീസ് ആരംഭിച്ചിട്ടുണ്ട്. നേരത്തെ പ്രഖ്യാപിച്ച നാല് ബസ് റൂട്ടുകള്‍ കൂടാതെയാണിത്. അല്‍ ഇത്തിഹാദ് ബസ് സ്റ്റേഷനില്‍ നിന്ന് ഓരോ 40 മിനിറ്റിലും അല്‍ ഗുബൈബ ബസ് സ്റ്റേഷനില്‍ നിന്ന് ഓരോ മണിക്കൂറിലും ഗ്ലോബല്‍ വില്ലേജിലേക്ക് ബസ് പുറപ്പെടും. മാള്‍ ഓഫ് എമിറേറ്റസ് ബസ് സ്റ്റേഷനില്‍ നിന്നും ഓരോ മണിക്കൂര്‍ ഇടവിട്ടായിരിക്കും സര്‍വീസ്.

ഗ്ലോബല്‍ വില്ലേജിലെ ടിക്കറ്റ് കൗണ്ടറില്‍ നിന്നും വാങ്ങുമ്പോള്‍ 25 ദിർഹമാണ് നിരക്ക്. പൊതു അവധി ദിനങ്ങളില്‍ ഒഴികെ ഞായറാഴ്ച മുതല്‍ വ്യാഴാഴ്ചവരെ ഈ ടിക്കറ്റുമായി ഗ്ലോബല്‍ വില്ലേജ് സന്ദർശിക്കാം. ഓണ്‍ലൈനിലൂടെയെടുക്കുമ്പോള്‍ 22.50 ദിർഹമാണ് നിരക്ക്. കഴിഞ്ഞതവണ ഗ്ലോബല്‍ വില്ലേജ് ടിക്കറ്റ് കൗണ്ടറില്‍ നിന്ന് 20 ദിർഹത്തിനും ഓണ്‍ലൈനില്‍ 18 ദിർഹത്തിനും ടിക്കറ്റുകള്‍ ലഭ്യമാക്കിയിരുന്നു.

പൊതു അവധി ദിനങ്ങളില്‍ ഉള്‍പ്പടെ എല്ലാ ദിവസവും സന്ദർശിക്കാന്‍ കഴിയുന്ന ടിക്കറ്റിന് 30 ദിർഹമാണ് നിരക്ക്. ഓണ്‍ലൈനിലൂടെ എടുക്കുമ്പോള്‍ 27 ദിർഹത്തിന് ലഭ്യമാകും. ഒരുതവണയാണ് ടിക്കറ്റില്‍ പ്രവേശനം അനുവദിക്കുക. മുതിർന്ന പൗരന്മാർ, മൂന്ന് വയസിന് താഴെയുളള കുട്ടികള്‍, നിശ്ചയദാർഢ്യക്കാർ എന്നിവർക്ക് പ്രവേശനം സൗജന്യമാണ്.

Related Stories

No stories found.
logo
The Cue
www.thecue.in