അവധിക്കാല ആഘോഷങ്ങളുമായി ദുബായ് സമ്മർ സർപ്രൈസിന് ജൂണ്‍ 27 ന് തുടക്കമാകും. ആഗസ്റ്റ് 31 വരെ നീണ്ടുനില്‍ക്കുന്ന 28 മത് പതിപ്പില്‍ പതിവുപോലെ ആഘോഷ പരിപാടികളും ഭക്ഷണവൈവിധ്യങ്ങള്‍ ആസ്വദിക്കാനുളള അവസരങ്ങളും ദുബായ് റീടെയ്ല്‍ ആന്‍റ് എസ്റ്റാബ്ലിഷ്മെന്‍റ് ഒരുക്കിയിട്ടുണ്ട്. ഡിഎസ് എസ് ഗഹ്വാ ബീറ്റ്സ്, 10 ദിർഹം വിഭവം എന്നതാണ് ഇത്തവണത്തെ പുതുമ. സമ്മർ റസ്റ്ററന്‍റ് വീക്ക്, ബീറ്റ് ദ ഹീറ്റ് ഡിഎക്സ് ബി, ഡിഎസ് എസ് എന്‍റർട്രെയിനർ, ഗ്രാന്‍റ് കണ്‍സേർട്ട്, ഡിസ്കൗണ്ട് വില്‍പന എന്നിവയും ഡിഎസ് എസിന്‍റെ ഭാഗമായി നടക്കും.
ജൂണ്‍ 27 മുതല്‍ 29 വരെയാണ് ഡിഎസ് എസ് ഓപണിങ് വീക്കെന്‍റ് ആഘോഷങ്ങള്‍ നടക്കുന്നത്. ദുബായ് ഫെസ്റ്റിവല്‍ സിറ്റി മാളില്‍ ജപ്പാനിലെ ഡാന്‍സ് സംഘമായ സബ്രിന, എമിറാത്തി ബാന്‍ഡ് അബ്രി ആന്‍റ് ബാന്‍റ്, പലസ്തീനിയന്‍ ജോർദാനിയന്‍ പോപ് ഗായിക റെയ്ന കൗറി, പലസ്തീനിയന്‍ ഗാനരചയിതാവും ഗായകനുമായ നോല്‍ കർമാന്‍ എന്നിവരെത്തും. മിർദിഫ് സിറ്റി സെന്‍ററില്‍ ജോർദ്ദാനിയന്‍ റോക്ക് ബാന്‍ഡ് ജദാല്‍ സിറിയന്‍ വോക്കലിസ്റ്റ് അല്‍ ഷമി എന്നിവരും ദുബായ് സമ്മർ സർപ്രൈസ് ആഘോഷമാക്കാനെത്തും. കൊക്ക കോള അരീന, ദുബായ് ഒപേര, തിയറ്റർ ബൈ ക്യൂ ഇ 2, ദുബായ് കോളേജ്, സബീല്‍ തിയറ്റർ, ദുബായ് വേള്‍ഡ് ട്രേഡ് സെന്‍റർ എന്നിവിടങ്ങളിലും പരിപാടികള്‍ നടക്കും.
ജൂണ്‍ 27 മുതലാണ് ഷോപ്പിങ് ആഘോഷങ്ങള്‍ ആരംഭിക്കുക. വലിയ വിലക്കുറവില്‍ 800 ലധിക ബ്രാന്‍ഡുകള്‍ ലഭ്യമാകും. 3000 റീടെയ്ലർമാർ 9 ആഴ്ച നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങളുടെ ഭാഗമാകും. ഡിഎസ് എസ് റാഫില്‍, ദുബായ് ഗോള്‍ഡ് ആന്‍റ് ജ്വല്ലറി ഗ്രൂപ്പ്, വീസ ജ്വല്ലറി പ്രോഗ്രാം എന്നീ റാഫിള്‍ ഡ്രോയും നടക്കും.
ജൂലൈ നാല് മുതല്‍ 13 വരെയാണ് ദുബായ് സമ്മർ റസ്റ്ററന്‍റ് വീക്ക്. 50 ലധികം റസ്റ്ററന്‍റുകളില്‍ സ്പെഷല്‍ ലഞ്ച്, ഡിന്നർ മെനു ഓപ്പണ്‍ ടേബിളിലൂടെ ബുക്ക് ചെയ്യാം. ജൂലൈ 26 , ഓഗസ്റ്റ് 2, 9, 16, 23 തീയതികളിലാണ് ഡിഎസ്എസ് ഗഹ്വാ ബീറ്റ്സ്. വൈവിധ്യമായ ഭക്ഷണരുചികള്‍ ആസ്വദിക്കാനാഗ്രഹിക്കുന്നവർക്ക് 10 ദിർഹത്തിന് വിഭവങ്ങള്‍ ലഭ്യമാക്കുന്ന 10 ദിർഹം ഡിഷ് ആഗസ്റ്റ് 1 മുതല്‍ 31 വരെ ലഭ്യമാകും. 100ലധികം ഹോട്ടലുകളില്‍ പാക്കേജുകളും ഫിറ്റ്നസ് പരിപാടികളും ഡിഎസ് എസിന്‍റെ ഭാഗമായി നടക്കും.ഡിഎസ് എസിന്‍റെ താരങ്ങളായ മോദേഷും ഡാനയും കുട്ടികള്‍ക്ക് ആവേശം പകർന്ന് വേനല്‍ക്കാല ഉത്സവങ്ങളില്‍ സജീവ സാന്നിദ്ധ്യമാകും.