
ജീവനക്കാരിൽ കായിക മനോഭാവവും ആരോഗ്യകരമായ ജീവിതശൈലിയുമൊരുക്കുന്നതിനായി ജി.ഡി.ആർ.എഫ്.എ ദുബായ് (ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്‍റിറ്റി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ്) ആദ്യമായി വെർച്വൽ സൈക്കിളിങ് റേസ് സംഘടിപ്പിച്ചു. വെർച്വൽ സൈക്ലിങ് പ്ലാറ്റ്‌ഫോമായ മൈഹൂഷുയുടെ സഹകരണത്തോടെയായിരുന്നു മത്സരം. ജനറൽ ഡയറക്ടറേറ്റിന്‍റെ മുഖ്യ കാര്യാലയത്തിലാണ് ആവേശകരമായ മത്സരങ്ങൾ നടന്നത്. മേധാവി ലഫ്. ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറി, ഉപമേധാവി മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ അടക്കമുള്ള ഉദ്യോഗസ്ഥർ മത്സരങ്ങൾ കാണാൻ എത്തി.
ജീവനക്കാരുടെ സജീവ പങ്കാളിത്തം ഉറപ്പുവരുത്തിയ ഈ കായികപരിപാടി, ആധുനിക സാങ്കേതികവിദ്യയും കായികവിനോദവും സമന്വയിപ്പിച്ച വേറിട്ട അനുഭവമായി. മത്സരാർത്ഥികൾക്ക് വെർച്വൽ റിയാലിറ്റി വഴിയുള്ള സൈക്കിൾ റൈഡിംഗിലൂടെ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലെ സൈക്ലിങ് ട്രാക്കുകളിൽ സഞ്ചരിക്കുന്ന അനുഭവം ലഭിച്ചു. ശാരീരികക്ഷമത വർധിപ്പിക്കൽ, സൗഹൃദപരമായ മത്സരാഭാവം വളർത്തൽ, മാനസിക ഉല്ലാസം ഉറപ്പാക്കൽ എന്നിവയാണ് പരിപാടിയുടെ പ്രധാന ലക്ഷ്യങ്ങൾ.ജീവനക്കാരുടെ ക്ഷേമവും ആരോഗ്യപരമായ അന്തരീക്ഷവും ഉറപ്പാക്കുന്നതിനായി ഇനിയും ഇത്തരം നൂതന പരിപാടികൾ സംഘടിപ്പിക്കുമെന്നും ജി.ഡി.ആർ.എഫ്.എ അധികൃതർ വ്യക്തമാക്കി.