ജിഡിആർഎഫ്എ ദുബായ് എമിറാത്തി വനിതാ ദിനം ആചരിച്ചു

ജിഡിആർഎഫ്എ ദുബായ് എമിറാത്തി വനിതാ ദിനം ആചരിച്ചു

ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിൻ അഫയേഴ്‌സ് വൈവിധ്യമായ പരിപാടികളോടെ എമിറാത്തി വനിതാ ദിനം ആചരിച്ചു. യുദ്ധവിമാനം പറത്തിയ ആദ്യ എമിറാത്തി വനിതാ കേണൽ പൈലറ്റ് മറിയം ഹസൻ അൽ മൻസൂരി, വ്യോമയാന രംഗത്തെ അനുഭവങ്ങള്‍ പങ്കുവച്ച മുഖാമുഖം പരിപാടി വകുപ്പിലെ ദിനാചരണ ചടങ്ങ് വേറിട്ടതാക്കി.യു.എ.ഇ വികസന വകുപ്പ് മന്ത്രി ഒഹൂദ് അൽ റൗമി, ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിൻ അഫയേഴ്‌സ് ഡയറക്ടർ ജനറൽ ലഫ്റ്റനന്‍റ് ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു.

എല്ലാവർഷവും ഓഗസ്റ്റ് 28നാണ് എമിറാത്തി വനിതാ ദിനം ആചരിക്കുന്നത്. സ്ത്രീകളുടെ ഉന്നമനത്തിലും ലിംഗസമത്വത്തിലും രാജ്യം നേടിയ പുരോഗതിയുടെ ആഘോഷമാണ് എമിറാത്തി വനിതാ ദിനാചരണം. സ്ത്രീകളുടെ ഉയർച്ചക്കും അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമായി യുഎഇ വിവിധ പദ്ധതികൾ ആവിഷ്കരിച്ചിരുന്നു. കൂടാതെ പുതിയ നിയമനിർമ്മാണങ്ങളും നടത്തിയിരുന്നു. ഇവയെല്ലാം സ്ത്രീ ശാക്തീകരണത്തിന് കരുത്ത് നൽകി. ഇന്ന് രാജ്യത്തിന് അഭിമാനിക്കാവുന്ന നേട്ടങ്ങൾ കൈവരിച്ച് മുന്നേറുകയാണ് സ്ത്രീകൾ.

എല്ലാ മേഖലകളിലും സ്ത്രീകളുടെ സംഭാവനകളെ അംഗീകരിക്കേണ്ടതിന്‍റെ പ്രാധാന്യം എടുത്തുപറഞ്ഞ ലഫ്റ്റനന്‍റ് ജനറൽ സമത്വത്തിന്‍റെയും പരസ്പര ബഹുമാനത്തിന്‍റെയും മൂല്യങ്ങൾ ശക്തിപ്പെടുത്തുന്നതിനൊപ്പം ജീവനക്കാർക്കിടയിൽ നല്ല ബന്ധങ്ങളും ടീം വർക്കുകളും വളർത്തുന്നതിനുള്ള ഡയറക്ടറേറ്റിന്‍റെ ശ്രമങ്ങളുമായി വകുപ്പിന്‍റെ ദിനാചരണ പരിപാടി യോജിപ്പിച്ചതായി അദ്ദേഹം പറഞ്ഞു

സ്ത്രീ ജീവനക്കാരെ ശാക്തീകരിക്കുന്നതിനായി ദുബായ് റെസിഡൻസിയിൽ "എമിറാത്തി വിമൻസ് സിറ്റി" എന്ന പേരിൽ പ്രത്യേക പവലിയൻ സ്ഥാപിച്ചിരുന്നു. ഷോപ്പിംഗ്, ഫോട്ടോഗ്രാഫി, ബ്യൂട്ടി എന്നിങ്ങനെയുള്ള വിവിധ കൗണ്ടറുകൾ സ്ത്രീകളുടെ പരിശ്രമങ്ങളെയും റോളുകളെയും പിന്തുണയ്ക്കാൻ ലക്ഷ്യമിട്ടുള്ള വേദികളായി.ചടങ്ങിൽ മികവാർന്ന പ്രവർത്തനങ്ങൾ നടത്തിയ വനിതാ ജീവനക്കാർക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.

Related Stories

No stories found.
logo
The Cue
www.thecue.in