ഷെർലക് ഹോംസ് പ്രദർശനം മുതല്‍ കുക്കറി ഷോ വരെ, വൈവിധ്യമാർന്ന പരിപാടികളൊരുക്കി വായനോത്സവം

ഷെർലക് ഹോംസ് പ്രദർശനം മുതല്‍ കുക്കറി ഷോ വരെ, വൈവിധ്യമാർന്ന പരിപാടികളൊരുക്കി വായനോത്സവം
Published on

കുട്ടികള്‍ക്കും മുതിർന്നവർക്കും അറിവിന്‍റെയും പുസ്തകങ്ങളുടെയും പുതിയ ലോക തുറക്കുകയാണ് എക്സ്പോ സെന്‍റററില്‍ നടക്കുന്ന വായനോത്സവം. പാചക ക്ലാസുകള്‍ മുതല്‍ ഷെർലക് ഹോംസ് പ്രദർശനം വരെ ഇവിടെ കാണാം. വായനോത്സവത്തിന്‍റെ 16 മത് എഡിഷന്‍ മെയ് നാല് വരെയാണ് നടക്കുക. പ്രവേശനം സൗജന്യമാണ്.

എല്ലാത്തവണത്തേയും പോലെ ഇത്തവണയും കുട്ടികള്‍ക്കായി എല്ലാം ഒരുക്കിയിട്ടുണ്ടെന്ന് ഷാര്‍ജാ ബുക്ക് അതോറിറ്റി എക്സ്റ്റേണല്‍ അഫയേഴ്സ് എക്സിക്യൂട്ടീവ് പി.വി മോഹന്‍കുമാര്‍ പറഞ്ഞു. എഴുത്തുകാരുമായി സംവദിക്കാനുളള അവസരവും വായനോത്സവം തരുന്നു.ആനിമേഷന്‍ കോണ്‍ഫറന്‍സ് മെയ് 1 മുതലാണ് ആരംഭിക്കുന്നത്. പരീക്ഷാകാലമല്ല, അതുകൊണ്ടുതന്നെ കുട്ടികള്‍ കൂടുതലായി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മോഹന്‍കുമാർ പറഞ്ഞു. കുട്ടികള്‍ക്കായി നിരവധി പരിപാടികളുണ്ട്. പ്രവേശനം സൗജന്യമാണെന്നുളളതുകൊണ്ടുതന്നെ എല്ലാവർക്കും ഒരുപോലെ ആസ്വദിക്കാനാകും. മാതാപിതാക്കളോടെ പറയാനുളളത് കുട്ടികളുമായി വായനോത്സവത്തിലേക്ക് വരണം എന്നുതന്നെയാണ്, അദ്ദേഹം പറയുന്നു.

പി.വി മോഹന്‍കുമാര്‍
പി.വി മോഹന്‍കുമാര്‍

കുട്ടികള്‍ക്കായി 600 വർക്ക് ഷോപ്പുകളാണ് ഇത്തവണ ഒരുക്കിയിട്ടുളളത്. 11 രാജ്യങ്ങളില്‍ നിന്നുളള 22 അതിഥികള്‍ വായനോത്സവത്തില്‍ സജീവമായുണ്ടാകും. ഈ വർഷത്തെ പ്രധാന ആകർഷണങ്ങളില്‍ ഒന്നാണ് ഷെർലക് ഹോംസിന്‍റെ പ്രദർശനം. ലോകപ്രശസ്ത കുറ്റാന്വേഷകനായ ഷെർലക് ഹോംസിന്‍റെ പുസ്തകങ്ങളിലൂടെയും ഒപ്പം വായിച്ചറിഞ്ഞ രംഗങ്ങളിലൂടെയുമുളള യാത്രയുമാണ് ഷെർലക് ഹോംസ് പ്രദർശനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുളളത്.ഷെർലക് ഹോംസ് സിനിമകൾക്ക് ഉപയോഗിച്ച വാഹനമടക്കമുള്ള വസ്തുക്കളും ഇവിടെ കാണാം. വിവിധ തരത്തിലുളള കളികളിലൂടെയും അന്വേഷണങ്ങളിലൂടെയുമുളള സഞ്ചാരം കുട്ടികള്‍ക്ക് ഏറെ ഇഷ്ടമാകുമെന്നാണ് വിലയിരുത്തല്‍.

ഭവ്യയും കുടുംബവും വായനോത്സവത്തില്‍
ഭവ്യയും കുടുംബവും വായനോത്സവത്തില്‍

ആദ്യമായാണ് ആന്ധ്രപ്രദേശ് സ്വദേശിനിയായ ഭവ്യ വായനോത്സവത്തിലെത്തുന്നത്. വായനോത്സവം ഏറെ ഇഷ്ടപ്പെട്ടുവെന്ന് ഭവ്യ പറഞ്ഞു. മകന്‍ അഖിലിന് വായന ഇഷ്ടമാണ്. അതുകൊണ്ടാണ് ആദ്യദിവസം തന്നെ വായനോത്സവത്തിന് എത്തിയത്. വർക്ക് ഷോപ്പുകളിലും പങ്കെടുക്കാന്‍ ഇഷ്ടമാണ് എട്ടാം ക്ലാസില്‍ പഠിക്കുന്ന അഖില്‍ പറഞ്ഞു. നിരവധി പുസ്തകങ്ങളും വാങ്ങിയാണ് ഭവ്യയും കുടുംബവും മടങ്ങിയത്.

തിങ്കള്‍ മുതല്‍ വ്യാഴം വരെ രാവിലെ 9 മുതല്‍ രാത്രി 8 വരെയാണ് എക്സ്പോ സെന്‍ററില്‍ വായനോത്സവം നടക്കുക. വെളളിയാഴ്ച ഉച്ചയ്ക്ക് ശേഷം 4 മണിക്കാണ് പ്രവേശനം. ശനി ഞായർ ദിവസങ്ങളില്‍ രാവിലെ 9 മുതല്‍ രാത്രി 9 മണിവരെയാണ് വായനോത്സവം നടക്കുക.

Related Stories

No stories found.
logo
The Cue
www.thecue.in